ജിഷ കൊലപാതകം; തന്റെ മകളുടെ കൊലപാതകത്തിന്റെ ചുരുളഴിയാന്‍ അമ്മ രാജേശ്വരിയെ ചോദ്യം ചെയ്താല്‍ മതിയെന്ന് അച്ഛന്‍

t_2കൊച്ചി: ജിഷയുടെ കൊലപാതകത്തിന്റെ ചുരുളഴിയാന്‍ അമ്മ രാജേശ്വരിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് അച്ഛന്‍ പാപ്പു എറണാകുളം ജില്ലാ കളക്ടറെ കണ്ട് അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ അമീറുല്‍ ഇസ്ലാമല്ല കുറ്റം ചെയ്തതെന്ന് കരുതുന്ന പാപ്പു ജോമോന്‍ പുത്തന് പുരയ്ക്കലിനോടൊപ്പമാണ് കളക്ടറെ കണ്ടത്.

ജിഷ തന്റെ മകളാണെന്നും അവളുടെ പേരില്‍ സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ ഒരു പങ്ക് തനിയ്ക്കും ലഭിക്കണമെന്ന് പാപ്പു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സഹായത്തില്‍ മോഹിതയായി രാജേശ്വരി സത്യം തുറന്ന് പറയാതിരിക്കുകയാണെന്ന് പാപ്പു ആരോപിച്ചു. പാപ്പുവിന്റെ ആരോപണം സത്യവിരുദ്ധമാണെന്നും അയാള്‍ക്ക് സഹായധനത്തിലാണ് കണ്ണെന്നും രാജേശ്വരി കുറ്റപ്പെടുത്തുന്നുമുണ്ട്. പാപ്പു ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ താളത്തിന് തുള്ളുകയാണെന്നും രാജേശ്വരി വിശ്വസിക്കുന്നു.

അതേ അവസരത്തില്‍ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ മലക്കം മറിച്ചില്‍ പൊലീസിനെ വട്ടം കറക്കുന്നുണ്ട്. ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും നേരത്തെ പറഞ്ഞ മൊഴികളില്‍ പലതും മാറ്റി പറഞ്ഞതിനാല്‍ പ്രതി അമീറുലിനെ കേസിലെ പ്രധാന തെളിവുകളുമായി എങ്ങനെ ബന്ധിപ്പിക്കണമെന്ന് പിടികിട്ടുന്നില്ല.

സംഭവദിവസം ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്ന് പ്രതി പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞെങ്കിലും മൊഴി കളവാണെന്ന് തെളിഞ്ഞ് കഴിഞ്ഞു. പ്രതിയുടെ സുഹൃത്ത് അനറുലിന്റെ പ്രേരണയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള മൊഴിയിലും പൊരുത്തകേടുകള്‍ ഉണ്ട്. മൊഴി മാറ്റി പറയുന്നത് സാധാരണ കുറ്റവാളികളുടെ ലക്ഷണമല്ലയെന്നും ഇതിനെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പ്രതിയ്ക്ക് ലഭിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവുന്നതല്ല. ബാഹ്യഇടപെടലുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി കൊലയ്ക്ക് ഉപയോഗിച്ച ആയുധവും ധരിച്ചിരുന്ന ചോരപുരണ്ട മഞ്ഞ ഷര്‍ട്ടും പ്രതിയുടെ മൊഴിയനുസരിച്ച് തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒരാഴ്ച്ച മുമ്പ് തന്നെ അത് മറ്റാരോ മാറ്റിയിരിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു.

കൊല നടത്തിയ ആയുധം കണ്ടെത്താന്‍ സാധിക്കാത്തത് കേസില്‍ തിരിച്ചടിയാകുമോയെന്ന് പൊലീസ് കരുതുന്നുണ്ട്. അതേസമയം ജിഷ വധം അമീറുല്‍ നേരത്തെ ആലോചിച്ച് ഉറപ്പിച്ചതാകുമെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച്ച മാത്രമ്മുള്ള വിവേക് എക്‌സ്പ്രസ് കയറി പ്രതി പോയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം രാവിലെ 5.45ന് പ്രതി ആലുവയില്‍ നിന്ന് ട്രയിനില്‍ കയറി എങ്ങോട്ടാണ് പോയതെന്ന് വ്യക്തമായിട്ടില്ല. കേസിലെ എല്ലാ സാധ്യതകളും വീണ്ടും പരിശോധിക്കാനാണ് പൊലീസ് നീക്കം.

കുറ്റവാളി ഒരാള്‍ തന്നെയാണെന്ന് പൊലീസ് സ്ഥീരികരിക്കുമ്പോഴും കേസില്‍ ദൂരുഹതകള്‍ നിലനില്‍ക്കുന്നത് എന്ത്‌കൊണ്ടാണെന്ന് വ്യക്തമാക്കാനും നിഗമനങ്ങളും വിശദീകരണങ്ങളും തറപ്പിച്ച് പറയാനും പൊലീസിന് സാധിക്കുന്നില്ല. കേസിലെ പല നിഗമനങ്ങളും പലഘട്ടങ്ങളിലും മാറിമറിഞ്ഞതിനാല്‍ കേസിലെ ചുരുളഴിയേണ്ട കണ്ണികള്‍ വിട്ട് കളഞ്ഞ് കൊണ്ട് പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ ശ്രമമെങ്കില്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് നിയമവിദ്ധഗ്ദരുടെ അഭിപ്രായം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment