സ്വാമി ശാശ്വതീകാനന്ദയുടെ മരണം: വെള്ളാപ്പള്ളിയും മകനും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സ്വാമിയുടെ സഹോദരങ്ങള്‍

swami saswathikanandaകൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ആള്‍തന്നെ ഹൈകോടതിയെ സമീപിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന് സ്വാമിയുടെ സഹോദരങ്ങള്‍. ഈ അസാധാരണ ഹരജി നല്‍കിയത് എസ്.എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറും അടക്കമുള്ളവരുടെ സമ്മര്‍ദം മൂലമാണെന്നും ചൂണ്ടിക്കാട്ടി സഹോദരങ്ങളായ ശാന്തകുമാരി, സി. വിജയകുമാര്‍, കെ. ശകുന്തള എന്നിവരാണ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. കേസിലെ പ്രതിയായ പ്രിയന്‍ നല്‍കിയ ഹരജിയില്‍ തങ്ങളെ കൂടി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഹരജി നല്‍കിയത്.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലന്നും ഹരജിയില്‍ പറയുന്നു. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പ്രിയനെയും സ്വാമിയുടെ സന്തത സഹചാരിയായ സാബുവിനെയും പോലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല. സിവില്‍ സര്‍ജന്റെ സാന്നിധ്യമുള്ളിടത്ത് മൃതദേഹം എത്തിക്കുകപോലും ചെയ്യാതെ ധിറുതിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത് ദുരൂഹമാണ്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യം പോസ്റ്റ്മോര്‍ട്ട സമയത്ത് വേണമെന്നാണ് നിയമമെങ്കിലും തങ്ങളെ ആരും വിവരം അറിയിച്ചില്ല. ജുഡീഷ്യല്‍ കോടതിക്ക് പകരം സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. കേസും അന്വേഷണവും അട്ടിമറിക്കലാണ് പ്രിയന്‍ നല്‍കിയ ഹരജിക്ക് പിന്നിലെ ഉദ്ദേശ്യം. ഈ സാഹചര്യത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ കക്ഷി ചേര്‍ക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

കഴിഞ്ഞദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചതല്ലാതെ ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലന്ന് കേരള ആന്റി കറപ്ഷന്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സിലും കോടതിയില്‍ ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News