കൊച്ചി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് ജില്ലാ കണ്‍വെന്‍ഷനുകള്‍ ഈമാസം 29ന് ആരംഭിക്കുമെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന് അറിയിച്ചു. കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായാലുടന്‍ ഓരോ ജില്ലയിലും രണ്ട് പ്രധാന സ്ഥലങ്ങളില്‍ വന്‍പൊതുയോഗങ്ങള്‍ നടത്തി സര്‍ക്കാറിന് എതിരായ ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് വിശദീകരിക്കും.
പ്രകടനപത്രിക രൂപവത്കരിക്കുന്നതിന് മുമ്പായി പൊതുജനങ്ങളില്‍ നിന്നും ബഹുജന സംഘടനകളില്‍ നിന്നും അഭിപ്രായം തേടും. ഫെബ്രുവരി 29ന് രാവിലെ കാസര്‍കോട്, ഉച്ചക്ക് കണ്ണൂര്‍, മാര്‍ച്ച് രണ്ടിന് രാവിലെ തിരുവനന്തപുരം, ഉച്ചക്ക് കൊല്ലം, മൂന്നിന് രാവിലെ വയനാട്, ഉച്ചക്ക് കോഴിക്കോട്, നാലിന് രാവിലെ മലപ്പുറം, ഉച്ചക്ക് പാലക്കാട്, അഞ്ചിന് രാവിലെ പത്തനംതിട്ട, ഉച്ചക്ക് കോട്ടയം, ആറിന് രാവിലെ ആലപ്പുഴ, ഉച്ചക്ക് തൃശൂര്‍, എട്ടിന് രാവിലെ എറണാകുളം, ഉച്ചക്ക് ഇടുക്കി എന്നിങ്ങനെയാണ് കണ്‍വെന്‍ഷനുകള്‍ നടക്കുക.
പ്രകടനപത്രിക രൂപപ്പെടുത്തുന്നതിനുള്ള ബഹുജന അഭിപ്രായം ശേഖരിക്കുന്നത് മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്താണ് നടക്കുക. അന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണിവരെ വിവിധ സംഘടനകളില്‍ നിന്നുള്ള അഭിപ്രായ ശേഖരണം നടക്കും. വിദ്യാര്‍ഥി സംഘടനകള്‍, അധ്യാപക സംഘടനകള്‍, കര്‍ഷക സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രേഖാമൂലമോ വാക്കാലോ അഭിപ്രായം അറിയിക്കാം. പ്രകടനപത്രിക രൂപവത്കരിക്കുമ്പോള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയും പരിഗണിക്കും.
കഴിഞ്ഞ തവണത്തെ പ്രകടനപത്രികയില്‍ വാഗ്ദാനംചെയ്ത കാര്യങ്ങളില്‍ ഇനിയും പൂര്‍ത്തിയാക്കാത്തവ പൂര്‍ത്തിയാക്കുന്നതിനും ഇനിയും തുടങ്ങിവെക്കാത്തവക്ക് തുടക്കം കുറിക്കാനും പ്രത്യേകം ശ്രദ്ധിക്കും. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് തന്നെയാണ് തങ്ങളുടെ വിലയിരുത്തല്‍. ജനം സമാധാനവും മതസഹിഷ്ണുതയും വികസനവുമാണ് ആഗ്രഹിക്കുന്നത്. യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന വിശ്വാസവുമുണ്ട്.
ഇടതുമുന്നണി എല്ലാ വികസനങ്ങളെയും തുരങ്കം വെക്കുന്നവരാണ്. അവര്‍ അധികാരത്തിലത്തെിയാല്‍ കേരളമൊട്ടാകെ കണ്ണൂര്‍ ആവര്‍ത്തിക്കും. ബി.ജെ.പിയാകട്ടെ മതസഹിഷ്ണുത തകര്ക്കുന്നവരുമാണ്. കേരളത്തില്‍ ജയിക്കുക എന്നത് അവരുടെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply