Flash News

പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനം നിരോധിച്ചാല്‍ 1102 ബസ് നിര്‍ത്തലാക്കേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി

June 3, 2016

ksrtc1കൊച്ചി: പത്തുവര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചാല്‍ 1102 ബസ് പിന്‍വലിക്കേണ്ടിവരുമെന്ന് കെ.എസ്.ആര്‍.ടി.സി. ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള ഹരിത ട്രൈബ്യൂല്‍ ഉത്തരവിന് അടിസ്ഥാനമായ രേഖകളൊന്നും ട്രൈബ്യൂണല്‍ മുമ്പാകെ ഉണ്ടായിരുന്നില്ല. കൊച്ചി നഗരത്തിലുള്‍പ്പെടെ കേരളത്തിലെ വായുമലിനീകരണം സംബന്ധിച്ച പഠനറിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ പരിഗണിച്ചിട്ടില്ല.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ 2015-ലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്‍െറ അളവ് വളരെകൂടുതലാണ്. അതിനാല്‍ ഡല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ന്യായമുണ്ട്. മാത്രമല്ല, അവിടെ ഉത്തരവ് ബാധിക്കുന്നവരെയെല്ലാം കക്ഷിചേര്‍ത്ത് വാദം കേട്ടശേഷമായിരുന്നു ഉത്തരവ്.

കേരളത്തില്‍ 50-ല്‍ താഴെയാണ് മലിനീകരണത്തിന്‍െറ തോത്. ഇത് അപകടകരമായ അളവല്ല. ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട പരിധിയുടെ അടുത്തുപോലും വരാത്തതാണ് ഈ മലിനീകരണതോത്. ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ട്രൈബ്യൂണലില്‍ ഹരജി നല്‍കിയ സംഘടന ഉന്നയിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ കെ.എസ്.ആര്‍.ടി.സി വന്‍തോതില്‍ ഓര്‍ഡിനറി സര്‍വിസ് നടത്തുന്നുണ്ട്. ഗ്രാമീണ മേഖലയില്‍നിന്നുള്ള ആളുകള്‍ക്ക് നഗരപ്രദേശങ്ങളിലെത്താനുള്ള പ്രധാന ഗതാഗതമാര്‍ഗമാണിത്.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ മലിനീകരണം ഉണ്ടാക്കുന്നതായി ഒരു പരാതിയും നിലവിലില്ല. സമയാസമയങ്ങളില്‍ വാഹനങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അംഗീകാരത്തോടെയാണ് സര്‍വിസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ 6349 ബസുകളാണ് സംസ്ഥാനത്ത് സര്‍വിസ് നടത്തുന്നത്. ഇതില്‍ 1102 എണ്ണത്തിന് പത്ത് വര്‍ഷത്തിനുമുകളില്‍ പഴക്കമുണ്ട്. 211 ബസുകള്‍ 11-12 വര്‍ഷവും 430 ബസുകള്‍ 12-13 വര്‍ഷവും 54 എണ്ണം 13-14 വര്‍ഷവും 31 എണ്ണം 14-15 വര്‍ഷവും പഴക്കമുള്ളതാണ്. കൂടാതെ, യാത്രാവാഹനങ്ങളല്ലാത്ത 117 എണ്ണത്തിനും പത്ത് വര്‍ഷത്തിനുമുകളില്‍ പഴക്കമുണ്ട്. ഇത്രയും വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുന്നപക്ഷം പൊതുജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പൊതുഗതാഗത സ്ഥാപനം ഇല്ലാതാകുമെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top