Flash News

വിവാദ പ്രസംഗം; മണി ഖേദം പ്രകടിപ്പിച്ചു; പൊലീസ് കേസെടുത്തു

February 25, 2016 , സ്വന്തം ലേഖകന്‍

mm-mani_1ഇടുക്കി: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എം. മണിക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു. പ്രസംഗത്തിലൂടെ പൊലീസിനെ മോശമായി ചിത്രീകരിക്കുകയും പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ്. മണിയെ കൂടാതെ ജില്ലാ കമ്മിറ്റി അംഗം സി.വി. വര്‍ഗീസ്, ഏരിയ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, സജി തടത്തില്‍ എന്നിവരും കണ്ടാലറിയാവുന്ന മുന്നൂറോളം പേരും കേസില്‍ പ്രതികളാണ്.

വനിതാ പ്രിന്‍സിപ്പലിനെതിരെ പ്രതികരിക്കേണ്ടി വന്നതില്‍ എം.എം. മണി ഖേദം പ്രകടിപ്പിച്ചു. ചെറുതോണിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങനെ പറയേണ്ടി വന്നതാണ്. താനോ പാര്‍ട്ടിയോ ഒരിക്കലും സ്ത്രീകളെപ്പറ്റി മോശമായി പ്രതികരിക്കാറില്ല. അവര്‍ക്കെതിരെ പ്രസംഗിക്കാറുമില്ല. ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി എം.എം. മണി പറഞ്ഞു. അതേസമയം, പാര്‍ട്ടി ഓഫിസില്‍ കയറി അതിക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടത്തിയ പ്രസംഗത്തില്‍ ഒരു വിഷമവുമില്ല. അതില്‍ ഉറച്ചുനില്‍ക്കുന്നു. പൊലീസ് പാര്‍ട്ടി ഓഫിസില്‍ അതിക്രമിച്ചു കയറി തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചതായി മണി ആരോപിച്ചു.

അനധികൃതമായി സംഘം ചേരല്‍, അനധികൃതമായി മൈക് ഉപയോഗിക്കല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തല്‍, വധഭീഷണി, സ്ത്രീകള്‍ക്കെതിരെ അസഭ്യം പറയല്‍ എന്നിവക്കും കൂടാതെ 506, 117 വകുപ്പുകളനുസരിച്ചും മണിക്കെതിരെ കേസെടുത്തിട്ടുണ്ട്. മണക്കാട് നടത്തിയ പ്രസംഗത്തിലൂടെ വിവാദനായകനും പ്രതിയുമായ മണിയാശാന് പൈനാവ് പോളിടെക്നിക്കിലെ സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.എം ഏരിയ കമ്മിറ്റി കഴിഞ്ഞ ശനിയാഴ്ച ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയ പ്രസംഗമാണ് വീണ്ടും വിനയായത്.

ജെ.എന്‍.യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്കാണ് സംഭവത്തിന്റെ തുടക്കം. സമരം നടത്തിയ പൈനാവ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ പൈനാവിലെ ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്നിക് കോളജിലത്തെി വിദ്യാര്‍ഥികളോട് സമരത്തിനിറങ്ങാന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ ഇതിന് വിസമ്മതിക്കുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. സംഭവത്തിനിടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോളിടെക്നിക്കിലെ വിദ്യാര്‍ഥിയുടെ പരാതിയനുസരിച്ച് എന്‍ജിനീയറിങ് കോളജിലെ രണ്ടു വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസ് കേസെടുത്തു. ഇവരെ ചെറുതോണി ടൗണില്‍നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ പൊലീസ് ജീപ്പ് തടഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. ഇതിലും പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, പൊലീസ് പാര്‍ട്ടി ഓഫിസില്‍ ബലമായി കയറി പ്രവര്‍ത്തകരെ മര്‍ദിക്കുകയും മറ്റും ചെയ്തുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഇതിനെതിരെ എല്‍.ഡി.എഫ് ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് എം.എം. മണി വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തില്‍ പൊലീസിനെതിരെ രൂക്ഷമായ ഭാഷയാണ് ഉപയോഗിച്ചത്. പാര്‍ട്ടി ഓഫിസില്‍ കയറിയ പൊലീസിനെ വെറുതെവിട്ട പാര്‍ട്ടി പ്രവര്‍ത്തകരെ പ്രസംഗത്തിലൂടെ മണി ശകാരിക്കുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top