നഴ്സിനെ ബലാല്‍സംഗം ചെയ്തെന്ന വാര്‍ത്ത വിവാദത്തിലേക്ക്; ഫേസ്ബുക് പേജ് ഉടമക്കെതിരെ ആശുപത്രിയുടെ മാനനഷ്ടക്കേസ്

healthcare-slide1കൊച്ചി: അമൃത ആശുപത്രിയിലെ നഴ്സ് ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഓണ്‍ലൈന്‍, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തക്കെതിരെ ആശുപത്രി അധികൃതര്‍ രംഗത്ത്. പോരാളി ഷാജി എന്നയാളുടെ ഫേസ്ബുക് പേജിലൂടെ ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചെന്നാരോപിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ ഫേസ്ബുക് പേജ് ഉടമക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. സംഭവത്തിന്‍െറ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തി.

പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൂട്ടപരാതി നല്‍കാനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ തയാറെടുക്കുകയാണ്. നഴ്സുമാരുടെ സംഘടന യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ജാസ്മിന്‍ ഷാ അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നേറ്റോക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.

അന്വേഷണം ആവശ്യപ്പെട്ട് ആര്‍.എം.പി നേതാവ് കെ.കെ. രമ ഡി.ജി.പി, ആരോഗ്യമന്ത്രി കെ.കെ. ശൈലജ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഒൗദ്യോഗിക പരാതി ലഭ്യമാകാത്ത സ്ഥിതിക്ക് അന്വേഷിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസിന്‍െറ നിലപാട്.

ആശുപത്രിയില്‍ പുതുതായി ജോലിക്കുചേര്‍ന്ന നഴ്സ് ജോലി കഴിഞ്ഞ് താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് പോകും വഴി റെയില്‍വേ ട്രാക്കിനടുത്ത് ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് വാര്‍ത്ത. ഗുരുതര പരിക്കേറ്റ യുവതിയെ രഹസ്യമായി ചികിത്സിക്കുകയാണെന്നും സംഭവം പുറത്തറിഞ്ഞാല്‍ ആശുപത്രിക്ക് നാണക്കേടുണ്ടാകുമെന്ന കാരണത്താലാണ് രഹസ്യമാക്കുന്നതെന്നുമായിരുന്നു ആരോപണം. യുവതിയുടെ കുടുംബത്തെ ആശുപത്രി അധികൃതര്‍ സ്വാധീനിച്ചാണ് രഹസ്യമാക്കി വെക്കാന്‍ ശ്രമിക്കുന്നതെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പെണ്‍കുട്ടി തങ്ങളുടെ അസോസിയേഷന്‍ അംഗമല്ലെന്നും അവരുടെ പേരുവിവരം ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ലെന്നുമാണ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

നഴ്സിനെ ബലാത്സംഗം ചെയ്ത വാര്‍ത്ത അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രി നഴ്സ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് അതേ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നഴ്സിനെതിരെ നടന്ന ബലാത്സംഗ വാര്‍ത്ത യാഥാര്‍ഥ്യമാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment