ജാമ്യത്തിനായി ഹൈകോടതിയില്‍ പോകാന്‍ കനയ്യയോട് സുപ്രീംകോടതി

Kanayya Kumar attack at courtന്യൂഡല്‍ഹി: ജാമ്യാപേക്ഷ സുപ്രീംകോടതി തന്നെ പരിഗണിക്കണമെന്ന കനയ്യ കുമാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കീഴ്കോടതിയില്‍ പോകാതെ കനയ്യ കുമാറിന്റെ ജാമ്യപേക്ഷ പരിഗണിക്കില്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്ന് കനയ്യയുടെ ജാമ്യഹരജി പരിഗണിക്കാന്‍ സുപ്രീംകോടതി ഡല്‍ഹി ഹൈകോടതിക്ക് നിര്‍ദേശംനല്‍കി.

ഈ ഹരജി പരിഗണിച്ചാല്‍ പുതിയ കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കുമെന്നും പിന്നീട് എല്ലാവരും കീഴ്കോടതികളിലേക്ക് പോകാതെ സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടാകുമെന്നും പറഞ്ഞാണ് ഹൈകോടതിയിലേക്ക് ജാമ്യാപേക്ഷയുമായി പോകാന്‍ കനയ്യയുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടത്.

സുപ്രീംകോടതി ഉത്തരവിനുശേഷവും അസാധാരണമാംവിധം നീതിനിര്‍വഹണ സംവിധാനം തകര്‍ന്ന സാഹചര്യത്തിലാണ് ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം ജാമ്യംതേടി പരമോന്നത കോടതിയെ സമീപിക്കുന്നതെന്ന് കനയ്യക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ രാജു രാമചന്ദ്രന്‍, രാജീവ് ധവാന്‍, സോളി സൊറാബ്ജി, വൃന്ദാ ഗ്രോവര്‍ എന്നിവര്‍ വാദിച്ചെങ്കിലും ജസ്റ്റിസുമാരായ ചെലമേശ്വറും സപ്രെയും സ്വീകരിച്ചില്ല. 438ാം അനുച്ഛേദമനുസരിച്ച് കീഴ്കോടതിയില്‍ പോയശേഷം സുപ്രീംകോടതി അപേക്ഷ പരിഗണിച്ചാല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു.

ഡല്‍ഹി ഹൈകോടതി പട്യാല ഹൗസ് കോടതി പോലെയല്ലന്നും പൊലീസ് മതിയായ സംരക്ഷണം നല്‍കുമെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്‍െറ വാദം. ഈ വാദം അംഗീകരിച്ചാണ് കനയ്യയോട് ജാമ്യത്തിന് ഹൈകോടതിയില്‍ പോകാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

Print Friendly, PDF & Email

Leave a Comment