ഹായ്ക്കന്‍സാക്ക്: ടി. എസ്. ചാക്കോയ്ക്ക് ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡ്. ബര്‍ഗന്‍ കൗണ്ടിയിലെ ഏഷ്യന്‍ അമേരിക്കക്കാര്‍ക്കു വിവിധ മേഖലകളിലെ സംഭാവകളെ പരിഗണിച്ച് നല്കിയ അവാര്‍ഡുകളിലൊന്നാണ് ടി. എസ്. ചാക്കോയെ തേടിയെത്തിയത്. ഏഷ്യനമേരിക്കന്‍ പൈതൃക മാസാചരണത്തിന് സമാപനം കുറിച്ചു ബര്‍ഗന്‍കൗണ്ടി ആസ്ഥാനമായ ഹാക്കന്‍സാക്കില്‍ മെയ് 26 ന് നടന്ന ആഘോഷപരിപാടിയിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
ബര്‍ഗന്‍ കൗണ്ടി എക്സിക്യൂട്ടീവ് ജിം ടെഡസ്ക്കോയില്നിന്നും ടി. എസ്. ചാക്കോ അവാര്‍ഡ് സ്വീകരിച്ചു. കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപക പ്രസിഡന്റും ആയുഷ്ക്കാല രക്ഷാധികാരിയുമായ ടി. എസ്. ചാക്കോ ഫൊക്കാനയുടെ മുതിര്‍ന്ന നേതാവും ആണ്. സാമൂഹ്യസേവനം ജീവിത വ്രതമായി സ്വീകരിച്ചിരിക്കുന്ന ടി എസ് ചാക്കോ അമേരിക്കയിലും കേരളത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അനേകര്‍ക്ക് കൈത്താങ്ങായിട്ടുണ്ട്. താന്‍ ഉള്‍പ്പെടുന്ന പ്രസ്ഥാനങ്ങളെ ജനോപകാരപ്രദമായ കര്‍മ്മ പന്ഥാവിലേക്ക് നയിക്കുകയും അതിലൂടെ പലവിധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം പകരുകയുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ അദ്ദേഹത്തെ അവാര്‍ഡുകള്‍ നല്കി ആദരിച്ചിട്ടുണ്ട്. അമേരിക്കന്‍ മുഖ്യധാരയില്‍നിന്നും ലഭിക്കുന്ന ഈ അംഗീകാരം തന്നെ കൂടുതല്‍ കര്‍മ്മ നിരതനാക്കുന്നുവെന്ന് ടി. എസ്. ചാക്കോ പറഞ്ഞു.
ചടങ്ങില്‍ ബര്ഗന്കൗണ്ടിയിലെ പ്രോസിക്യൂട്ടറായി പുതുതായി നിയമതിനായ ഇന്ത്യന്‍ വംശജനായ ഗുര്‍ബീര്‍ സിങ്ങ് ഗ്രെവാള്‍ ചെയ്ത മുഖ്യ പ്രഭാഷണം ഇന്ത്യക്കാര്‍ക്കെന്നല്ല, എല്ലാ ഏഷ്യന്‍ വംശജര്‍ക്കും അഭിമാന നിമിഷങ്ങളായിരുന്നു.
ഏഷ്യന്‍ അമേരിക്കന്‍ പൈതൃക മാസാചരണത്തിന്റെ ഭാഗമായി ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു ബര്‍ഗന്‍ കൗണ്ടിയിലെ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം ഏഷ്യന്‍ വംശജരടക്കം ഒരു ദശലക്ഷത്തോളം വരുന്ന ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബര്‍ഗന്‍ കൗണ്ടി എക്സിക്യൂട്ടീവ് ജെയിംസ് ടെഡസ്ക്കോ ആമുഖപ്രസംഗത്തില്‍ പറഞ്ഞു. കൗണ്ടി പ്രോസിക്യൂട്ടറായി ഗവര്‍ണ്ണര്‍ ക്രിസ് ക്രിസ്റ്റി നിയമിച്ച ഗുര്‍ബീര്‍ സിങ്ങ് ഗ്രെവാള്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
മെയ് 26 ബര്‍ഗന്‍ കൗണ്ടിയില്‍ ഏഷ്യന്‍ അമേരിക്കന്‍ ദിനമായി പ്രഖ്യാപിക്കപ്പെട്ടു. വിവിധ തുറകളിലുള്ള സംഭാവനകളെ കണക്കിലെടുത്ത് പ്രമുഖ ഏഷ്യന്‍ വംശജരെ അവാര്‍ഡു നല്കി ആദരിക്കുകയും ചെയ്തു. പ്രധാന ഏഷ്യന്‍ സമൂഹങ്ങളെ പ്രതിനിധീകരിച്ച് ഫിലിപ്പിനോ, ചൈനീസ്, ഇന്ത്യന്‍, കൊറിയന്‍ സംഘങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമുള്ള നൃത്തങ്ങള്‍ ചടങ്ങിനു കൊഴുപ്പേകി. ബിന്ദ്യ പ്രസാദിന്റെ നേതൃത്വത്തിലുള്ള മയൂര സ്കൂള്‍ ഓഫ് ഡാന്‍സ് ഇന്ത്യയെ പ്രതിനിധീകരിച്ചു.