Flash News

Ehsan Jafri, Loknath Behera and the course of Justice – ഗുല്‍ബര്‍ഗ് വിധിയും ബഹ്‌റയും നീതിയുടെ വഴിയും (അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്)

June 5, 2016

neethiyude title sizedPHOTOഒരു എം.പിയടക്കം 69 പേരെ ചുട്ടുകൊന്ന ഗുജറാത്തിലെ ഗുല്‍ബര്‍ഗ് താമസസമുച്ചയത്തിലെ കൊലപാതകം സംബന്ധിച്ച കോടതിവിധി മറ്റൊരുകാര്യംകൂടി ഓര്‍മ്മപ്പെടുത്തുന്നു. കേരളത്തിലെ ജനവിധി എത്രമാത്രം അര്‍ത്ഥവത്തും സാര്‍ത്ഥകവുമാണെന്ന്. സംസ്ഥാനത്തെ ജനങ്ങള്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി തെറ്റായ വിധിയെഴുത്തു നടത്തുകയാണെന്നും അതുതിരുത്തി തന്റെ പാര്‍ട്ടിയെ വിജയിപ്പിക്കണമെന്നും പ്രചാരണരംഗത്ത് ഏറ്റവുംകൂടുതല്‍ ഒച്ചവെച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പതിനാലുവര്‍ഷം മുമ്പാണ് ഹിറ്റ്‌ലറുടെ ഭരണകാലത്തെ നരഹത്യകളെ ഓര്‍മ്മിപ്പിക്കുന്ന ഗുല്‍ബര്‍ഗ കൂട്ടക്കൊല നടന്നത്.

ഗോധ്ര സംഭവത്തിന്റെ പ്രതികാരമായി ഗുജറാത്തില്‍ വ്യാപകമായി തുടര്‍ന്ന കൂട്ടക്കൊലപാതകങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ താമസ സമുച്ചയങ്ങളിലെ സംഘ് പരിവാര്‍ ആക്രമണം. കോണ്‍ഗ്രസ് (ഐ) എം.പികൂടിയായ ഇസ്ഹാന്‍ ജാഫ്രിയുടെ വസതിയും അതിനകത്തായിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റി വളപ്പിന്റെ അതിര്‍വേലി ചാടിക്കടന്ന് നാലായിരത്തിലേറെ കലാപകാരികള്‍ പെട്രോള്‍ ഒഴിച്ച് ഫ്‌ളാറ്റുകള്‍ക്കും വീടുകള്‍ക്കും തീവെക്കുകയായിരുന്നു. വെന്തെരിഞ്ഞും വെട്ടും കുത്തുമേറ്റും മരിക്കുന്ന കുടുംബാംഗങ്ങളെ ഉപേക്ഷിച്ച്, ജീവന്‍ രക്ഷിക്കാന്‍ പലരും അഭയംതേടിയത് എം.പി ജാഫ്രിയുടെ വീട്ടിലാണ്.

ehsanjafri

ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുടെ ഇര : ഇസ്ഹാന്‍ ജാഫ്രി എം.പി

അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരേയും മുഖ്യമന്ത്രി നരേന്ദ്രമോദിയേയും വിളിച്ചു. ഇസ്ഹാന്‍ ജാഫ്രി കെഞ്ചി. ഒടുവില്‍ ‘ജാഫ്രി, നിങ്ങള്‍ ഇനിയും മരിച്ചിട്ടില്ലേ’ എന്നാണ് മുഖ്യമന്ത്രി മോദി ആശ്ചര്യപ്പെട്ടു ചോദിച്ചത്. അവിടെ അഭയംതേടിയ രൂപ ബെന്‍ മോഡി ഇക്കാര്യം സുപ്രിംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തോട് പറയുന്നുണ്ട്.

‘ഞങ്ങളെ രക്ഷിക്കാനായി ലഹളക്കാരുമായി നേരിട്ടു സംസാരിക്കാന്‍ ജാഫ്രി വീടിനു പുറത്തിറങ്ങി. കലാപകാരികള്‍ ജാഫ്രിയെ പിടികൂടി തറയിലൂടെ വലിച്ചിഴച്ചു. കുത്തിയും വെട്ടിയും പരിക്കേല്പിച്ചു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അദ്ദേഹത്തിന്റെ ജീവന്‍ പൊലിഞ്ഞു…..’ രൂപ ബെന്നിന്റെ തുടര്‍ മൊഴികള്‍.

ഇസ്ഹാന്‍ ജാഫ്രി എം.പിയുടെ വിധവ സാഖിയ ജാഫ്രിയും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ നിരവധി പൗരാവകാശ സംഘടനകളും നടത്തിയ നീണ്ടകാലത്തെ നിയമപോരാട്ടത്തിനുശേഷമാണ് ഇപ്പോള്‍ കേസില്‍ വിധിവന്നത്. അതും സുപ്രിംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേകം ഏര്‍പ്പെടുത്തിയ അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്ന അന്വേഷണങ്ങളുടേയും രൂപീകരിച്ച പ്രത്യേക വിചാരണക്കോടതികളുടേയും ഫലമായി.

കേസില്‍ 24 പ്രതികളെ ശിക്ഷിച്ചപ്പോള്‍ ബി.ജെ.പി നേതാക്കളടക്കം 36 പ്രതികള്‍ വിട്ടയക്കപ്പെട്ടു. അതുകൊണ്ട് ‘അപൂര്‍ണ്ണമായ നീതി’ എന്നാണ് സാഖിയാ ജാഫ്രി പ്രതികരിച്ചത്. പൂര്‍ണ്ണതയ്ക്കുവേണ്ടി സാഖിയാ ജാഫ്രി മാത്രമല്ല പ്രോസിക്യൂഷനും മറ്റ് പൗരാവകാശ സംഘടനകളും അപ്പീല്‍കൊടുക്കും എന്നുറപ്പാണ്. സുപ്രിംകോടതിയുടെ ഇടപെടലിനെതുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച കേസുകളില്‍ ഒന്നുമാത്രമാണ് ഗുല്‍ബര്‍ഗ കേസ്.

zakia-jafri1

നീതി ഇനിയും അപൂര്‍ണ്ണം : സാഖിയ ജാഫ്രി

ജനാധിപത്യവും വികസനവും ഉറപ്പുവരുത്താന്‍ തനിക്കും തന്റെ പാര്‍ട്ടിക്കും അനുകൂലമായി വിധിയെഴുതണമെന്നാണ് നല്ലൊരു വിഭാഗം ന്യൂനപക്ഷങ്ങളടക്കം സമാധാനപരമായി കഴിയുന്ന കേരളത്തില്‍ പ്രധാനമന്ത്രി മോദിയും സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടത്. ഇപ്പോള്‍ പുറത്തുവന്ന കോടതിവിധി അവരുടെ അവകാശവാദങ്ങളെ തള്ളിപ്പറയുന്നു. ബി.ജെ.പി പ്രതിനിധിയായി ഒ. രാജഗോപാലിനെപ്പോലൊരാള്‍ നിയമസഭയിലെത്തി എന്നത് ആ ആഹ്വാനത്തിനുള്ള പ്രതികരണമല്ല. കേരളത്തിലെ ജനവിധിയുടെ സന്ദേശത്തില്‍ അത് ഒരുതരത്തിലും സംശയത്തിന്റെ പുക പരത്തുന്നില്ല.

ഇനി കേരളത്തില്‍ തങ്ങളുടെ ഊഴമായി എന്ന് അഹങ്കരിക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്ക് മുമ്പിലുള്ള വലിയൊരു പാഠമാണ് ഗുല്‍ബര്‍ഗ കേസ് വിധി. അതോടൊപ്പം കേരളത്തിലെ ഇടതുപക്ഷ – ജനാധിപത്യമുന്നണി ഗവണ്മെന്റും മുന്നറിയിപ്പായി കാണേണ്ട രാഷ്ട്രീയ സന്ദേശവും അതിലുണ്ട്. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് മാതൃരാജ്യമായി വിശ്വസിച്ച് ഇവിടെ ജീവിക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത ഭരണഘടയനുസരിച്ച് ഗുജറാത്തും കേരളവുമടക്കം ഓരോ സംസ്ഥാന ഗവണ്മെന്റിനുമുണ്ട്.

വര്‍ഗീയതയേയും പൊലീസിനേയും കലാപങ്ങളേയും ആയുധമാക്കി രാഷ്ട്രീയാധികാരം ഉറപ്പിക്കാനും തുടര്‍ച്ച സൃഷ്ടിക്കാനും ശ്രമിക്കുന്നതിന്റെ ദുരന്തമാണ് നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഗുജറാത്തില്‍ കണ്ടത്. അത്തരം ശക്തികളില്‍നിന്ന് കേരളത്തിലെ ഭരണത്തെ സംരക്ഷിച്ചെടുക്കേണ്ട രാഷ്ട്രീയ വ്യക്തതയും ബാധ്യതയും പിണറായി വിജയന്‍ മുഖ്യമന്ത്രിയായ എല്‍.ഡി.എഫ് ഗവണ്മെന്റിനുണ്ട്.

ഇസ്രത് ജഹാന്‍ എന്ന പത്തൊമ്പതുകാരിയും അവരുടെ കാമുകന്‍ ഉള്‍പ്പെടെ മറ്റ് മൂന്നുപേരും കൊല്ലപ്പെട്ട 2004-ലെ ഗുജറാത്ത് സംഭവം നരേന്ദ്രമോദിയുടെ കാലത്തെ ഭരണകൂട ഭീകരതയുടെ മറ്റൊരു പ്രതീകമാണ്. നരേന്ദ്ര മോദിയെ വധിക്കാന്‍ വന്ന ലഷ്‌ക്കര്‍ ഇ തോയ്ബയുടെ നാലംഗ സംഘത്തെ മോദിയുടെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന വ്യാഖ്യാനം ലോകം വിശ്വസിച്ചിട്ടില്ല. ഇതിന് വിശ്വാസ്യതയുടെ ഔദ്യോഗിക പരിവേഷം നല്‍കാന്‍ മുന്‍കൈ എടുത്തത് ദേശീയ അന്വേഷണ ഏജന്‍സിയില്‍ ഐ.ജിയായി പ്രവര്‍ത്തിക്കവേ ഇപ്പോഴത്തെ കേരള ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയാണ്.

മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിയായി അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് ഹെഡ്‌ലിയെ 2010-ലാണ് ബഹ്‌റയുടെ നേതൃത്വത്തില്‍ മൂന്നംഗ എന്‍.ഐ.എ സംഘം ചോദ്യംചെയ്തത്. ഇസ്രത് ജഹാന്‍ ലഷ്‌ക്കര്‍ ഇ തോയ്ബയുടെ സംഘാംഗമാണെന്ന് ഹെഡ്‌ലിയെക്കൊണ്ട് പറയിപ്പിച്ചത് ബഹ്‌റയാണ്. കേട്ടുകേള്‍വി എന്നുപറഞ്ഞ് എന്‍.ഐ.എയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഇത് തെളിവായി അംഗീകരിച്ചില്ല. മാത്രമല്ല ബഹ്‌റയെ എന്‍.ഐ.എയില്‍നിന്ന് ഒഴിവാക്കി കേരളാ കേഡറിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

loknadh

ലോക്‌നാഥ് ബഹ്‌റ

അത്തരമൊരു വിവാദ പശ്ചാത്തലമുള്ള ലോക്‌നാഥ് ബഹ്‌റയെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യംചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഡി.ജി.പിയായി നിയമിച്ചിരിക്കുന്നത്. പുതുതായി അധികാരമേല്‍ക്കുന്ന ഗവണ്മെന്റിന് പൊലീസ് മേധവിയടക്കം നിലവിലുള്ള ബ്യൂറോക്രാറ്റുകളെ മാറ്റി നിയമിക്കാന്‍ തീര്‍ച്ചയായും അധികാരമുണ്ട്. എന്നാല്‍ ഡി.ജി.പി സെന്‍കുമാറിനെക്കാള്‍ രണ്ടുവര്‍ഷം ജൂനിയറായ ബഹ്‌റയെ സെന്‍കുമാറടക്കം സീനിയറായ ഡി.ജി.പി പദവിയിലുള്ള മറ്റുള്ളവരുടെ തലപ്പത്ത് നിയമിക്കുകയായിരുന്നു. ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി ഇത്തരം നടപടികള്‍ സ്വീകരിക്കണമെന്ന മാന്യത കാണിച്ചില്ല. മാറ്റുകയല്ല തരംതാഴ്ത്തുകയാണ് ചെയ്തത് എന്ന് സെന്‍കുമാര്‍ പറയുന്നു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മുമ്പാകെ പരാതിയും നല്‍കിയിരിക്കുന്നു.

അതിന്റെ സാങ്കേതികവും നിയമപരവുമായ വശം എന്തുതന്നെയായാലും ടി.പി സെന്‍കുമാര്‍ പറഞ്ഞ വാക്കുകള്‍ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്: ‘എനിക്ക് ബഹ്‌റയാകാന്‍ കഴിയില്ല, തെളിവുകള്‍ ഉണ്ടാക്കി നിരപരാധികളെ ഞാന്‍ കുടുക്കിയിട്ടുമില്ല’.

ഗുജറാത്ത് കലാപവും കേന്ദ്രത്തിലെ ബി.ജെ.പി വാഴ്ചയില്‍ സംഘ് പരിവാര്‍ തുടരുന്ന മറ്റ് വര്‍ഗീയാക്രമണങ്ങളും കൃത്യമായി വായിച്ചെടുത്ത് പ്രതികരിച്ച പ്രബുദ്ധ മതനിരപേക്ഷ സമൂഹമാണ് കേരളത്തിലേത്. ജനവിധിയില്‍ വര്‍ഗീയശക്തികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമെതിരായ ശക്തമായ വികാരമുണ്ട്. അത് വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഒരു തീരുമാനവും നീക്കവും പുതിയ ഗവണ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

ഡേവിഡ് ഹെഡ്‌ലിയെ അമേരിക്കന്‍ ജയിലില്‍ തെളിവെടുത്തതുമായി ബന്ധപ്പെട്ട് ബഹ്‌റ വഹിച്ച പങ്കെന്താണ്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശുപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മറ്റ് ഏജന്‍സികളും തള്ളിക്കളഞ്ഞത്? ഏതുസാഹചര്യത്തിലാണ് ബഹ്‌റയെ കേരള കേഡറിലേക്ക് കേന്ദ്രം തിരിച്ചയച്ചത്? തെറ്റുചെയ്തത് അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരവും യു.പി.എ ഗവണ്മെന്റുമായിരുന്നോ? അതോ പിഴച്ചത് ബഹ്‌റയ്ക്കായിരുന്നോ? ഇക്കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച് ഇടതുപക്ഷ-ജനാധിപത്യ മുന്നണിയേയും ജനങ്ങളേയും ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കും ഗവണ്മെന്റിനുമുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ ചോരക്കറകള്‍ മറച്ച് അധികാരത്തിന്റെ കുപ്പായമിട്ട് കുറേക്കാലം ഭരണാധികാരികള്‍ക്ക് കഴിയാനാകും. ഗുജറാത്തിലെ ചോരക്കളങ്ങളുടെ ഭീകരചിത്രം നീതിപീഠങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമ്പോഴും ഇത്തരമൊരു വൈരുദ്ധ്യം നിലനില്ക്കുന്നത് നാം കാണുന്നു. ചരിത്രവും അതാണ് പഠിപ്പിക്കുന്നത്. പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞചെയ്ത ഒരു ഗവണ്മെന്റിന്റെ അസ്ഥിവാരത്തില്‍ അത്തരം ചോരക്കറകളുടെ പാടുകളില്ലാതെ നോക്കേണ്ടത് അനിവാര്യമാണ്.

പുതിയ ഗവണ്മെന്റ് സംസ്ഥാനത്തെ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന്റേയും നയിക്കുന്നതിന്റേയും ചുമതലക്കാരനായി പ്രോസിക്യൂഷന്റെ പുതിയ ഡയറക്ടറെ നിയമിച്ചിരിക്കുന്നു. ഇതു സംബന്ധിച്ച വിശദീകരണ വാര്‍ത്തയില്‍ പറയുന്നത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് കൈകാര്യംചെയ്ത അനുഭവയോഗ്യതകൂടി ഡി.ജി.പിക്കുണ്ടെന്നാണ്. ടി.പി ചന്ദ്രശേഖരനെ പൈശാചികമായി വെട്ടിവെട്ടിക്കൊന്ന കേസില്‍ ഗൂഢാലോചനക്കാരേയും വാടകക്കൊലയാളികളേയും പ്രതിനിധീകരിച്ച അഭിഭാഷക സംഘത്തിലെ പ്രമുഖനാണ് ഡി.ജി.പിയായി ഹൈക്കോടതിയില്‍ യഥാര്‍ത്ഥത്തില്‍ നിയമിതനായിട്ടുള്ളത്.

രാഷ്ട്രീയക്കാരായാലും മറ്റുള്ളവരായാലും കൊല്ലപ്പെട്ടാല്‍ കേസ് നടത്തി നീതി ഉറപ്പുനല്‍കേണ്ട ബാധ്യത പ്രോസിക്യൂഷന്റേത് മാത്രമാണ്. ബന്ധപ്പെട്ട കുടുംബത്തിന്റേയോ രാഷ്ട്രീയ കക്ഷിയുടേയോ അല്ല. അത്തരം പ്രതികളെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപെടുത്താന്‍ കഠിനശ്രമം നടത്തിയ ഒരാള്‍ പ്രോസിക്യൂഷന്റെ തലവനായി നിയമിക്കപ്പെടുന്നു എന്നതാണ് ടി.പി വധക്കേസില്‍ കാണുന്നത്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസ്, ജനതാദള്‍ സംസ്ഥാന ട്രഷറര്‍ മഠത്തില്‍ മുഹമ്മദ് ഹാജിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസ് തുടങ്ങിയവ നടത്തിയതിന്റെ കീര്‍ത്തിമുദ്രയും ഈ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ഇതൊന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ യോഗ്യതയല്ല. മുഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയ കേസിലും ലാവ്‌ലിന്‍ കേസിലും പ്രതികള്‍ക്കുവേണ്ടി സര്‍ക്കാറിനെതിരെ ഹാജരായ അഭിഭാഷകനെയാണ് ഇടതുമുന്നണി ഗവണ്മെന്റ് ഡി.ജി.പിയായി നിയമിച്ചത്.

ഇതുതന്നെയാണോ ഇനി നീതിയുടെ വഴി? – ചോദിക്കേണ്ടിവരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top