നിര്‍ണായക വിഷയത്തില്‍ മൗനം പാലിച്ച് നവകേരള മാര്‍ച്ചിന് സമാപനം

Nava kerala march ends

തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള വിവാദം കത്തിനില്‍ക്കേ, വിവാദ വിഷയത്തില്‍ മൗനം പാലിച്ചും കോണ്‍ഗ്രസിനെ കഠിനമായി വിമര്‍ശിച്ചും പിണറായി വിജയന്റെ ‘നയപ്രഖ്യാപനം’. പിണറായി വിജയന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ദേശീയതലത്തില്‍ സമ്മര്‍ദം രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പിണറായി വിജയന്‍ എന്തുപറയുന്നു എന്ന കാര്യം ഏവരും ഉറ്റുനോക്കിയിരുന്നു. വി.എസ് അച്യുതാനന്ദന്‍ കോണ്‍ഗ്രസ് ധാരണക്ക് പരോക്ഷമായി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചു. എന്നാല്‍, രാഷ്ട്രീയകേന്ദ്രങ്ങളെ നിരാശപ്പെടുത്തി പിണറായി ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയില്ല. കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം ചര്‍ച്ചചെയ്യാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ചൊവ്വാഴ്ച ചേരുകയാണ്.

നവകേരള മാര്‍ച്ചിന് ഉജ്ജ്വല സമാപനമാണ് പാര്‍ട്ടി ഒരുക്കിയത്. കഴിഞ്ഞദിവസം അന്തരിച്ച സംഘാടകസമിതി ചെയര്‍മാനായിരുന്ന കവി ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചാണ് സമാപന സമ്മേളനം ആരംഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ജനുവരി 15ന് കാസര്‍കോട്ട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പുതന്നെ ജില്ലയില്‍നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിന് അനുഭാവികള്‍ ശംഖ്മുഖത്തേക്ക് ഒഴുകിയത്തെുകയായിരുന്നു. അഞ്ച് മണിയോടെ എത്തിയ ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയനെ തുറന്ന ജീപ്പിലാണ് പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചത്.

തുടര്‍ന്ന് 1500 ഓളം വരുന്ന ചുവപ്പ് വളണ്ടിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ജാഥാ അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ്, പി.കെ. സൈനബ, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, കെ.ടി. ജലീല്‍ എന്നിവരെയും ആനയിച്ചു. തുടര്‍ന്ന് 14 നിയോജക മണ്ഡങ്ങളെയും പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന് സ്വീകരണവും നല്‍കി.

സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തുടക്കംകുറിക്കുന്നതായിരുന്നു സമാപന സമ്മേളനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പുറമെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പി.ബി അംഗങ്ങളായ പിണറായി വിജയന്‍, എം.എ. ബേബി, എസ്. രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു.

Print Friendly, PDF & Email

Leave a Comment