Flash News

കേരള കോണ്‍ഗ്രസ്-എം തൃശൂര്‍ ജില്ലാ പ്രസിഡന്റ് അടക്കം നിരവധി പ്രമുഖര്‍ വിമതര്‍ക്കൊപ്പം

March 7, 2016 , സ്വന്തം ലേഖകന്‍

k-m-mani - appukuttanതൃശൂര്‍: കേരള കോണ്‍ഗ്രസ്-എം തൃശൂര്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായി എം.പി. പോളിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സി.പി. ജോസഫും പാര്‍ട്ടി വിട്ടു. ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ അറിയിച്ചു. 25 വര്‍ഷമായി കേരള കോണ്‍ഗ്രസ് ജോസഫ്, മാണി ഗ്രൂപ്പുകളുടെ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പോളി മൂന്നുവര്‍ഷം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.

കേരള കോണ്‍ഗ്രസിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തില്‍ ഇത്രയധികം അഴിമതി ആരോപണം നേരിട്ട കാലമില്ലന്നും കെ.എം. മാണിയും മകന്‍ ജോസ് കെ. മാണിയും പാര്‍ട്ടിയെ കുടുംബ സ്വത്താക്കിയിരിക്കുകയാണെന്നും പോളി പറഞ്ഞു. നിരവധി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് ജോസ് കെ. മാണിയെങ്കിലും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് അദ്ദേഹമാണ്. താന്‍ പാര്‍ട്ടി വിടുന്നുവെന്ന് അറിഞ്ഞ് തിങ്കളാഴ്ച രാവിലെ ജോസ് കെ. മാണി വിളിച്ചുവെന്നും പ്രശ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞുവെന്നും പോളി പറഞ്ഞു. പാര്‍ട്ടി തലത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെല്ലാം വ്യക്തികള്‍ ഏറ്റെടുക്കുന്ന ഈ അവസ്ഥയില്‍ ആത്മാഭിമാനമുള്ളവര്‍ക്ക് ഈ പാര്‍ട്ടിയില്‍ തുടരാനാവില്ല. പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അതൃപ്തിയുണ്ടെന്നും അവരും പാര്‍ട്ടി വിടുന്നുണ്ടെന്നും പോളി പറഞ്ഞു.

കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ആന്‍സന്‍ ആന്റണി സ്ഥാനം രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്ഥാന-ജില്ലാതല നേതാക്കളും രാജിവെച്ച് വിമതര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രമുഖ നേതാക്കളില്‍ പലരും വിമതപക്ഷത്തേക്ക് ചായുകയാണ്. പലയിടത്തും പ്രദേശിക കമ്മിറ്റികള്‍ കൂട്ടത്തോടെ പിന്തുണ നല്‍കുന്നുമുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ്റ്റീഫന്‍ ചാമപ്പറമ്പില്‍ പാര്‍ട്ടി വിട്ടു. ഇടതുമുന്നണിയുമായുള്ള സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകുന്ന മുറക്ക് വിമതപക്ഷത്തേക്ക് കുടുതല്‍പേര്‍ വരും.

കെ.എസ്.സി എം സംസ്ഥാന ഭാരവാഹികളായ എല്‍ദോസ് ജോസഫ്, എസ്. കിരണ്‍, ബിനു ജോഷ്വാ, പി.എസ്. ഷമീര്‍ എന്നിവരും രാജിവെച്ച് ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് കെ.എം. മാണിയുടെ സ്തുതിപാഠകരും ജോസ് കെ.മാണിയുടെ ആജ്ഞാനുവര്‍ത്തികളുമായ ഉപജാപക സംഘത്തിന്റെയും നിയന്ത്രണത്തിലായെന്നു കുറ്റപ്പെടുത്തിയാണ് ഇവര്‍ പാര്‍ട്ടി വിട്ടത്. കുടുംബവാഴ്ചക്കെതിരെ വരുംദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും ജോസ് കെ. മാണിക്ക് വഴിയൊരുക്കാന്‍ സമര്‍ഥരായ നേതാക്കളെ ഒഴിവാക്കുന്ന രഹസ്യ അജണ്ട ലയനം മുതലേ മാണി ആരംഭിച്ചിരുന്നതായി ആന്‍സണ്‍ ആന്റണി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top