കെ.കെ. ഷാജു ജെ.എസ്.എസ് വിട്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

rajanആലപ്പുഴ: മുന്‍ എം.എല്‍.എ കെ.കെ. ഷാജു ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് രാജി. ഷാജുവിനെ സ്ഥാനാര്‍ഥിയാക്കാമെന്ന് കോണ്‍ഗ്രസ് രഹസ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, യു.ഡി.എഫിന്റെ ഭാഗമായിതന്നെ തുടരുമെന്നും കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും ഷാജു പറഞ്ഞു. ലക്ഷ്യങ്ങളില്‍നിന്നെല്ലാം അകന്ന ജെ.എസ്.എസിന്റെ പ്രസക്തിതന്നെ നഷ്ടപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസില്‍ ചേര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ തയാറാണെന്ന് നേരത്തേ ഷാജു വ്യക്തമാക്കിയിരുന്നു. സംവരണ മണ്ഡലമായ മാവേലിക്കരയിലോ അടൂരിലോ മത്സരിക്കാനാണ് താല്‍പര്യം. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അഡ്വ. രാജന്‍ബാബു ഗൗരിയമ്മ നേതൃത്വം നല്‍കുന്ന മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഷാജു രാജിവെച്ച് പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. വിവാദപ്രസംഗത്തിന്റെ പേരില്‍ നിയമനടപടി നേരിടുന്ന വെള്ളാപ്പള്ളി നടേശനെ രാജന്‍ ബാബു അനുഗമിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് രാജന്‍ബാബുവും ഷാജുവും അകലാന്‍ ഇടയാക്കിയത്. കെ.കെ. ഷാജു കഴിഞ്ഞതവണ മാവേലിക്കരയില്‍ മത്സരിച്ച് ആര്‍. രാജേഷിനോട് പരാജയപ്പെടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment