ഗുജറാത്തിലേക്ക് 10 ഭീകരര്‍ കടന്നെന്ന് റിപ്പോര്‍ട്ട്; കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടനഭീഷണി

mdnഅഹ്മദാബാദ്: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തില്‍ സുരക്ഷ ശക്തമാക്കി. 10 ഭീകരര്‍ സംസ്ഥാനത്തേക്ക് കടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. അതിര്‍ത്തി ജില്ലയായ കച്ചിലുള്‍പ്പെടെ റെയ്ഡുകള്‍ നടത്തി. ഓഫിസര്‍മാരുള്‍പ്പെടെ എല്ലാ പൊലീസുകാരുടെയും അവധികള്‍ റദ്ദാക്കി.

തിങ്കളാഴ്ച ശിവരാത്രി ആഘോഷങ്ങള്‍ നടക്കാനിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളിലെയും സുരക്ഷ ശക്തമാക്കി. തീവ്രവാദികള്‍ ഗുജറാത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം കേന്ദ്രസര്‍ക്കാറില്‍ നിന്ന് സംസ്ഥാനത്തിന് ലഭിച്ചതായും ആക്രമണ സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടികളെടുക്കാന്‍ യോഗംചേര്‍ന്നതായും ഗുജറാത്ത് ആഭ്യന്തരമന്ത്രി രാജ്നി പട്ടേല്‍ അറിയിച്ചു. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണ് രാജ്യത്തേക്ക് കടന്നതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുജറാത്ത് അതിര്‍ത്തിയിലൂടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുമെന്ന് പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസിര്‍ഖാന്‍ ജാന്‍ജുവയാണ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ ഗുജറാത്ത് ആക്രമിക്കാന്‍ ഭീകരസംഘടനകള്‍ക്ക് പദ്ധതിയുണ്ടെന്ന വിവരം ഇന്ത്യക്ക് കൈമാറിയതെന്ന് സൂചനയുണ്ട്. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ (എന്‍.എസ്.ജി) 200 ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ നിന്ന് ഗുജറാത്തിലേക്കയച്ചിട്ടുണ്ട്. എന്‍.എസ്.ജിയുടെ നാലു സംഘങ്ങളില്‍ ഒന്നിനെ സോംനാഥ് ക്ഷേത്രത്തിന്‍െറ സുരക്ഷക്കായി ചുമതലപ്പെടുത്തി. ബാക്കി മൂന്നു സംഘങ്ങളെയും ഗാന്ധിനഗറില്‍ വിന്യസിച്ചു. കരസേന, വ്യോമസേന താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ജുനഗഢ്, സോംനാഥ്, അക്ഷര്‍ധാം തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനത്തെുക.

വെള്ളിയാഴ്ച കച്ചില്‍ ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്ന് ഒരു പാക് ഫിഷിങ് ബോട്ട് പിടികൂടിയിരുന്നു. ബോട്ടിലെ ജോലിക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ബോട്ടില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടത്തെിയിട്ടില്ലന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീവ്രവാദികള്‍ ഗുജറാത്ത് അതിര്‍ത്തിവഴി കടന്നിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് ഡല്‍ഹിയിലും കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുംബൈ, ഡല്‍ഹി, ചെന്നെ, കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment