Flash News

ആണവ വിതരണ സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കില്ല

June 24, 2016

0623N-modi_article_main_image

സിയൂള്‍: ആണവ വിതരണ സംഘത്തില്‍ ഇന്ത്യയ്ക്ക് അംഗത്വമില്ല. പ്ലീനറി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയ്ക്ക് അംഗത്വം നല്‍കരുതെന്ന് ദക്ഷിണകൊറിയന്‍ തലസ്ഥാനം സിയൂളില്‍ ചേര്‍ന്ന എന്‍എസ്ജി അംഗരാഷ്ട്രങ്ങളുടെ പ്രത്യേക സമ്മേളനത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഇതാണ് ഇന്ത്യക്കു തിരിച്ചടി. പ്ലീനറി യോഗത്തില്‍ അമെരിക്ക ഇന്ത്യയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ശക്തമായ നിലപാടുമായി ചൈനയും രംഗത്തെത്തി. ഇന്ത്യയ്ക്ക് അംഗത്വം നല്‍കുമെങ്കില്‍ പാക്കിസ്ഥാനെയും ഉള്‍പ്പെടുത്തണമെന്ന് ചൈന വ്യക്തമാക്കി. പ്ലീനറി യോഗം അവസാനിച്ചു.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാഷ്ട്രങ്ങളെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ബ്രസീല്‍, ഓസ്ട്രിയ, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കൈക്കൊണ്ടത്.

സിയൂളില്‍ എന്‍എസ്ജി അംഗരാഷ്ട്രങ്ങളുടെ സമ്മേളനം നടക്കുന്നതിനിടെ, താഷ്കെന്‍റില്‍ ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ കണ്ടു പിന്തുണ തേടിയിരുന്നു. എന്നാല്‍ ഇതു ഫലവത്തായില്ലെന്നാണ് സിയൂള്‍ യോഗത്തില്‍ ചൈനയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ നിലപാടില്‍ അയവുവരുത്താത്തതില്‍നിന്ന് മനസിലാക്കാനാകുക.

ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കുന്ന ചൈന കഴിഞ്ഞ ദിവസങ്ങളില്‍ പരസ്പരവിരുദ്ധ പ്രസ്താവനകളാണ് ഉന്നയിച്ചിരുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം കൊടുക്കുകയാണെങ്കില്‍ പാക്കിസ്ഥാനെയും ഇതിലേക്കായി പരിഗണിക്കണമെന്നാണു ചൈന വാദിച്ചത്. അതേസമയം, ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധത്തിന് യാതൊരു ഉലച്ചിലുമുണ്ടായിട്ടില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇന്നലെത്തെ പ്രതികരണം.

48 അംഗരാഷ്ട്രങ്ങളുള്ള എന്‍എസ്ജിയില്‍ ഒരംഗത്തിന്‍റെ എതിര്‍പ്പുണ്ടെങ്കില്‍പ്പോലും പ്രവേശനം അസാധ്യമാണെന്നിരിക്കെ സിയൂള്‍ സമ്മേളനത്തോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു. ബ്രിക്സ് അംഗവും സുഹൃദ് രാഷ്ട്രവുമായ ബ്രസീല്‍ എതിര്‍പ്പുമായെത്തിയത് ഇന്ത്യന്‍ നയതന്ത്രസംഘത്തെ ഞെട്ടിച്ചു. ഇന്ത്യയുടെ അംഗത്വം അജന്‍ഡയാക്കായിയിരുന്നു ഇന്നലെ രാത്രി പ്രത്യേക യോഗം ചേര്‍ന്നത്.

അതേസമയം, സുപ്രധാന യോഗത്തില്‍ പാക്കിസ്ഥാന്‍ വിഷയമായില്ലെന്നതും ശ്രദ്ധേയം.

വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള നയതന്ത്രസംഘം ചര്‍ച്ചയ്ക്കു മുന്നോടിയായി സിയൂളിലെത്തി വിവിധ രാഷ്ട്ര പ്രതിനിധികളുമായി സംസാരിച്ചിരുന്നു. അടുത്തവര്‍ഷം നടക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയുടെ അംഗത്വ വിഷയം മാറ്റിവയ്ക്കാനോ ഈവര്‍ഷംതന്നെ മറ്റൊരു യോഗം ചേര്‍ന്നു പരിഗണിക്കാനോ എന്‍എസ്ജിക്കാകും. സമ്മേളനം ഇന്നും തുടരും. ഇതിനിടെ, ഗ്രൂപ്പിലേക്കുള്ള പ്രവേശനത്തിന് ശക്തമായി വാദിച്ചു പാക്കിസ്ഥാന്‍ രംഗത്തെത്തി.

താഷ്കെന്‍റില്‍ ചൈനീസ് പ്രസിഡന്‍റുമായി പാക് പ്രസിഡന്‍റ് മമ്നൂണ്‍ ഹുസൈന്‍ കൂടിക്കാഴ്ച നടത്തി. നയങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഇളവുവരുത്തുന്നത് തെക്കന്‍ ഏഷ്യയിലെ സമാധാനനിലയ്ക്കു ഭീഷണിയുയര്‍ത്തുമെന്ന് ഹുസൈന്‍ വ്യക്തമാക്കി. ഇന്ത്യയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നതിനെ പരേക്ഷമായി പ്രതിരോധിച്ചുകൊണ്ടായിരുന്നു മമ്നൂണിന്‍റെ പ്രസ്താവന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top