പൊലീസ് സ്റ്റേഷന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു; സി.ഐ അടക്കം പൊലീസുകാര്‍ക്ക് പരിക്ക്

RSS police station attack

കൊല്ലം: ആര്‍.എസ്.എസ് താലൂക്ക് പ്രചാരകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. കല്ലേറിലും സംഘര്‍ഷത്തിലും സി.ഐ അടക്കമുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമിസംഘം മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. കല്ലേറില്‍ സ്റ്റേഷന്റെ ജനല്‍ ഗ്ലാസുകളും മേല്‍ക്കൂരയിലെ ഓടും ആസ്ബറ്റോസ് ഷീറ്റും തകര്‍ന്നു.

പരിക്കേറ്റ പുത്തൂര്‍ എസ്.ഐ വി.പി. സുധീഷ്, കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരായ ദിനേഷ്കുമാര്‍, ഷെഫീക്, ഹോം ഗാര്‍ഡ് വിജയന്‍പിള്ള എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. താലൂക്ക് കാര്യവാഹക് രാജേഷ്, മൈലം പഞ്ചായത്തംഗം പള്ളിക്കല്‍ സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കോട്ടാത്തലയില്‍ ഉത്സവ ഡ്യൂട്ടിക്കത്തെിയ എസ്.ഐ ശിവപ്രകാശ് ബൈക്കില്‍ സഞ്ചരിച്ച മൂന്നുപേരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ഇതില്‍ ആര്‍.എസ്.എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് ബിനീഷും (27) ഉള്‍പ്പെട്ടിരുന്നു. എസ്.ഐയോട് തട്ടിക്കയറുകയും ദേഹോപദ്രവമേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് ബിനീഷിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലത്തെിച്ചു. അതേസമയം സ്റ്റേഷനില്‍ ഇയാളെ പൊലീസ് മര്‍ദിച്ചതായും ആരോപണമുയര്‍ന്നു.

വിവരമറിഞ്ഞത്തെിയ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബിനീഷിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സ്ഥലത്തത്തെിയ സി.ഐ സജിമോന്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സി.ഐക്ക് നേരെയും മോശമായ പെരുമാറ്റമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ സി.ഐയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിച്ച് സ്റ്റേഷന് മുന്നില്‍നിന്ന് പുറത്താക്കി. പുറത്തുപോയ ആര്‍.എസ്.എസ് പ്രവര്‍ത്തകരും റോഡില്‍ നിലയുറപ്പിച്ചവരും പിന്നീട് സ്റ്റേഷനിലേക്ക് കല്ളെറിഞ്ഞു. കല്ലേറില്‍ ജീപ്പും സ്റ്റേഷനിലെ ആസ്ബറ്റോസ് ഷീറ്റും ജനല്‍ചില്ലുകളും സ്റ്റേഷനു മുന്നില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. കല്ല് പതിച്ച് കാലിന് പരിക്കേറ്റ പുത്തൂര്‍ എസ്.ഐ വി.പി. സുധീഷ് സ്റ്റേഷനുമുന്നില്‍ നിലത്തുവീണു. കെ.എ.പി ബറ്റാലിയനിലെ ദിനേഷ് കുമാറിനും ഇതിനിടെ പരിക്കേറ്റു.

പൊലീസ് ലാത്തി വീശിയതോടെ ചിതറിയോടിയ പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് കാര്യാലയത്തിലും ഗണപതിക്ഷേത്രവളപ്പിലും ഒളിച്ചു. ഇതിനുശേഷം പട്രോളിങ്ങിനിറങ്ങിയ സി.ഐയുടെ ജീപ്പ് ഗണപതിക്ഷേത്ര ചിറക്ക് സമീപം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സി.ഐക്കും വാഹനം ഓടിച്ച ഹോംഗാര്‍ഡ് വിജയന്‍പിള്ളക്കും മറ്റൊരു പൊലീസുകാരനായ ഷെഫീക്കിനും ദണ്ഡുകൊണ്ടുള്ള അടിയില്‍ പരിക്കേറ്റു. ഈ സമയം കുണ്ടറയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് വരുകയായിരുന്ന പൊലീസ് ജീപ്പും പടിഞ്ഞാറ്റിന്‍കര ക്ഷേത്രത്തിന് സമീപംവെച്ച് ആക്രമിക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെ കേസെടുത്തു. ആക്രമണത്തില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മൂന്നു മണിക്കൂറിലധികമാണ് സംഘര്‍ഷാവസ്ഥ നിലനിന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് എസ്.ഐ അപമര്യാദയായി പെരുമാറിയതാണ് അനിഷ്ടസംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. പെറ്റിക്കേസെടുക്കാവുന്ന കുറ്റത്തിന് ആര്‍.എസ്.എസ് പ്രചാരകനെ കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്തത് മുന്‍ വൈരാഗ്യത്താലാണെന്നും ആര്‍.എസ്.എസ് നേതൃത്വം കുറ്റപ്പെടുത്തി. അതേസമയം അറസ്റ്റിലായ ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയായി പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment