ജാട്ട് പ്രക്ഷോഭം കത്തുന്നു; വെടിവെപ്പില്‍ ഒരുമരണം; മന്ത്രിയുടെ വീട് കത്തിക്കാന്‍ ശ്രമം

Jatt protest at Haryanaഹരിയാന: ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന സംവരണപ്രക്ഷോഭം അക്രമാസക്തമായി. റോത്തക്കില്‍ സമരക്കാരെ നേരിട്ട പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ധനമന്ത്രി അഭിമന്യുവിന്റെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. പൊലീസിന്റെതടക്കം നിരവധി വാഹനങ്ങള്‍ തീവെക്കുകയും തകര്‍ക്കുകയും ചെയ്തു. റോത്തക്, ഭിവാനി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിന് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചതിനുപുറമെ സൈന്യത്തെയും വിളിച്ചു. പ്രക്ഷോഭം തണുപ്പിക്കാന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തിറങ്ങി. സംവരണത്തിന് നിയമസഭയില്‍ ബില്ല് കൊണ്ടുവരാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

ഉദ്യോഗത്തിലും വിദ്യാലയ പ്രവേശത്തിലും സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണ ക്വോട്ട ഉയര്‍ത്തി നിശ്ചയിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സമരക്കാര്‍ ദേശീയപാതയും റെയില്‍പാതയും ഉപരോധിക്കുന്നതിനാല്‍ ജില്ലകളില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഹരിയാനയിലൂടെ കടന്നുപോകുന്ന 124 യാത്രാ ട്രെയ്നുകളുടെയും 500ഓളം ചരക്ക് ട്രെയ്നുകളുടെയും സര്‍വിസിനെ സമരം ബാധിച്ചു. ഇതുവഴി 200 കോടി രൂപയുടെ നഷ്ടമുണ്ടായതായി റെയില്‍വേ മന്ത്രാലയം അധികൃതര്‍ പറഞ്ഞു. അന്തര്‍സംസ്ഥാന ബസ് സര്‍വിസുകളും മുടങ്ങി.

ഡല്‍ഹി-ഹിസാര്‍ ദേശീയപാതയിലെ റോത്തക്ക് ബൈപാസില്‍ തടിച്ചുകൂടിയ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ബലംപ്രയോഗിച്ചതോടെ സമരക്കാര്‍ അക്രമാസക്തരായി. കോളജ് വിദ്യാര്‍ഥികളടക്കം 5000ത്തോളം വരുന്ന യുവാക്കളാണ് പൊലീസിനെ നേരിട്ടത്. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് ധനമന്ത്രിയുടെ സ്വകാര്യവസതിക്ക് തീവെക്കാന്‍ ശ്രമംനടന്നത്. കാറുകള്‍ക്ക് തീയിട്ടു. മന്ത്രി ചണ്ഡിഗഢിലായിരുന്നു. കുടുംബാംഗങ്ങളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.

പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ മൊബൈല്‍ ഫോണ്‍ എസ്.എം.എസ് സന്ദേശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റും വിലക്കി. പല ജില്ലകളിലും വിദ്യാലയങ്ങള്‍ അടച്ചിരിക്കുകയാണ്. പാലും പച്ചക്കറിയും വരെ കിട്ടാത്തവിധം കടകള്‍ അടഞ്ഞുകിടക്കുന്നു.

Print Friendly, PDF & Email

Leave a Comment