അരം + അരം = കിന്നരം (എന്റെ ചിന്തകള്‍) പ്രിയമാനസി

ddd

എനിക്ക് ഏഴെട്ടു വയസ്സുള്ളപ്പോൾ മുതൽ വീട്ടിലെ ചെറിയ ആളെന്ന നിലയിലാവും അമ്മ എനിക്ക് തന്ന ജോലികളിൽ പ്രധാനം ഇതായിരുന്നു ,,,,വൈകുന്നേരം ഓട്ടു വിളക്കും കിണ്ടിയും ഒക്കെ തേച്ചു മിനുക്കണം ,,നെല്ല് പുഴുങ്ങിക്കുത്തിയ ഉമി കൂട്ടിയിട്ടിട്ടുണ്ടാവും ..ഉമി കൊണ്ട് അമർത്തി തുടച്ചു വയ്ക്കും ,, ചാണക വറളികൾ കത്തിച്ച്‌ അമ്മയുണ്ടാക്കിയ ഭസ്മം വരാന്തയുടെ ഒരറ്റത്ത് ഒരു മൺകുടം പോലുള്ള പാത്രത്തിൽ അടച്ചു സൂക്ഷിച്ചു തൂക്കിയിട്ടുണ്ടാവും . അതുപയോഗിച്ചു വിളക്ക് വീണ്ടും മിനുസമാക്കും ,,പിന്നെ കിണ്ടിയിൽ കിണറ്റിൽ നിന്ന് കോരിയെടുത്ത വെള്ളം നിറച്ചു പൂജാ മുറിയിൽ വയ്ക്കും,,, മുറ്റത്തെ തുളസിയിൽ നിന്ന് അടർത്തിഎടുത്ത ഒരു കതിർ കിണ്ടിയിൽ വയ്ക്കും ,, പിന്നെ പടികൾ ചവുട്ടിക്കയറി വഴത്തോപ്പിലേക്കോടും ,വാഴപ്പോളയിൽ നിന്ന് അടർത്തിയെടുത്ത വാഴനാരുകളുമായി വടക്കേ മുറ്റത്തുള്ള പൂന്തോട്ടത്തിലെത്തും ..എന്റെ അച്ഛൻ ബാലകൃഷ്ണൻ നായരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് ഈ പൂന്തോട്ടം ,,നിറയെ ഭംഗിയുള്ള നിറങ്ങളാൽ തീർത്ത മഴവില്ലുപോലെ ഒരു പൂന്തോട്ടം ,,,,പിന്നെ വേലിക്കകത്ത് കടക്കുന്ന ഞാൻ ഓരോ പൂവും നിറമനുസരിച്ച് ഇറുത്തെടുത്ത് കെട്ടി പൂമാലയാക്കും,,,അത് കൊണ്ടൊരു ഗുണമുണ്ട് ,, ആവശ്യമുള്ള പൂക്കളെ മാത്രമേ ഇറുത്തെടുക്കുകയുള്ളൂ…അച്ഛന്റെ പൂന്തോട്ടത്തിൽ നിറങ്ങളുടെ ക്രമീകരണം പോലെ തന്നെയാണ് സമയപ്പൂക്കളുടെയും ബാഹുല്യം .. പത്തുമണിപ്പൂക്കളും നാലുമണി പ്പൂക്കളും എന്ന് വേണ്ട രാത്രിക്ക് സൌരഭ്യമൊരുക്കാൻ നിശാഗന്ധിയും മുല്ലപ്പൂക്കളും നന്ത്യാർ വട്ടവും ഒക്കെ അച്ഛന്റെ ശേഖരത്തിൽ ഉണ്ട് ,,,അച്ഛനാരാ മോൻ ,,, അതിനു ബദലായി പകൽ സമയം കണ്ണഞ്ചിച്ചു പോകാൻ പാകത്തിൽ പകൽപ്പൂക്കളുടെ ഒരു വല്യ നിരതന്നെയുണ്ട് ,,,അതിൽ താര റാണിയായി വിലസുന്നത് പല നിറത്തിലുള്ള റോസാപ്പൂക്കൾ തന്നെ ,,,അച്ഛനെ അന്നാട്ടുകാർ വിളിക്കുന്നത് ബാലൻ പിള്ളജന്മി എന്നാണ്,,, അങ്ങനെ വിളിക്കുമ്പോൾ അദ്ദേഹം അതങ്ങ് ആസ്വദിക്കുന്ന പോലെ തോന്നും എനിക്ക് ,,,അങ്ങനെ അച്ഛന്റെ പൂന്തോട്ടത്തിലെ പൂക്കൾ കൊണ്ട് അമ്മയുടെ നിർദേശ പ്രകാരം വിളക്കൊരുക്കി ദീപം തെളിയിച്ചു പ്രാർഥിക്കാൻ ഇരിക്കും ,,, ശ്രീ രാമൻ,,,കൃഷ്ണൻ ,,പരമശിവൻ,, മഹാ ഗണപതി ,,മുരുകൻ ,,ദേവി എല്ലാ ദൈവങ്ങളെയും കുറിച്ചുള്ള പ്രാർഥനാ ഗീതങ്ങൾ ഞങ്ങൾ കുട്ടികൾ ചൊല്ലും ,,എല്ലാവരും പ്രാർഥിച്ചു കഴിഞ്ഞെണീറ്റു പോയാലും ഞാൻ അവിടെ തന്നെയിരിക്കും ..എനിക്ക് രഹസ്യമായി ഒരു കാര്യം കൂടി ചെയ്യാനുണ്ട് ,,, എനിക്കിങ്ങനെ പ്രാർഥിച്ചാൽ മാത്രം തൃപ്തിയാവില്ല ,,കൈകൾ കൂപ്പിയിരിക്കുന്ന എന്റെ മുന്നില് ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവരും അപ്പോൾ ,,, ഞങ്ങളുടെ തൊട്ടയൽവാസി റയ്ഞ്ചർ സാറും കുടുംബവും ആണ് ,,,മുസ്ലിം മതവിഭാഗത്തിൽ പെട്ട അവരും ഞങ്ങളുടെ വീട്ടുകാരും ഒരു കുടുംബം പോലെ സ്നേഹത്തിലാണ് ,,,ഐഷാമ്മ എന്നാണ് ഞാൻ വിളിച്ചിരുന്നത് ,,മകളെ ബീനേച്ചി എന്നും എന്റെ കളിക്കൂട്ടുകാരനെ സാബു എന്നും വിളിച്ചു …ബാലൻപിള്ള ജന്മി വീടിനടുത്തുള്ള തമ്പുരാൻ ക്ഷേത്രത്തിലെ പ്രധാന ആളാവുമ്പോൾ റയ് ഞ്ചർ സാറും അമ്പലത്തിലെ ഉത്സവ നടത്തിപ്പുകാരൻ ആയിരുന്നു …ഒരാഴ്ച നീണ്ടു നില്ക്കുന്ന ശിവ രാത്രിമഹോത്സവം ഉദ്ഘാടനം ചെയ്യുന്ന ആളായിരുന്നു അദ്ദേഹം ,,അപ്പോൾ പിന്നെ എന്റെ പ്രാർഥനയിൽ ഞാൻ എന്റെ ദൈവങ്ങളെ മാത്രം എങ്ങനെ ഞാൻ പ്രാർഥിക്കും എന്ന സംശയമുണ്ടായി ,,,അപ്പോൾ മുതൽ സർവ ശക്തനായ അല്ലാഹു അക്ബറും എന്റെ സന്ധ്യാ പ്രാർഥനയിൽ ഇടം പിടിച്ചു ,,,
ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ ഉള്ള റോഡിലൂടെയാണ് ടെസ്സി ആന്റിയും ജോസപ്പച്ചനും റബ്ബർ ടാപ്പിങ്ങിനു കൊച്ചു വെളുപ്പാൻ കാലത്ത് പോകുന്നത് ,, മടങ്ങിവരുമ്പോൾ ഞങ്ങളുടെ വീട്ടിലെന്നും കയറും ,,,അപ്പോൾ രാവിലെ ഏകദേശം ഒരു 10-11 മണിയായിട്ടുണ്ടാകും ,,ഞങ്ങളുടെ പ്രഭാത ഭക്ഷണ സമയം കഴിഞ്ഞിരിക്കും ,,,ഉച്ചയൂണ് പാകപ്പെടുത്തുന്ന തിരക്കിലാവും അമ്മയും സഹായികളും ,,ചിലപ്പോൾ ചേച്ചിമാരും ,,പറമ്പിൽ പണിക്കാരോടോപ്പം നില്ക്കുന്ന അച്ഛനും പണിക്കാർക്കും പത്തുമണി ഭക്ഷണവുമായി ആരെങ്കിലും പോയിട്ടുണ്ടാവും ,,പുഴുങ്ങിയ ചക്കയോ കപ്പയോ ,,തൊട്ടു കൂട്ടാൻ കാന്താരിമുളകും ഉള്ളിയും ചേർത്ത് ചതച്ച മുളകും അതിൽ വെളിച്ചെണ്ണ ചാലിച്ചതും പിന്നെ തേങ്ങാ ചമ്മന്തിയും കാണും ,,പിന്നെ വീടിലെ മാലിപ്പശുവിന്റെയോ ..മണിക്കുട്ടിപ്പശുവിന്റെയോ കറന്നെടുത്ത പാലിൽ ഉണ്ടാക്കിയ ഒന്നാന്തരം ചായയും ആയിരിക്കും പത്തു മണി ഭക്ഷണം ,,അത് തന്നെയാണ് വീട്ടിൽ പത്തു മണിക്കെത്തുന്ന ആർക്കും നല്കുന്ന ഭക്ഷണം ..ബാലന്പിള്ള ജന്മിയെ പ്പോലെ എന്റെ അമ്മ ലച്മി ക്കുട്ടിഅമ്മയ്ക്കും ( ലക്ഷ്മിക്കുട്ടി ) ഇഷ്ടംപോലെ സൌഹൃദങ്ങളാ ചുറ്റിനും ..നാലും കൂടുന്ന ജങ്ക്ഷനിലാ എന്റെ വീട് ,,ചന്തയിൽ പോകുന്നവരും എന്ന് വേണ്ട വഴിയെ പോകുന്ന ഓരോരുത്തരും റോഡിന്റെ അടുത്തുള്ള വല്യ മതിലിലേക്ക് നോക്കി ഒരു വിളിയാണ് ,

“ലച്ച്മിക്കുട്യെ ,,നീയെവിടെ ,,ചൂട് കഞ്ഞിവെള്ളം ഒണ്ടാ??,”

പിന്നെ മതിലിനു ഇപ്പുറത്ത് നിന്നും അമ്മയും ഒരു മറുപടിയാണ്,,അതും ഉറക്കെത്തന്നെ ,
“ഒണ്ടേ ,,, ഇങ്ങു കേറിപ്പോരെ ,,,,”

പിന്നെ ചെറുമികള് വട്ടിയും പായും മുറവുമൊക്കെയായി ചന്തയിൽ പോയി വിറ്റു തീരാതെ ബാക്കിയായതും കൊണ്ട് മടങ്ങുമ്പോൾ കടയിൽവീട് എന്ന് പേരായ എന്റെ വീടിനടുത്തെ ത്തുമ്പോ വിളിച്ചു ചോദിക്കണ കേള്ക്കാം ,,,

“തമ്രട്യെ,,,കുരുമുളവുണക്കാൻ പായ വേണ്ടേ തമ്രട്യെ ,”

,..അപ്പൊൾ അങ്ങോട്ടൊന്നും നോക്കാതെ തന്നെ മതിലിനകത്തെ അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം,,

“എടീ പാച്യെ ,,, കഴിഞ്ഞ ചന്തക്കല്ലേ ഞാൻ നിന്റെന്നു നാലു പായ വാങ്ങിച്ചത് ..ഹ്മ്മ് ..വല്ല തവിയോ മുറമോ ഒണ്ടെങ്കി കൊണ്ട് പോരെഡീ പാച്ച്ച്യെ ,,ഹ്മ്മ് ,,,പഴങ്കഞ്ഞിയൊണ്ട്,,വാ തരാം ,,,പറമ്പീന്ന് രണ്ടു പാളയും കൂടിയിങ്ങേടുത്തോ ….”

അമ്മയ്ക്ക് മുറമൊന്നും ആവശ്യമുണ്ടായിട്ടോന്നുമാവില്ല ,,അതുങ്ങളുടെ അടുപ്പിൽ തീപുകയാൻ ഇത് ആരെങ്കിലും വാങ്ങണ്ടേ ,,,അതാവും ,ലച്ച്മിക്കുട്ടീടെ ഉള്ളിൽ,,, ,കൂട്ടത്തിൽ വയറു നിറയെ ഭക്ഷണവും കൊടുക്കും ,, പഴങ്കഞ്ഞിയാണ് കഴിക്കാൻ വിളിക്കുന്നതെങ്കിലും അവർ തിരിച്ചു പോകുമ്പോൾ വാഴയിലയിൽ പൊതിഞ്ഞ ചോറും അപ്പോൾ വച്ച എന്തെങ്കിലും കറിയും പിന്നെ കപ്പയൊ ചക്കയോ പുഴുങ്ങീതുമൊക്കെ ആ പൊതിയിൽ കാണും ,,,പക്ഷെ ഒരു കാര്യം അമ്മയ്ക്ക് നിബന്ധനയാണ് ,,വീട്ടിൽ ഞങ്ങളൊക്കെ കഴിക്കുന്ന പാത്രത്തിൽ അവർക്ക് ഭക്ഷണം കൊടുക്കില്ല ..പകരം അടയ്ക്കാ മരത്തിൽ നിന്നും അപ്പോൾ വീണുകിടക്കുന്ന പാള മുറിച്ചു ചെറുമികൾ ഇരുവശവും കോട്ടി കഴുകി ക്കൊണ്ട് വരും ഭക്ഷണം കഴിക്കാൻ ,,ലച്മിക്കുട്ടി എപ്പോഴും ഇങ്ങനെയാണ് ,,, മനസ്സ് നിറയെ സ്നേഹവും കരുണയും ,, നോട്ടത്തിലും ഭാവത്തിലും ഒരു തനി നായർ യാഥാസ്ഥിതിക … അമ്മയുടെ ഈ പെരുമാറ്റം ചെറുമികൾക്കൊരു വിഷമവും ഉണ്ടാക്കുന്നില്ല എന്നതായിരുന്നു എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തീത് ,,,പശിയകറ്റാൻ എത്തുന്നവരുടെ നേർക്കെന്ത് പ്രതിഷേധം ,,,!!!! ഇനിയതൊക്കെ കൊടുത്താലും അമ്മയ്ക്ക് തൃപ്തിയാവില്ല ,,അതിങ്ങനെയാവും പ്രകടിപ്പി ക്കുക എന്ന് മാത്രം ,,ചാണകം മെഴുകിയ പിന്നാമ്പുറത്തെ വരാന്തയിലിരുന്നു വയറു നിറയുവോളം കഴിച്ചു എണീക്കുമ്പോൾ അമ്മയുടെ വക ചോദ്യം ,,
“എടീ പാച്യെ ,,നീയുടുത്തിരിക്കണ മുണ്ടെന്താ കീറിയാ??? ”

പാച്ചി പുറകിൽ നോക്കിക്കൊണ്ട്‌ പറയും,,,,

“ഇല്ലമ്രാട്യേ..”

ലച്ച്മിക്കുട്ടി വിട്വോ ,,,

“അല്ല,,, കീറിയതല്ലെങ്കിപ്പിന്നെ കറയായതാവും,,,നിനക്ക് ഇത്ര പഴേതെ ചന്തേ ലുടുക്കാൻ കിട്ടിയൊള്ളാ,,,,”

പാവം പാച്ചി നിസ്സഹായയായി ചിരിക്കും ,,,””വേറെ വേണ്ടേ തമ്രട്യെ ,”

കേട്ട പാതി ലച്ച്മിക്കുട്ടി ..അയലിൽ നിന്ന് വലിയ ചുട്ടിക്കരയൻ തോർത്തെടുത്ത് മീതെ ചുറ്റി ക്കൊണ്ട് ഉടുത്തിരിക്കുന്ന പുതിയ മുണ്ട് അങ്ങ് അഴിച്ചെടുക്കും ,,എന്നിട്ട് അത് പാചിയുടെ നേർക്ക്‌ നീട്ടി പ്പറയും,,,

“ഇന്നാ ,,നീയിപ്പം ആ കീറിയ തുണീം ഉടുത്തോണ്ട് പോണ്ടാ ,,ഇതെടുത്തോ …”

ഇതും കേട്ട് കൊണ്ട് ചിലപ്പോൾ അച്ഛൻ എത്താറുണ്ട് ,,,അപ്പോൾ ബാലൻ പിള്ള ജന്മമിയുടെ വക അടുത്ത ഡയലോഗ് ..

“ഓ ഹ ഹ്ഹ് ,,,,,അങ്ങനെ ലച്ച്മിക്കുട്ടി ഈയാഴ്ച വാങ്ങിയ പുതിയ മുണ്ടും ദാനം ചെയ്തു ,,ഇനി ഇന്ന് രാത്രി മുതൽ ഇവിടെ പ്രസംഗം കേട്ട് പോകരുത് ,,,,എനിക്കൊരു പുതിയ തുണിപോലുമില്ലാന്നു ,,,,,

ബാലാൻ പിള്ള ജന്മിക്കു വല്യ ദേഷ്യം വന്നില്ലന്നുള്ളത് സത്യം ,

അപ്പോൾ ലച്ച്മിക്കുട്ടി ബാലൻപിള്ളജന്മിയോടു അതിനൊരു മറുചോദ്യമാണ് ഉത്തരമയിട്ടെറിയുക ,,,

“പാവം പാച്ചി ,,ആ തോളിക്കെടക്കണ പുതിയ ചുട്ടിക്കരയൻ തോർത്ത് അങ്ങ് കൊടുക്കണം പാച്ചിക്ക്…”.
പാവം ബാലൻപിള്ളജന്മി കുടുങ്ങി ,,,,സ്വതവേ ഗൌരവക്കരനാണ് ,,ഇനി ലച്ച്മിക്കുട്ടീടെ മുമ്പിൽ കുറഞ്ഞു പോകാമോ ,,അപ്പോൾ മുഖത്ത്‌ ഗൌരവം ഒന്നും കൂടി വരുത്തും ,,, പിന്നെ ലച്ച്മിക്കുട്ടിയെ രൂക്ഷമായി നോക്കി കൊണ്ട് തോളിൽ നിന്നും തോർത്തെടുത്ത് ഒന്ന് കുടയും ,,പിന്നെ അയലിൽ തേച്ചു മടക്കി ഇട്ടിരിക്കുന്ന ഖദർ ഷാൾ എടുത്തു വടിപോലെ തോളത്തിട്ടു കയ്യിലിരിക്കുന്ന തോർത്ത്‌ ലച്ച്മിക്കുട്ടീടെ നേരെ നീട്ടും ,,അമ്മ അത് വാങ്ങി പിന്നാമ്പുറത്ത് തലമാത്രം പുറത്തേയ്ക്ക് നീട്ടി പതുങ്ങി നില്ക്കുന്ന പാച്ചിയ്ക്ക് ( വീട്ടിൽ അച്ഛൻ എത്തിയാൽ അവരൊക്കെ ഇങ്ങനെയേ നില്ക്കൂ )നേരെ അമ്മ അ തു നീട്ടും ,,,ചെറുമി അതും മേടിച്ചു ഭക്ഷണക്കെട്ടും ഒക്കെയായി മെല്ലെ പിന്നാമ്പുറത്തുള്ള വഴിയിലൂടെ അങ്ങ് റോഡിലിറങ്ങും ,,

ഞാൻ പറഞ്ഞു വന്നത് റബ്ബർ ടാപ്പിങ്ങും കഴിഞ്ഞു പത്തു മണി ഭക്ഷണം കഴിക്കാനെത്തുന്ന ടെസ്സി ആന്റിയും ജോസപ്പച്ചനെയും കുറിച്ചാണ് ,,അവർ വന്നിരുന്നു ഭക്ഷണം കഴിക്കുന്ന വേളയിൽ ഞങ്ങൾ മക്കളിൽ ആർക്കെങ്കിലും എന്തെങ്കിലും ഒരു തുമ്മൽപ്പനി വന്നാൽ മതി ലച്ച്മിക്കുട്ടീടെ നിശബ്ദ സമ്മതത്തോടെ ടെസ്സി ആന്റി അസുഖം ബാധിച്ചു കിടക്കുന്ന ആളുടെ മുറിയിൽ കയറി വാതിൽ അടയ്ക്കും …എന്നിട്ട് മനമുരുകി ഈശോ മിശിഹായെ വിളിച്ചു കരഞ്ഞു പ്രാർഥിച്ചു ഈ കുഞ്ഞിനെ സുഖപ്പെടുത്തുവാൻ അപേക്ഷിക്കും ,,,മുട്ടുകാലിൽ നിന്ന് കൊണ്ട് ഒരു മണിക്കൂറോളം വരുന്ന സമയമെടുത്ത് അത്രയും നേരം കണ്ണടച്ച് നിന്ന് ,അസുഖം ബാധിച്ച ആളെ ഒന്ന് സ്പർശിച്ചുകൊണ്ട് പ്രാർഥിക്കുന്ന രംഗം ,,,ഇപ്പോഴും എന്റെ മുന്നില് നിറഞ്ഞു നില്ക്കുന്നു ,,,റബ്ബർ കറ പുരണ്ട മുഷിഞ്ഞ ചട്ടയും മുണ്ടും വിയർത്ത് കുമിഞ്ഞു വല്ലാത്ത ഒരു വാസനയുണ്ടാവും ,,ഇമകൾ മുറുക്കെ അടച്ചു പിടിച്ച കണ്ണിൽ നിന്ന് ചുടു ചുടെ പൊട്ടിയൊഴുകുന്ന കണ്ണുനീരും ആ ചട്ടയെ നനയ്ക്കുന്നുണ്ടാവും ,,ഒരു പക്ഷെ ആ നോവ്‌ കാണുമ്പോഴുള്ള ഉഷ്ണം മതി നമ്മുടെ പനിയെ അലിയിച്ചു കളയാൻ ,,,ആ ഉഷ്ണത്തിൽ എങ്ങോ പറന്നു പോകുന്ന പനി കാണുമ്പോൾ പിന്നെയും നിറഞ്ഞൊഴുകുന്ന ടെസ്സി ആന്റിയുടെ കണ്ണുകൾ…അങ്ങനെയുള്ള ടെസ്സി ആന്റിയുടെ ഈശോ മിശിഹായും എന്റെ സന്ധ്യാ പ്രാർഥനകളിൽ ഉൾപ്പെട്ടു,,,നമ്പർവൺ യാഥാസ്ഥിതിക നായർ തറവാട്ട്‌ കാരി എന്റെ ലച്മി ക്കുട്ടിയെ പേടിച്ചു പേടിച്ചാണ് കൃഷ്ണന്റെയും പരമശിവന്റെയും ഒപ്പം ഈശോ മിശിഹായെയും അല്ലാഹ് അക്ബറിനെയും ഞാനെന്റെ പ്രാർഥനാ മുറിയിൽ ഒളിച്ചു വച്ചത് ,,,,,ഇന്നും ഞാൻ സൂക്ഷിച്ചു വയ്ക്കുന്ന രഹസ്യവും ഇതോടൊപ്പമുണ്ട്,,,, നടപ്പിലും ഭാവത്തിലും എല്ലാം തനി യാഥാസ്തിതികത്വം തോന്നിപ്പിക്കുന്ന എന്റെ ലച്ച്മിക്കുട്ടിയമ്മ ,,എന്റെ അമ്മ ,,,യഥാർത്ഥത്തിൽ അങ്ങനെയേ അല്ല എന്നതായിരുന്നു,,തെല്ലൊരു അഹങ്കാരമായി കൊണ്ട് നടക്കുന്ന ലച്ച്മിക്കുട്ടി എന്ന എന്റെ അമ്മ ,,,

പൂക്കളെയും പ്രകൃതിയെയും കൃഷിയും കച്ചവടത്തെയും സാമൂഹ്യ തത്വങ്ങളെയും കലകളെയും കര കൗശല വൈദഗ്ധ്യത്തെയും ഒരേപോലെ ഇഷ്ടപ്പെടുകയും സ്വായത്തമാക്കുകയും ചെയ്ത ബാലൻ പിള്ള ജന്മി എന്ന ബാലകൃഷ്ണൻ നായർ എന്ന എന്റെ അച്ഛന്റെ പ്രഭാവത്തെക്കാളും ഒട്ടും താഴെയല്ല എന്ന് തെളിയിച്ചുകൊണ്ടാണ് സ്വന്തം കുടുംബ സംരക്ഷണത്തിലും സ്നേഹ സാന്ത്വനങ്ങളിലും സഹജീവികളോടുള്ള പരിഗണനയിലും ഭർത്താവിനോടൊപ്പം കൃഷിയിലും കച്ചവടത്തിലും മുൻപന്തിയിലാരുന്ന ലക്ഷ്മിക്കുട്ട്യമ്മ എന്ന ലച്ച്മിക്കുട്ടി എന്ന എന്റെ സ്വന്തം അമ്മ.!അതെ യതെ !!!! അരം +അരം = കിന്നരം,,

Print Friendly, PDF & Email

Leave a Comment