കൊല്ലം: മുംബൈ മേഘാ ഡ്രഡ്ജിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്‍െറ ഉടമസ്ഥതയിലുള്ള ഹന്‍സിത മണ്ണുമാന്തിക്കപ്പല്‍ കൊല്ലം പോര്‍ട്ടില്‍ നങ്കൂരം ഇട്ടതിന്‍െറ വാടകത്തുക കുറച്ചുകാണിച്ച് തിരുവനന്തപുരം പോര്‍ട്ട് ഡയറക്ടറുടെ വ്യാജ കത്ത് തയാറാക്കിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മിഥുനാണ് പിടിയിലായത്.
ചൈനീസ് കപ്പല്‍ ഹന്‍സിത കൊച്ചിയില്‍ ഡ്രഡ്ജിങ്ങിന് വന്ന് കേടായതിനത്തെുടര്‍ന്ന് മേഘാ കമ്പനിക്ക് കുറഞ്ഞ തുകക്ക് വിറ്റിരുന്നു. കപ്പല്‍ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടതിന് വാടകയിനത്തില്‍ 2014ല്‍ 37,00,000 രൂപ കുടിശ്ശികയായി. അതില്‍ 1,42,023 രൂപ അടക്കാന്‍ തുറമുഖ ഡയറക്ടറുടെ വിലാസത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ എംബ്ളം പതിച്ച് മേഘാ കമ്പനിയുടെ കരാര്‍ പ്രകാരമുള്ള പ്രതിനിധി സന്ധ്യയും മകന് മിഥുനും ചേര്‍ന്ന് വ്യാജ കത്ത് തയാറാക്കി. കത്ത് വ്യാജ ഒപ്പിട്ട് കൊല്ലം തുറമുഖ ഓഫിസില്‍ ഹാജരാക്കി. തുറമുഖ അധികൃതര്‍ക്ക് കത്തില്‍ സംശയം തോന്നി തിരുവനന്തപുരം തുറമുഖ ഡയറക്ടര്‍ ഓഫിസില്‍ പരിശോധനക്ക് അയച്ചു. വിശദ പരിശോധനയില്‍ കത്ത് വ്യാജമാണെന്ന് കണ്ടെത്തി.
കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ക്ക് തുറമുഖ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.