നാഷനല്‍ ഡിഫന്‍സ് കോളജും ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററും ഭീകരരുടെ ലക്ഷ്യമെന്ന് ഹെഡ്‌ലി

26-11-mumbai-attack-759മുംബൈ: ഡല്‍ഹിയിലെ നാഷനല്‍ ഡിഫന്‍സ് കോളജും മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററും ലശ്കറെ ത്വയ്യിബയുടെ ഭാവി ആക്രമണ ലക്ഷ്യങ്ങളാണെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ബാര്‍ക് സന്ദര്‍ശിച്ച് വിഡിയോയില്‍ പകര്‍ത്തി ഐ.എസ്.ഐയുടെ മേജര്‍ ഇഖ്ബാലിനും ലശ്കറിന്റെ സാജിദ് മീറിനും നല്‍കിയതായും കുറ്റസമ്മതമൊഴിയില്‍ ഹെഡ്‌ലി വെളിപ്പെടുത്തി.

ഡല്‍ഹിയിലെ നാഷനല്‍ ഡിഫന്‍സ് കോളജ് സന്ദര്‍ശിച്ചെങ്കിലും വിഡിയോ പകര്‍ത്താന്‍ കഴിഞ്ഞില്ലന്ന് ഹെഡ്‌ലി പറഞ്ഞു. 2007ല്‍ സാജിദ് മീറിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. നാഷനല്‍ ഡിഫന്‍സ് കോളജ് ആക്രമിക്കാനായാല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ കഴിയുന്നതിനെക്കാള്‍ ഇന്ത്യന്‍ സൈനികരെ വധിക്കാനാകുമെന്ന് അബ്ദുറഹ്മാന്‍ പാഷയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കഴിയുന്ന ഇടമായതിനാല്‍ അവിടം ആക്രമിക്കുന്നത് വലിയ കാര്യമാകുമെന്ന് ഇല്യാസ് കശ്മീരിയും പറഞ്ഞു. ഭാവിയില്‍ ആക്രമണം നടത്താനായി 2009 ഫെബ്രുവരിയില്‍ നാഷനല്‍ ഡിഫന്‍സ് കോളജ് സന്ദര്‍ശിച്ച് വിഡിയോ പകര്‍ത്താന്‍ ഇല്യാസ് കശ്മീരി ആവശ്യപ്പെട്ടു.

ബാര്‍ക്കില്‍ ഐ.എസ്.ഐക്ക് ചാരന്മാരെ കണ്ടത്തൊന്‍ മേജര്‍ ഇക്ബാലും നിര്‍ദേശിച്ചു. മുംബൈ വിമാനത്താവളം ആക്രമണത്തിന് തെരഞ്ഞെടുക്കാത്തതില്‍ ലശ്കറെ ത്വയ്യിബ നേതാക്കള്‍ നിരാശ പ്രകടിപ്പിച്ചതായും ഹെഡ്‌ലി മൊഴിനല്‍കി. വിമാനത്താവളവും കൊളാബയിലെ നാവികകേന്ദ്രവും ആക്രമിക്കാന്‍ അവര്‍ക്കു താല്‍പര്യമുണ്ടായിരുന്നു. വിമാനത്താവളം ഉചിതകേന്ദ്രമല്ലന്ന് മേജര്‍ ഇക്ബാല്‍ പറഞ്ഞു. അതീവ സുരക്ഷയിലുള്ള നാവികസേനാ കേന്ദ്രവും സിദ്ധിവിനായക ക്ഷേത്രവും ലക്ഷ്യംവെക്കുന്നത് പ്രതികൂലമാകുമെന്ന് വിലക്കിയത് താനാണ്. നരിമാന്‍ ഹൗസ് സന്ദര്‍ശിക്കാന്‍ അബ്ദുറഹ്മാന്‍ പാഷയാണ് പറഞ്ഞത്.

പാക് മണ്ണില്‍ ഇന്ത്യ നടത്തിയ എല്ലാ സ്ഫോടനങ്ങള്‍ക്കുമുള്ള മറുപടിയാണ് മുംബൈ ആക്രമണമെന്നാണ് സകിയുര്‍റഹ്മാന്‍ ലഖ്വി പറഞ്ഞത്. കസബടക്കം 10 ഭീകരരും ഉപയോഗിച്ചത് ഇന്ത്യന്‍ സിംകാര്‍ഡുകളാണ്. അതിലേക്കാണ് കറാച്ചിയില്‍നിന്ന് നിര്‍ദേശങ്ങള്‍ നല്‍കിയത്. മുമ്പ് അതിലൊരു സിം കാര്‍ഡ് തന്ന് വാഗാ അതിര്‍ത്തിയില്‍ നെറ്റ്‌വര്‍ക് കിട്ടുമോ എന്ന് പരിശോധിക്കാന്‍ ലശ്കറെ നേതാവ് സാജിദ് മീര്‍ ആവശ്യപ്പെട്ടിരുന്നു.

കറാച്ചിയിലെ കണ്‍ട്രോള്‍ റൂം കണ്ടിട്ടില്ല. ആക്രമിക്കാന്‍ ചെല്ലുന്നവര്‍ കൈയില്‍ കാവിച്ചരട് കെട്ടണമെന്നു പറഞ്ഞത് താനാണ്. അതിനായി സിദ്ധിവിനായക് ക്ഷേത്ര പരിസരത്തുനിന്ന് കാവിയും ചുമപ്പും നിറമുള്ള 20 ഓളം ചരടുകള്‍ വാങ്ങിക്കൊടുത്തു. കോടതിയില്‍ കസബിന്റെ ഫോട്ടോ തിരിച്ചറിഞ്ഞ ഹെഡ്‌ലി അവനെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് പറഞ്ഞത്. കസബ് പിടിയിലായ വാര്‍ത്ത അറിഞ്ഞപ്പോള്‍ ലശ്കര്‍ ക്യാമ്പില്‍ എല്ലാവര്‍ക്കും നിരാശയുണ്ടായി. മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ട്, കായിക പരിശീലകന്‍ വിലാസ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പൊതു സമ്പര്‍ക്ക സെക്രട്ടറി രാജാറാം രെഗെ എന്നിവരുമായി സൗഹൃദം സ്ഥാപിച്ചതും ഹെഡ്‌ലി വിദശദീകരിച്ചു. രാജാറാം രെഗെയുമായി സൗഹൃദം കൂടാന്‍ സാജിദ് മീറാണ് ആവശ്യപ്പെട്ടത്. ശിവസേനാ ഭവനിലാണ് അദ്ദേഹത്തെ കണ്ടത്. ഭാവിയില്‍ ശിവസേന ഭവനും താക്കറെയും ലശ്കറിന്റെ ലക്ഷ്യമാകുമെന്ന് കരുതി ശിവസേന ഭവന്‍ വിഡിയോയില്‍ പകര്‍ത്തിയതായും ഹെഡ്‌ലി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment