വികസനം തടയാന്‍ ഇടതുപക്ഷം ശ്രമിച്ചത് ജനം തള്ളിക്കളഞ്ഞു -ഉമ്മന്‍ ചാണ്ടി

ummanപത്തനംതിട്ട: അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് വികസന പ്രവര്‍ത്തനങ്ങളെ ഇടതുപക്ഷം തടയാന്‍ ശ്രമിച്ചത് ജനം തള്ളിക്കളഞ്ഞെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ തുടര്‍ഭരണം നേടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നേറണം. യു.ഡി.എഫ് ജില്ലാ പ്രവര്‍ത്തകയോഗം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐക്യജനാധിപത്യ മുന്നണിക്ക് എന്നും ശക്തമായ അടത്തറ നല്‍കിയ ജില്ലയാണ് പത്തനംതിട്ട. ജില്ലയില്‍ യു.ഡി.എഫ് മുഴുവന്‍ സീറ്റുകളിലും വിജയിക്കും. തെരഞ്ഞെടുപ്പില്‍ വിശ്രമരഹിത പ്രവര്‍ത്തനത്തിനായി പ്രവര്‍ത്തകര്‍ തയാറെടുക്കണം. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അക്രമരാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ നയം. അഴിമതി ആരുചെയ്താലും ശിക്ഷിക്കപ്പെടണം. കേന്ദ്രത്തില്‍ മോദി പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണ്. അക്രമരാഷ്ട്രീയത്തിന്റെ വഴിയിലാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിനൊപ്പം കരുതലിനും പ്രാധാന്യം നല്‍കിയ സര്‍ക്കാറാണ് അഞ്ചുവര്‍ഷം കേരളം ഭരിച്ചത്. സാധാരണക്കാരും അംഗപരിമിതരുമായ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതികള്‍ നടപ്പാക്കി.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി കോളജുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വലിയനേട്ടമാണ്. യുവാക്കള്‍ക്കും ആത്മവിശ്വാസം നല്‍കിയ സര്‍ക്കാറാണിത്. വന്‍കിട വികസന പദ്ധതികള്‍ ഓരോന്നും സമയബന്ധിതമായി നടപ്പാക്കി. വികസനം നഗരങ്ങളില്‍ മാത്രം ഒതുങ്ങാതെ ഗ്രാമങ്ങളിലേക്കും എത്തിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment