പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിക്ക് ജാമ്യമില്ല

sar_geelaniന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര്‍. ഗീലാനിക്ക് ജാമ്യം അനുവദിച്ചില്ല. സര്‍ക്കാറിനെതിരെ വിദ്വേഷമുണ്ടാക്കിയെന്ന കുറ്റം ചുമത്തിയ ഗീലാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ഏതാനും വാര്‍ത്താചാനലുകള്‍ നല്‍കിയ ക്ലിപ്പിങ്ങും ഒരു സി.സി.ടി.വി ദൃശ്യവും കാണിച്ചാണ് ഗീലാനിയെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. സതീഷ് താംത വാദിച്ചു. പ്രസ് ക്ലബില്‍ ഗീലാനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലന്നും മുഴക്കിയവരോട് അരുതെന്നു പറയുകയാണ് ചെയ്തതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

എന്നാല്‍, ഗീലാനി അന്വേഷണവുമായി സഹകരിക്കുന്നില്ലന്നും പ്രസ് ക്ലബ് ബുക് ചെയ്യാന്‍ സംഘാടകരെ സഹായിച്ചത് ഗീലാനിയാണെന്നും ഡല്‍ഹി പൊലീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. കുറ്റം ഗൗരവമേറിയതാണെന്നും ജാമ്യം നല്‍കിയാല്‍ ഗീലാനി അന്വേഷണത്തെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കുമെന്നും ഡല്‍ഹി പൊലീസ് വാദിച്ചു. ഇതേതുടര്‍ന്ന് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഡല്‍ഹി പ്രസ് ക്ലബില്‍ ഫെബ്രുവരി 10ന് ഗീലാനി സംസാരിച്ച പരിപാടിയില്‍ ഒരു വിഭാഗം ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നു പറഞ്ഞാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മറ്റു മൂന്നു പേരോടൊപ്പം ഗീലാനിയും വേദിയിലിരിക്കേ അഫ്സല്‍ ഗുരുവിന് അനുകൂലമായി ചിലര്‍ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment