മജിസ്ട്രേറ്റിനു മുന്നില്‍ പ്രതി അക്ഷോഭ്യനായി നിന്നു; നിയമസഹായം വേണമെന്ന് ആവശ്യപ്പെട്ടു, തിരിച്ചറിയല്‍ പരേഡ് തിങ്കളാഴ്ച
കൊച്ചി: ജിഷ വധക്കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമീറുല്‍ ഇസ്ലാം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് വി. മഞ്ജുവിന് മുന്നില്‍ നിന്നത് തികച്ചും അക്ഷോഭ്യനായി. പുറത്ത് ജനക്കൂട്ടം ഇവനെ വിട്ടുതരൂ എന്ന് ആക്രോശിച്ചപ്പോഴും അവര്‍ എന്താണ് പറയുന്നത് എന്ന് കൗതുകത്തോടെ കേള്ക്കുകമാത്രമായിരുന്നു ഇയാള്‍. ഒരു പ്രതികരണവുമില്ലാതെ. അതേസമയം, നിയമനടപടികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതുപോലെയായിരുന്നു കോടതിയില്‍ ഇയാളുടെ പെരുമാറ്റം. ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച നിലയിലാണ് പ്രതിയെ കൊണ്ടുവന്നത്.
ആദ്യം ചേംബറില്‍ ഹാജരാക്കിയ പ്രതിയുടെ ഹെല്‍മറ്റ് മാറ്റി മജിസ്ട്രേറ്റിന് മുഖം കാണിച്ചുകൊടുത്തു. തുടര്‍ന്ന് കറുത്ത തുണികൊണ്ട് മുഖം മറച്ച് കോടതി ഹാളിലെത്തിച്ച് പ്രതിക്കൂട്ടില്‍ കയറ്റി. അസമിസ് ഭാഷ അറിയാവുന്ന ലിപ്റ്റണ്‍ ബിശ്വാസ് എന്ന ബംഗാളിയെ പൊലീസ് ദ്വിഭാഷിയായി കൊണ്ടുവന്നിരുന്നു. ഇയാളുടെ സഹായത്തോടെ കോടതി പ്രതിയോട് പൊലീസിനെക്കുറിച്ച് പരാതിയുണ്ടോ എന്നാരാഞ്ഞു. ഇല്ലെന്നായിരുന്നു മറുപടി. അഭിഭാഷകന്‍െറ സഹായം വേണമോ എന്നാരാഞ്ഞപ്പോള്‍ വേണം എന്നും മറുപടി നല്കി. തുടര്‍ന്ന് ലീഗല്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത കോടതി പൂളിലുള്ള അഡ്വ. പി. രാജനെ അഭിഭാഷകനായി ചുമതലപ്പെടുത്തി. അഭിഭാഷകന്‍െറ സൗജന്യ സേവനം പ്രതിക്ക് ലഭിക്കും. തുടര്‍ന്ന് ദ്വിഭാഷിയോട് ഏതെല്ലാം ഭാഷ അറിയാമെന്നും മറ്റു വിവരങ്ങളും തിരക്കി. തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത പ്രതിയെ അഞ്ചോടെ കാക്കനാട്ടെ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. കൊലപാതകം, ലൈംഗികപീഡനം എന്നിവക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307 വകുപ്പുകളും ദലിത് പീഡന നിരോധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന പൊലീസിന്‍െറ ആവശ്യം പരിഗണിച്ച് ജയിലില്‍ മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതി ഉത്തരവായി. ഇയാളുടെ സുഹൃത്തുക്കളായ ഇതരസംസ്ഥാന തൊഴിലാളികള്‍, ഇയാള്‍ ചെരിപ്പ് വാങ്ങിയ കടയുടെ ഉടമ തുടങ്ങിയവരെ തിരിച്ചറിയല്‍ പരേഡിന് ജയിലില്‍ എത്തിക്കും. തിങ്കളാഴ്ച തിരിച്ചറിയല്‍ പരേഡ് നടക്കും. അന്നുതന്നെ പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ജിഷയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കും.
വ്യാഴാഴ്ച വൈകുന്നേരം 4.45ഓടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 വരെ പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തു. ആദ്യഘട്ടത്തില്‍ മൊഴികള്‍ മാറ്റിമാറ്റിപ്പറഞ്ഞ് കുഴക്കിയ പ്രതി പിന്നീടാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായത്. ഇതിനിടെ മനോരോഗിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ആലുവ താലൂക്ക് ആശുപത്രി ആര്.എം.ഒ ഡോ. പ്രേമിന്‍െറയും പൊലീസ് സര്‍ജന്‍െറയും നേതൃത്വത്തില്‍ പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതിക്ക് ലൈംഗികശേഷി ഉണ്ടോയെന്നും ജിഷയുമായുള്ള മല്‍പിടിത്തത്തിനിടെ ദേഹത്ത് പരിക്കേറ്റിട്ടുണ്ടോയെന്നും പരിശോധിച്ചു. മറ്റ് രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ രക്തസാമ്പിളും ശേഖരിച്ചു.
ജിഷയുടെ വാതിലിന്‍െറ ടവര്‍ബോള്‍ട്ടില്‍ കാണപ്പെട്ട രക്തക്കറ പരിശോധനക്ക് വിധേയമാക്കിയപ്പോഴും നേരത്തേ കണ്ടത്തെിയ ഡി.എന്‍.എയുമായി സാമ്യമുണ്ടെന്ന് വ്യക്തമായിരുന്നു. ഈ ചോരക്കറക്ക് കാരണമായ മുറിവും ഡോക്ടര്‍മാര്‍ പരിശോധിച്ചു. പ്രതിയുടെ ഉയരവും തൂക്കവും അളന്നു. മുംബൈയില്‍നിന്നത്തെിയ ഡി.ജി.പി ലോക്നാഥ ബെഹ്റയും പ്രതിയെ ചോദ്യം ചെയ്തു.
ജിഷ വധം: മാധ്യമപ്രവര്‍ത്തകരെ കഥ മെനയാന്‍ വിട്ട് പൊലീസ്, ജനം അറിയാന്‍ ആഗ്രഹിക്കുന്നത് പറയുമെന്ന് ഡി.ജി.പി
ജിഷ വധക്കേസ് പ്രതിയെ മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവരാതെ പൊലിസിന്‍െറ ഒളിച്ചുകളി. പ്രതിയെ അറസ്റ്റുചെയ്തു എന്ന വിവരമല്ലാതെ മറ്റൊന്നും ഇതുവരെ പൊലീസ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളില്‍ വരുന്നതെല്ലാം ഉദ്യോഗസ്ഥര്‍ അവരുടെ ഭാവനക്കനുസരിച്ച് ചോര്ത്തിക്കൊടുക്കുന്നതാണ്. പ്രതി പറഞ്ഞു എന്ന മട്ടില്‍ ഇതുവരെ പുറത്തുവന്ന വിവരങ്ങളില്‍ പലതും അവാസ്തവമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ശാസ്ത്രീയമായ അന്വേഷണം പൂര്‍ത്തിയായശേഷം മതി പ്രതിയെ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രദര്ശിപ്പിക്കാനെന്നാണ് ഡി.ജി.പിയുടെ ഉത്തരവ്. ജനം പലതും അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അത് ഉടന്‍ തുറന്നുപറയുമെന്നുമാണ് ലോക്നാഥ് ബഹ്റ പറയുന്നത്.
മാധ്യമങ്ങളോട് വാ തോരാതെ സംസാരിക്കാറുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി ബി. സന്ധ്യയും പ്രതിയെ പിടികൂടിയ ശേഷം ഒന്നും മിണ്ടിയിട്ടില്ല. വ്യാഴാഴ്ച പ്രതിയെ അറസ്റ്റ്ചെയ്ത ശേഷം ആലുവ പൊലീസ് ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്രപേരുണ്ടെന്ന് തിരക്കിയശേഷം എല്ലാവര്ക്കും ഇരിക്കാന്‍ സൗകര്യമില്ലെന്നും സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു. പിന്നീട് പൊലീസ് ക്ളബിന്‍െറ പോര്‍ട്ടിക്കോയില്‍ നിന്ന് തങ്ങളോട് സഹകരിക്കണമെന്നുപറഞ്ഞ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ പോവുകയായിരുന്നു എ.ഡി.ജി.പി.
ഒന്നര പേജുള്ള വാര്‍ത്താക്കുറിപ്പ് വിതരണം ചെയ്ത് തടിതപ്പുകയായിരുന്നു പൊലീസ്.
അതേസമയം, പ്രതി സമ്മതിച്ചു എന്ന മട്ടില്‍ നിരവധി കഥകള്‍ ദിനംപ്രതി പുറത്തുവരുന്നുണ്ട്. ഇതെല്ലാം സത്യമാണോ എന്ന് ഒരു ഉറപ്പുമില്ല. ജിഷയെ പ്രതിക്ക് മുമ്പ് പരിചയമുണ്ടായിരുന്നോ എന്നും തന്നെ അടിക്കുമെന്നുപറഞ്ഞ് ചെരിപ്പ് ഊരി ആംഗ്യം കാണിച്ചതിലെ ദേഷ്യം തീര്‍ക്കാനാണ് ജിഷയുടെ വീട്ടിലേക്ക് പോയതെന്ന് പ്രതി പറഞ്ഞതായ മൊഴിയില്‍ വസ്തുതയുണ്ടോയെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിനല്കാന് പൊലീസ് ഒരുക്കമായിരുന്നില്ല. ജിഷയെ ലൈംഗികപീഡനത്തിനുള്ള ശ്രമത്തിനിടെയാണ് കൊലചെയ്തതെന്ന് അന്വേഷണസംഘത്തിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍, പൊലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ജിഷയെ ലൈംഗികപീഡനം നടത്തി കൊന്നുവെന്നായിരുന്നു.
ജിഷയെ വധിക്കാന്‍ ഉപയോഗിച്ച കത്തി ആദ്യസംഘം കണ്ടെടുത്തെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞിരുന്നു. എന്നാല്‍, പ്രതി താമസിച്ചിരുന്ന മുറിയില്‍നിന്ന് വ്യാഴാഴ്ച രാത്രി ‘കൊലക്കത്തി’ കണ്ടെടുത്തു. ഇതാകട്ടെ തൊട്ടടുത്ത പറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ട് പൊലീസിനെ അറിയിച്ചതായിരുന്നു. പൊലീസ് കണ്ടെത്തിയ കത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാണിച്ചുകൊടുത്തതാണ്. പ്രതി താമസിച്ച കെട്ടിടത്തിന്‍െറ തൊട്ടടുത്ത പറമ്പില്‍നിന്നാണ് വ്യാഴാഴ്ച കത്തി കണ്ടത്തെിയത്.
എന്നാല്‍, പ്രതി താമസിച്ച മുറിയില്‍നിന്ന് ആയുധം കണ്ടെത്തിയെന്നാണ് പൊലീസ് പറഞ്ഞത്. നിയമസഭാ തെരഞ്ഞടുപ്പുഫലം പുറത്തുവന്നപ്പോള്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത് ആയുധം കണ്ടെത്തിയ പറമ്പിലായിരുന്നു. അന്ന് കത്തി ഇവരുടെ ശ്രദ്ധയില്‍ പതിഞ്ഞിരുന്നു. വ്യാഴാഴ്ച വൈദ്യശാലപ്പടിയിലെ കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നതെന്ന വിവരം അറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിയുടെ വിവരം പൊലീസിനെ ധരിപ്പിക്കുകയായിരുന്നു. ജിഷയുടെ വീടിനുസമീപത്തുനിന്ന് പൊലീസ് നേരത്തേ ഒരു കത്തി കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രതി ജിഷയെ വധിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇത് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പ്രതി കുറ്റം സമ്മതിച്ചെന്ന് ദ്വിഭാഷി കോടതിയില്‍; മൊഴി മാറ്റിപ്പറഞ്ഞ് പ്രതി പൊലിസിനെ വട്ടം കറക്കുന്നു
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാം കുറ്റം സമ്മതിച്ചതായി ഇയാള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ ദ്വിഭാഷി കോടതിയെ അറിയിച്ചു. ചെയ്ത കാര്യങ്ങളില്‍ പ്രതിക്ക് കുറ്റബോധമില്ലെന്ന് ദ്വിഭാഷി കൊല്‍ക്കത്ത സ്വദേശി ലിപ്സണ്‍ ബിശ്വാസ് പറഞ്ഞു.
ആലുവ കുട്ടമശേരിയില്‍ താമസിക്കുന്ന ലിപ്സണ്‍ കേരളത്തില്‍ എത്തിയിട്ട് 20 വര്‍ഷമായി. ബംഗാളിക്കുപുറമെ അസമീസ്, ഹിന്ദി, മലയാളം ഭാഷകള്‍ നന്നായി അറിയാം. പെരുമ്പാവൂരില്‍ നേരത്തേ മൊബൈല്‍ കട നടത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ലിപ്സണെ പൊലീസ് ദ്വിഭാഷിയായി ആലുവ പൊലീസ് ക്ളബില്‍ എത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30വരെ പൊലീസ് പ്രതിയെ ചോദ്യംചെയ്തു. അസമീസും ബംഗാളി ഭാഷയും തമ്മില്‍ നേരിയ വ്യത്യാസമെയുള്ളൂവെന്നും അസംകാര്‍ക്കും ബംഗാളികള്‍ക്കും ആശയവിനിമയത്തിന് പ്രയാസമില്ലെന്നും ലിപ്സണ്‍ പറഞ്ഞു.
പ്രതി അമീറുല്‍ ഇസ്ലാം മൊഴി മാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ജിഷയുടെ വീടിനടുത്ത സ്ത്രീകളുടെ കുളിക്കടവില്‍ തെറ്റിക്കയറിയ അമീറുല്‍ ഇസ്ലാമിനെ ഒരു സ്ത്രീ കരണത്തടിച്ചെന്നും അത് കണ്ട് ജിഷ കളിയാക്കിച്ചിരിച്ചെന്നും ഇയാള്‍ വ്യാഴാഴ്ച മൊഴി നല്‍കുകയായിരുന്നു. എന്നാല്‍, ഇത് പിന്നീട് മാറ്റിപ്പറഞ്ഞു. തനിക്ക് ജിഷയോട് കടുത്ത ലൈംഗികതാല്പര്യമുണ്ടായിരുന്നെന്ന് പ്രതി പറഞ്ഞു. ജിഷയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു മുഖ്യലക്ഷ്യം. ലൈംഗികാസക്തി മനോഭാവമുള്ള പ്രതി നാട്ടില്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായും മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. താനല്ല കൊല നടത്തിയതെന്നായിരുന്നു പ്രതി ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് മുറയില്‍ ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. മൂന്നുപേര്‍ ചേര്‍ന്നാണ് കൃത്യം ചെയ്തതെന്നും ഇടക്ക് പറഞ്ഞെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു.
ഏപ്രില്‍ 28ന് വട്ടോളിപ്പടിയിലെ വീടിന് മുന്നിലൂടെ നടന്നുപോയപ്പോള്‍ ജിഷയെ നോക്കി ചിരിച്ചെന്നും തുടര്‍ന്ന് ജിഷ തന്നെ അടിക്കുമെന്ന് പറഞ്ഞ് ചെരിപ്പ് ഉയര്‍ത്തി കാണിച്ചെന്നും ഈ ദേഷ്യത്തിലാണ് താന്‍ വൈകീട്ട് വീട്ടിലെത്തിയതെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് വെള്ളിയാഴ്ച ഇയാള്‍ മാറ്റിപ്പറഞ്ഞു. ജിഷയോട് തോന്നിയ ലൈംഗിക ആഗ്രഹമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പിന്നീട് പറഞ്ഞത്. പ്രതി ബംഗ്ളാദേശില്‍നിന്ന് കുടിയേറിയതാണ്. കൊടും കുറ്റവാളിയാണ് പ്രതിയെന്നും ലൈംഗികവൈകൃതം പ്രകടിപ്പിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
പ്രതിയെ വിട്ടുതരൂ എന്ന് നാട്ടുകാര്‍, പൊലീസ് ലാത്തി വീശി
പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതിയെ കാണാന്‍ നിരവധി ആളുകളാണ് വെള്ളിയാഴ്ച രാവിലെമുതല്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിപരിസരത്ത് തടിച്ചുകൂടിയത്. ആള്‍ക്കൂട്ടത്തില്‍നിന്ന് പ്രതിക്കുനേരെ ആക്രമണമുണ്ടാകുമെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കോടതി പരിസരത്ത് വടംകെട്ടി തിരിച്ചിരിക്കുകയായിരുന്നു. കോടതിവളപ്പിന്െറ മുന്‍വശത്തും കോടതിയുടെ മുന്നിലെ ഗേറ്റിലും പൊലീസ് സുരക്ഷയൊരുക്കിയിരുന്നു.
വൈകുന്നേരം നാലുമണിയോടെ കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ചും ആളുകള്‍ പ്രതിയെ കാണാന്‍ കാത്തുനിന്നു. 4.45ന് പ്രതിയെ എത്തിക്കുന്നതിനുമുമ്പ് വന്ന വാഹനത്തിനുനേരെയും ശേഷം പ്രതിയുമായി വന്ന വാനിനുമുന്നിലും ചാടാന്‍ ശ്രമിച്ച ജനത്തിനുനേരെ പൊലീസ് ലാത്തിവീശി. ഇതിനുശേഷമാണ് വാഹനങ്ങള്‍ക്ക് കോടതിവളപ്പിലേക്ക് കയറാനായത്. പ്രതിയെ തങ്ങള്‍ക്ക് വിട്ടുതരൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
സത്യം മറച്ചുവച്ചതിന് കെട്ടിടമുടമസ്ഥനെതിരെ കേസെടുക്കും
കൊച്ചി: ജിഷ വധക്കേസിലെ പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്‍െറ ഉടമക്കെതിരെ കേസെടുത്തേക്കും. പ്രതിയെ തേടി അന്വേഷണസംഘം പ്രതി താമസിച്ച വൈദ്യശാലപ്പടിയിലെ കളമ്പാടന്‍ ജോര്‍ജിനെയും സമീപിച്ചിരുന്നു.
അന്ന് അമീറുല്‍ ഇസ്ലാം താമസിച്ച വിവരം ജോര്‍ജ് മറച്ചുവെച്ചു. പിന്നീട് പ്രതി പിടിയിലായ ശേഷമാണ് താമസിച്ചവിവരം പൊലീസ് അറിയുന്നത്. ബംഗാളികള്‍ മാത്രമാണ് കെട്ടിടത്തില്‍ താമസക്കാരായിട്ടുള്ളതെന്നും അസമികളാരും താമസക്കാരായി ഇല്ളെന്നുമാണ് അന്ന് ജോര്‍ജ് പൊലീസിനെ അറിയിച്ചത്. ശരിയായ വിവരം മറച്ചുവെച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇതര സംസ്ഥാനക്കാരെ ഇവിടെ താമസിപ്പിച്ചിരുന്നത്.
കുളിക്കടവില്‍ പ്രശ്നമുണ്ടായതായി അറിയില്ളെന്ന് സമീപവാസികള്‍
പെരുമ്പാവൂര്‍: പ്രതി അമീറുല്‍ ഇസ്ലാം പറഞ്ഞതായി പൊലീസ് അറിയിച്ച കുളിക്കടവിലെ പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്ന് നാട്ടുകാര്‍. കനാലിലെ വീതികൂടിയ സ്ഥലമാണ് കുളിക്കടവായി ഉപയോഗിക്കുന്നത്. ഇവിടെയാണ് സ്ത്രീകള്‍ കുളിച്ചിരുന്നത്.
കൊലപാതകത്തിന് കുറച്ചുദിവസം മുമ്പ് സ്ത്രീകളുടെ കുളിക്കടവില്‍ കയറിയ പ്രതിയെ ഒരു സ്ത്രീ കരണത്തടിക്കുകയായിരുന്നെന്നും ജിഷ കളിയാക്കിച്ചിരിച്ചെന്നും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍, സമീപവാസികളായ സ്ത്രീകളാരും ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല.
സാധാരണ അയല്‍വാസികളുമായി ചങ്ങാത്തത്തിനില്ലാത്ത ജിഷ കുളിക്കടവിലും ആരോടും സൗഹൃദത്തിന് ഉണ്ടാകാറില്ല. മറ്റാരെങ്കിലും അലക്കുന്നതിനിടെ വെള്ളം തെറിച്ചാല്‍ മാറിപ്പോവുകയാണ് ചെയ്യാറെന്ന് അയല്‍വാസികള്‍ പറയുന്നു. ഇതോടെ കൊലപാതകത്തിനുള്ള ആദ്യകാരണമായി പൊലീസ് നിരത്തിയ കാര്യത്തില്‍ സംശയാലുക്കളാണ് നാട്ടുകാര്‍.
പൊലീസ് കഥയില്‍ അവിശ്വാസത്തോടെ ജിഷയുടെ പിതാവ് പാപ്പു; കേസ് സി.ബി.ഐക്ക് വിടണമെന്ന്
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ വിശ്വാസമില്ലെന്ന് ജിഷയുടെ പിതാവ് പാപ്പു. അമീറുല്‍ ഇസ്ലാമിന് ജിഷയോടുള്ള വൈരാഗ്യത്തിന് കാരണമായി പൊലീസ് പറയുന്ന കഥ വിശ്വസിക്കാനാവില്ല. കേസ് സി.ബി.ഐക്ക് വിടണമെന്നും ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും പാപ്പു പറഞ്ഞു.കൊലപാതകത്തിന് പിന്നില്‍ വന്‍ശക്തികളുണ്ട്. ഇവരെ പിടിക്കാതെ കൊല ചെയ്തയാളെ മാത്രം പിടിക്കുകയാണ് ചെയ്തത്. സി.പി.എമ്മും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പാപ്പു ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ജിഷ കേസ് പ്രധാന വിഷയമായി ഉയര്‍ത്തിയവര്‍ അധികാരത്തിലേറിയ ശേഷം പേരിന് ഒരു ഇതരസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയും വിശ്വാസമില്ലാതായി. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-യു.ഡി.എഫ് ബന്ധം വ്യക്തമാണ്. എന്നാല്‍, പണം കണ്ടപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി എല്ലാം മറന്നുവെന്നും പാപ്പു ആരോപിച്ചു.
ജിഷയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ നിരവധി പരാതികള്‍ നല്‍കിയത് ഏത് ഉന്നതനെ കുറിച്ചായിരുന്നുവെന്നും മകളുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മതാചാര പ്രകാരം കര്‍മം നടത്താന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യം ചെവിക്കൊള്ളാതെ രാത്രി ഒന്‍പത് മണിയോടെ ധിറുതി പിടിച്ച് ദഹിപ്പിച്ചത് പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടിയായിരുന്നോയെന്നും പൊലീസ് മറുപടി പറയണമെന്നും പാപ്പു ആവശ്യപ്പെട്ടു.
സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ ജിഷയുടെ പിതാവ് പാപ്പുവിനെ വാര്‍ത്താസമ്മേളനത്തിലൂടെ രംഗത്തിറക്കിയത് ബി.ജെ.പിയാണ്. കേസില്‍ അസം സ്വദേശിയായ അമീറുല്‍ ഇസ്ലാം അറസ്റ്റിലായെങ്കിലും കേസില്‍ പങ്കുള്ള ഉന്നതരെ രക്ഷിക്കാന്‍ ഭരണകക്ഷിയായ സി.പി.എമ്മും മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസും ഒത്തുകളിക്കുന്നെന്നാണ് ബി.ജെ.പി വാദം.
കൊലനടന്ന് 50 ദിവസത്തിനുശേഷം പ്രതിയായ അസം സ്വദേശിയെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് അറസ്റ്റ് ചെയ്തത് നാടകമാണെന്നാണ് ബി.ജെ.പി ആരോപണം.