ഹരിപ്പാട് മെഡിക്കല്‍ കോളജിനോടുള്ള എതിര്‍പ്പ് കാര്യങ്ങള്‍ മനസ്സിലാക്കാതെയെന്ന് രമേശ് ചെന്നിത്തല; മുന്‍ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്

ramesh_chennithala-1ആലപ്പുഴ: ഹരിപ്പാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി വീണ്ടും വിവാദമാകുന്നു. സിയാല്‍ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ കരുവാറ്റയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് പുതിയ മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്.

കഴിഞ്ഞവര്‍ഷം മേയ് മാസത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിന് കല്ലിട്ടു. ശാസ്ത്ര സാഹിത്യ പരിഷത്തും അന്നേ പദ്ധതിയെ എതിര്‍ത്തിരുന്നു. പുതിയ മെഡിക്കല്‍ കോളജ് സംബന്ധിച്ച് മുന്‍ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സ്വകാര്യ മെഡിക്കല്‍ കോളജ് തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സ്വകാര്യ വ്യക്തികള്‍ തന്നെ പണം മുടക്കണം. മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡില്‍നിന്ന് 300 കോടി രൂപ വായ്പ എടുക്കാനുള്ള തീരുമാനമാണ് ആദ്യം പരിശോധിക്കുക. സ്വകാര്യമേഖലക്ക് നടത്തിപ്പ് അവകാശമുള്ള സ്ഥാപനത്തിന്‍െറ ചെലവ് ഖജനാവില്‍നിന്ന് വഹിക്കേണ്ടതില്ല എന്നാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ തീരുമാനം. വയല്‍ ഉള്‍പ്പെടുന്ന മേഖലയാണ് പദ്ധതിക്ക് മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. നിയമം ലംഘിച്ച് ഒരിഞ്ച് ഭൂമിപോലും നികത്താന്‍ അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ഇതിനിടെ വയല്‍ ഏറ്റെടുത്തതിലും ക്രമക്കേട് ആരോപിക്കുന്നുണ്ട്. വയല്‍ നികത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് നിയമങ്ങള്‍ പാലിക്കാതെയാണ്. കഴിഞ്ഞ ഫെബ്രുവരി 18നാണ് വില നിശ്ചയിച്ച് ഭൂമിയേറ്റെടുക്കാന്‍ റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയാണ് മെഡിക്കല്‍ കോളജിന് മുന്‍കൈ എടുത്തത്. ചാരിറ്റബ്ള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് എന്ന സൊസൈറ്റിക്ക് ആയിരുന്നു നടത്തിപ്പ് ചുമതല. ഇതില്‍ 26 ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഓഹരി. ബാക്കി 25 സ്വകാര്യവ്യക്തികള്‍ ഉള്‍പ്പെട്ട ഈ സൊസൈറ്റിക്കാണ്. സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയുടെ വിലയാണ് ഓഹരിയായി നല്‍കുന്നത്.

സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കിക്കഴിഞ്ഞാല്‍ മെഡിക്കല്‍ കോളജ് കമ്പനിയുടേതായി മാറും. കെട്ടിടങ്ങളും പശ്ചാത്തലസൗകര്യങ്ങളും ഒരുക്കി ഭൂമിയടക്കം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സൊസൈറ്റിക്ക് 99 വര്‍ഷത്തേക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കണം. മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നതിന് ആര്‍ജി മാട്രിക്സ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് സംബന്ധിച്ചും പരാതിയുണ്ട്. ഉയര്‍ന്ന നിരക്കില്‍ കരാര്‍ ഉറപ്പിച്ചപ്പോള്‍ സര്‍ക്കാറിന് അഞ്ച് കോടി രൂപ നഷ്ടം ഉണ്ടായെന്നാണ് ആക്ഷേപം.

ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നത് ഭൂമാഫിയകള്‍ക്ക് വേണ്ടിയാണെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ പ്രതികരണം. ഇതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു. വയല്‍ നികത്താനുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ പുന$പരിശോധിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വയല്‍ നികത്താനുള്ള ഉത്തരവ് നിയമാനുസൃതമാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് മെഡിക്കല്‍ കോളജിനെതിരായ എതിര്‍പ്പുകള്‍ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Print Friendly, PDF & Email

Leave a Comment