പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കണമെന്ന് രാഷ്ട്രപതി, വിവാദ വിഷയങ്ങളില്‍ മൗനം

parliament session begins Pranab comesന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമായി. വിവാദ വിഷയങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെയായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നിരാശ പ്രകടിപ്പിച്ചു.

എല്ലാവരുടെയും വികസനത്തിനായി എല്ലാവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുകയാണ് 21 മാസമായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രസംഗത്തില്‍ പറഞ്ഞു. വിലക്കയറ്റം, വിദ്യാര്‍ഥി പ്രക്ഷോഭം, കര്‍ഷക ആത്മഹത്യ, ജാട്ട് പ്രക്ഷോഭം തുടങ്ങിയവയുടെ കാര്യത്തില്‍ രാഷ്ട്രപതി മൗനം പാലിച്ചു.

പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന സാഹചര്യമൊഴിവാക്കി, പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ക്രിയാത്മകമാക്കാന്‍ രാഷ്ട്രപതി ആഹ്വാനം ചെയ്തു. ബജറ്റ് കര്‍ഷകപ്രിയമാക്കാന്‍ ശ്രമിക്കും. ഈ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്ക് പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍ 1.78 ലക്ഷം ജനവാസ കേന്ദ്രങ്ങളിലേക്ക് മെച്ചപ്പെട്ട റോഡ് ഉണ്ടാക്കുമെന്നാണ് വാഗ്ദാനം. 29 ഇലക്ട്രോണിക് സാമഗ്രി നിര്‍മാണ സമുച്ചയങ്ങള്‍ രാജ്യത്ത് വികസിപ്പിച്ചു വരുന്നു. ചെറുകിട പട്ടണങ്ങളുമായുള്ള സമ്പര്‍ക്കം മെച്ചപ്പെടുത്തുന്ന വിധം പുതിയ വ്യോമയാന നയം ആവിഷ്ക്കരിക്കുകയാണ്. നാണ്യപ്പെരുപ്പം, ധനക്കമ്മി, വരുമാനക്കമ്മി എന്നിവ കുറച്ചതായും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ അവകാശപ്പെട്ടു.

വലിയ നിരാശയാണ് രാഷ്ട്രപതിയുടെ പ്രസംഗം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. നിര്‍ണായക വിഷയങ്ങളില്‍ മൗനം പാലിക്കുന്ന പ്രസംഗത്തില്‍ പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്ന വിധം പാര്‍ലമെന്റ് ചര്‍ച്ചകളില്‍ ഭേദഗതി മുന്നോട്ടുവെക്കുമെന്ന് സി.പി.എം പറഞ്ഞു. ഊര്‍ജസ്വലമായ സര്‍ക്കാറാണ് രാജ്യത്തുള്ളതെന്ന് ബോധ്യപ്പെടുത്തുന്നതാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment