മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിന് വിട

T.S. John
T.S. John

കൊച്ചി: അന്തരിച്ച മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്ന കല്ലൂപ്പാറ തെക്കേമുറിയില്‍ ടി.എസ്. ജോണിന് രാഷ്ട്രീയ കേരളം വിട നല്‍കി. വ്യാഴാഴ്ച രാവിലെ 7.30ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു.

1939 ഒക്ടോബര്‍ 21ന് കവിയൂരിലായിരുന്നു ജനനം. ഭാര്യ: റിട്ട. അധ്യാപിക പരേതയായ ഏലിയാമ്മ കോട്ടയം മാന്തുരുത്തി കുടുംബാംഗമാണ്. മകന്‍: ജോണ്‍കുട്ടി ജോണ്‍.

കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ പദവികള്‍ വഹിച്ചിട്ടുള്ള ടി.എസ്. ജോണ്‍ 1977-82, 1996 കാലഘട്ടങ്ങളില്‍ കല്ലൂപ്പാറ നിയമസഭാ നിയോജക മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. ആന്‍റണിയുടെയും പി.കെ. വാസുദേവന്‍ നായരുടെയും മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപൈ്ളസ് മന്ത്രിയായിരുന്ന അദ്ദേഹം 1976ല്‍ 30ാം വയസ്സില്‍ കേരള നിയമസഭാ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. നാലാം കേരള നിയമസഭയില്‍ ഒരുവര്‍ഷമാണ് ടി.എസ്. ജോണ്‍ സ്പീക്കറായിരുന്നത്.

കേരള കോണ്‍ഗ്രസിന്‍െറ തുടക്കം മുതല്‍ സജീവമായിരുന്ന ടി.എസ്. ജോണ്‍ 1978ലെ പിളര്‍പ്പില്‍ പി.ജെ. ജോസഫിനൊപ്പം ചേര്‍ന്നെങ്കിലും 2003ല്‍ കേരള കോണ്‍ഗ്രസ് സെക്കുലര്‍ രൂപവത്കരിച്ചപ്പോള്‍ പി.സി. ജോര്‍ജ് വിഭാഗത്തിലേക്ക് മാറി. ഇവിടെയും അഭിപ്രായഭിന്നത ഉടലെടുത്തതോടെ പുതിയ കേരള കോണ്‍ഗ്രസിന് രൂപംനല്‍കുകയും അതിന്‍െറ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയുമായിരുന്നു. പി.സി. ജോര്‍ജുമായുള്ള ഭിന്നതയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സെക്കുലറില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കിയതും ടി.എസ് ജോണ്‍ ആയിരുന്നു.

ഹൈകോടതിയിലെ അഭിഭാഷകനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മല്ലപ്പള്ളി, കല്ലൂപ്പാറ പ്രദേശങ്ങളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ തുടക്കക്കാരന്‍ കൂടിയായിരുന്നു. ഭക്ഷ്യ സിവില്‍ സപൈ്ളസ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹമാണ് മാവേലി സ്റ്റോറുകള്‍ക്ക് തുടക്കം കുറിച്ചത്. കര്‍ഷക യൂനിയന്‍െറ ആദ്യ സംസ്ഥാന പ്രസിഡന്‍റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
മരണ വിവരമറിഞ്ഞ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ആശുപത്രിയിലത്തെി. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, ജോണിന്‍െറ സുഹൃത്ത് ഫാ. തോമസ് കയ്യത്തേറ, കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടറി വി.ടി. ജോസഫ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിറിയക് കാവില്‍, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് സി.വി. തോമസ് എന്നിവര്‍ ആശുപത്രിയിലത്തെി അന്തിമോപചാരം അര്‍പ്പിച്ചു. സിവില്‍ സപൈ്ളസ് മന്ത്രി പി. തിലോത്തമന് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു. ഉച്ചയോടെ മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കല്ലൂപ്പാറ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളി സെമിത്തേരിയില്‍ പരിശുദ്ധ കാതോലിക്കബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

Print Friendly, PDF & Email

Leave a Comment