Flash News

മിസൈല്‍ സാങ്കേതിക നിയന്ത്രണത്തില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

June 7, 2016

obന്യൂയോര്‍ക്ക്: മിസൈല്‍ വിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ മിസൈല്‍ സാങ്കേതിക നിയന്ത്രണ സംഘത്തില്‍ (എംടിസിആര്‍) ഇന്ത്യക്ക് നേട്ടം. അംഗരാജ്യങ്ങള്‍ക്ക് സംഘടനയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തിങ്കളാഴ്ച വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതവസാനിച്ചതോടെ ഇന്ത്യക്ക് അംഗ്വതം നല്‍കാന്‍ തീരുമാനമായി. യു.എസ് പ്രസിഡണ്ട് ബറാക് ഒബാമയുമായി വൈറ്റ്ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കഴിഞ്ഞ വര്‍ഷമാണ് സംഘടനയിലേക്കുള്ള അംഗത്വത്തിന് ഇന്ത്യ അപേക്ഷിച്ചത്. എന്നാല്‍ എംടിസിആറിലെ ചില അംഗരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തെ ശക്തമായി എതിര്‍ത്തിരുന്നു. ജി 7 രാഷ്ട്രങ്ങളായ കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, യു.എസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന 34 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് എം.ടി.സി.ആര്‍. ആളില്ലാ വിമാനം വഴി ആണവായുധം പ്രയോഗിക്കുന്ന സാങ്കേതിക വിദ്യ നിയന്ത്രിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. തിങ്കളാഴ്ചയായിരുന്നു അംഗരാഷ്ട്രങ്ങള്‍ക്ക് എതിര്‍പ്പ് അറിയിക്കാനുള്ള അവസാന ദിവസം. ആരും എതിര്‍പ്പറിയിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രവേശനം സാധ്യമായത്.

പ്രസിഡന്റ് ഒബാമയുടെ ശക്തമായ പിന്തുണ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് തുണയാവുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമാണിതെന്നാണ് നയതന്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരെയുള്ള ഹേഗ് കോഡ് ഓഫ് കണ്ടക്റ്റില്‍ അംഗമാവുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എംസിടിആര്‍ അംഗത്വത്തിനുള്ള പ്രധാന കടമ്പകളില്‍ ഒന്നാണിത്. അംഗരാഷ്ട്രങ്ങളുടെ എതിര്‍പ്പുകളെ മറികടക്കാന്‍ ഇന്ത്യക്ക് ഇതും തുണയായി. ആണവ വിതരണക്കാരുടെ സംഘടന ഉള്‍പ്പെടെയുള്ള കൂട്ടായ്മകളിലേക്കും ഇന്ത്യക്ക് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എം.ടി.സി.ആറിലെ പ്രവേശം ഉന്നത മിസൈല്‍ സാങ്കേതിക വിദ്യ സ്വായത്താമാക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് കരുത്തു പകരും. നേരത്തെ, റഷ്യയുമായി സഹകരിച്ച് ബ്രഹ്മോസ് എന്ന പേരില്‍ ഇന്ത്യ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചിരുന്നു. എം.ടി.സി.ആറിന്റെ ഭാഗമാകുന്നതോടെ മിസൈല്‍ മേഖലയില്‍ സംഘടനയുടെ നിയമങ്ങള്‍ ഇന്ത്യ പാലിക്കേണ്ടി വരും. എം.ടി.സി.ആര്‍ നിയമപ്രകാരം 300 കിലോമീറ്ററാണ് ആണവ മിസൈലുകളുടെ ദൂരപരിധി.

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടിയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറച്ചു കൊണ്ടുവരുന്ന ധാരണയാണ് പാരീസ് ഉടമ്പടി. ഇതിനു പുറമേ, നയതന്ത്രസഹകരണം, ഭീകരവിരുദ്ധ ഓപറേഷന്‍ എന്നിവയും ചര്‍ച്ചയായി. സൈബര്‍ സുരക്ഷ, സിവിലിയന്‍ ആണവ സഹകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി കൂടിക്കാഴ്ചക്കുശേഷം സംയുക്തമായി മാധ്യമങ്ങളെ കണ്ട മോദിയും ഒബാമയും വ്യക്തമാക്കി.

വൈറ്റ്ഹൗസിലെ ഓവല്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു. 2014ല്‍ അധികാരമേറ്റ ശേഷം ഒബാമയുമായുള്ള മോദിയുടെ ഏഴാമത് കൂടിക്കാഴ്ചയായിരുന്നു ഇന്നലത്തേത്. യു.എസ് വൈസ് പ്രസിഡണ്ട് ജോ ബിഡന്‍, ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വിദേശകാര്യ സെക്രട്ടറി എസ്.ജെയ്ശങ്കര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മോദി ഇന്ന് യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. യു.എസിലെ വ്യാപാര പ്രമുഖരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതിനിടെ, ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വം നേടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ഇന്ത്യയുടെ പ്രവേശം സംബന്ധിച്ച് ബീജിങില്‍ നടന്ന യു.എസ്-ചൈന കൂടിക്കാഴ്ച അലസിയതാണ് തിരിച്ചടിക്ക് കാരണം. ബറാക് ഒബാമയുടെ പ്രസിഡണ്ട് കാലാവധിയില്‍ സാമ്പത്തിക വിഷയങ്ങളിലെ ഇരുരാഷ്ട്രങ്ങളും തമ്മില്‍ നടത്തുന്ന അവസാന ചര്‍ച്ചയായിരുന്നു ഇത്. ചര്‍ച്ചയ്ക്ക് ശേഷം, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെക്കുന്നതു വരെ എന്‍.എസ്.ജി അംഗത്വ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി, ട്രഷറി സെക്രട്ടറി ജേക്കബ് ല്യൂ, വ്യാപാര പ്രതിനിധി മൈക്കല്‍ ഫ്രോമാന്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചര്‍ച്ചയ്ക്കായി ബീജിംഗിലെത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top