തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് റദ്ദാക്കി

375926_270644299721269_1921347744_nകോഴിക്കോട്: സഹകരണ ഗജകേസരിപ്പട്ടം നല്‍കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും ആദരിക്കുന്ന ചടങ്ങില്‍നിന്ന് സംഘാടകര്‍ പിന്മാറി. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് ആനയെ ആദരിക്കുന്നത് റദ്ദാക്കിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് മാടമ്പ് കുഞ്ഞുകുട്ടനെ ആദരിക്കുന്നതിനോടനുബന്ധിച്ച് സഹകരണ ഗജകേസരിപ്പട്ടം നല്‍കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയും ആദരിക്കാനായിരുന്നു നീക്കം. എന്നാല്‍, കൊലയാളി ആനക്ക് പട്ടം നല്‍കി ആദരിക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കൊലയാളി ആനയല്ളെന്ന് മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു. ഒരു കണ്ണിന് കാഴ്ചയില്ല. അത് ജന്മനായുള്ളതാണെന്ന് കരുതുന്നില്ലെന്നും മനുഷ്യസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആനകളെക്കുറിച്ച് പല തെറ്റിദ്ധാരണകളും പുലര്‍ത്തുന്നവരാണ് ജനങ്ങളെന്ന് മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു. മനുഷ്യന്‍െറ കുടിപ്പകയുടെ രാഷ്ട്രീയം ആനകള്‍ക്കില്ല. ഉറങ്ങിക്കിടക്കുന്ന മനുഷ്യനെയോ വീട്ടില്‍ കയറിയോ ആന കൊന്നതായി കേട്ടിട്ടില്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ആന മനുഷ്യനേക്കാള്‍ ഭേദമാണ്. ആനകളെ ഇത്രയധികം ദ്രോഹിക്കുന്ന വര്‍ഗമാണ് കേരളീയര്‍. ഒരു ആനയും ഇങ്ങോട്ട് വന്ന് പ്രകോപനമില്ലാതെ ആക്രമിക്കില്ല. ആനയെ വെറുമൊരു കാശുവാരുന്ന മാര്‍ഗമായി കാണാതെ ജീവനുള്ള ജന്തുവാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മാടമ്പ് കുഞ്ഞുകുട്ടനെ ആദരിച്ചു. ഓട്ടോഡ്രൈവര്‍മാര്‍ക്കായി ബാങ്ക് നടപ്പാക്കിയ സൗജന്യ അപകട ഇന്‍ഷുറന്‍സിന്‍െറ പോളിസി വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സഹകരണ വകുപ്പിലെ 32 വര്‍ഷത്തെ സേവനത്തിനുശേഷം അഡീഷനല്‍ രജിസ്ട്രാറായി വിരമിച്ച കെ.വി. സുരേഷിനെ അഡ്വ. ടി.എം. വേലായുധന്‍ ആദരിച്ചു.

കേരളത്തിലിന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഈ ആനയെ ആദരിക്കുന്ന ചടങ്ങ് തടയണമെന്നാവശ്യപ്പെട്ട് വന്യമൃഗസംരക്ഷണത്തിന്റെയും ക്ഷേമത്തിന്റെയും പേരില്‍ തൃശ്ശൂരുകാരനായ ഒരാന പ്രേമി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍. ആനയുടെ യാത്ര പീഡനമാണെന്നും, ആനയ്ക്ക് കാഴ്ച്ച ശക്തി കുറവാണെന്നും മുന്‍കാലങ്ങളില്‍ കുറേപേരെ കൊന്നിട്ടുണ്ടെന്നുമൊക്കെ കാണിച്ച് ഗജ കേസരിപട്ടം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഈ സംഘടനയുടെ ഭാരവാഹി നേരത്തെ പത്രകുറിപ്പ് ഇറക്കുകയും അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. അതനുസരിച്ച് കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് ഡിഎഫ്ഒ ഉദയ്കുമാര്‍ ആനയെ കൊണ്ടുവരരുതെന്ന് രേഖാമൂലം ബാങ്കിനോട് ആവശ്യപ്പെടുകയുണ്ടായി. ചടങ്ങ് ഉപേക്ഷിക്കാന്‍ വേണ്ടത് ചെയ്യാന്‍ കലക്ടറോടും സ്റ്റി പൊലീസ് കണ്ണീഷണറോടും ആവശ്യപ്പെടുകയും ചെയ്തു.
യാത്രാനുമതി നല്‍കുന്നത് തൃശ്ശൂരിലെ വനംവകുപ്പ് അധികൃതരാകയാല്‍ ആന കോഴിക്കോട് എത്തുമെങ്കില്‍ സ്വീകരിക്കാമെന്നതായിരുന്നു ബാങ്കിന്റെ നിലപാട്. അതനുസരിച്ച് വേണ്ട ഒരുക്കങ്ങള്‍ ചെയ്തിട്ടുമുണ്ട്. കോഴിക്കോട്ടെ ആനപ്രേമികള്‍ ബാങ്കിന്റെ നിലപാടിനെ പ്രശംസിച്ചു.

കേരളത്തില്‍ ഇന്നുള്ള നാട്ടാനകളില്‍ ഏറ്റവും ഉയരം കൂടിയവനാണ് രാമചന്ദ്രന്‍ വിരിഞ്ഞ മസ്തകം, കൊഴുത്തുരുണ്ട ഉടല്‍, ഉറച്ച കാലുകള്‍, ലക്ഷണമൊത്ത നഖങ്ങള്‍, നിലംമുട്ടുന്ന തുമ്പിക്കൈ തിടമ്പ് ഏറ്റികഴിഞ്ഞാല്‍ ഇറക്കുന്നത് വരെ തലയുയര്‍ത്തിയുള്ള നില്‍പ്പ് ഇതൊക്കെയാണ് രാമചന്ദ്രനെ മറ്റ് ആനകളില്‍ നിന്നും വ്യത്യസ്ഥനായി കാണുന്നത്.

തൃശ്ശൂരിലും പരിസരങ്ങളിലും നടക്കാറുള്ള പ്രധാന ക്ഷേത്ര ഉല്‍സവങ്ങളില്‍ രാമചന്ദ്രന്റെ സാന്നിദ്ധ്യം ഉറപ്പാക്കുക പതിവുണ്ട്. രണ്ട് മാസം മുമ്പ് രാമചന്ദ്രനെ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള ഉല്‍സവങ്ങള്‍ക്ക് കൊണ്ടുപോയിരുന്നുവത്രേ. എങ്കില്‍ കോഴിക്കോട്ട് വരാന്‍ എന്താണ് തടസ്സമെന്നാണ് ഇവിടുത്തെ ആനകമ്പക്കാര്‍ക്ക് മനസ്സിലാകാത്തതും. രാമചന്ദ്രന്റെ യാത്ര പ്രത്യേക വാഹനത്തിലാണ്. കൂടെ മൃഗഡോക്ടറും ക്ഷേത്രം ഭാരവാഹികളും മറ്റ് പരിവാരങ്ങളും ഉണ്ടാകും. പക്ഷേ ആനയുടെ സുരക്ഷയല്ല മറ്റ് എന്തോ താല്‍പര്യങ്ങളാണ് കാരണമെന്ന് പറയപ്പെടുന്നുണ്ട്. എന്നാല്‍ ഇതിലേറെ കൗതുകകരം ചടങ്ങ് നടത്തെരുതെന്ന് പറയാന്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്റ്റ് ഡിഫ്ഒ ഉന്നയിച്ച കാരണമാണ്.

വാണിജ്യ താല്‍പര്യമാണ് (കോമേഴ്‌സ്യല്‍ പര്‍പ്പെസ്) ബാങ്കിന്റേതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. കേരളത്തിലെ പ്രൈമറി സഹകരണ ബാങ്കുകളില്‍ ഒന്നാംസ്ഥാനത്തുള്ള കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന് രാമചന്ദ്രനില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. സഹകരണ ബാങ്കുകളുടെ വാണിജ്യരീതിയില്‍ പ്രധാനം വായ്പ അനുവദിക്കലും നിക്ഷേപം സ്വീകരിക്കലുമാണ്. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ ബാങ്കില്‍ വായ്പയ്ക്ക് അപേക്ഷിക്കുകയോ നിക്ഷേപം നല്‍കാമെന്ന് അറിയിക്കുകയോ ഉണ്ടായിട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ പരിഹാസം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News