Flash News

യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയെ നിശിതമായി വിമര്‍ശിച്ച് നയപ്രഖ്യാപനം

June 24, 2016

governor speechതിരുവനന്തപുരം: അഴിമതി തടയാന്‍ ഏഴിന പരിപാടികള്‍ നടപ്പാക്കുമെന്നും അഞ്ചു വര്‍ഷംകൊണ്ട് 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും ഗവര്‍ണര്‍ പി. സദാശിവം പിണറായി വിജയന്‍ സര്‍ക്കാറിനുവേണ്ടിയുള്ള നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. നവകേരള സൃഷ്ടിയാണ് സര്‍ക്കാറിന്‍െറ അജണ്ട. വന്‍കിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, റോഡ് വികസനത്തിനടക്കം ഭൂമി ഏറ്റെടുക്കും, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കും.

അഴിമതി,സ്വജന പക്ഷപാതം, ജനവിരുദ്ധ നയങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, മതേതരത്വം ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ എന്നിവക്ക് എതിരായ പ്രതിഷേധമാണ് തെരഞ്ഞെടുപ്പ് വിധിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുന്‍സര്‍ക്കാറില്‍നിന്ന് ലഭിച്ച പാരമ്പര്യം ഇരുണ്ടതാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതില്‍ ഭയന്ന് പിന്മാറില്ല.എത്ര ഭയാനകമാണെങ്കിലും വെല്ലുവിളികള്‍ അതിജീവിക്കും.സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ മുന്‍നിരയില്‍ കേരളത്തെ എത്തിക്കാന്‍ ശ്രമിക്കും.

മദ്യ ഉപഭോഗത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. മയക്കുമരുന്ന് ഉപയോഗവും ലഭ്യതയും കൂടുകയായിരുന്നു. ഇക്കാര്യത്തില്‍ നയപരമായ നിലപാട് എടുക്കും മുമ്പ് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും അഭിപ്രായം കണക്കിലെടുക്കും.

ബാര്‍പൂട്ടല്‍ ഫലം കണ്ടില്ല, നയപരമായ നിലപാടിനു മുമ്പ് എല്ലാവരുമായും ചര്‍ച്ച നടത്തും. അഴിമതി തടയാന്‍ ഏഴിന പരിപാടി, 25 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. 10 ലക്ഷം യുവജനങ്ങള്‍ക്ക് നൈപുണ്യ പരിശീലനം; 1500 സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് സാമ്പത്തിക-അടിസ്ഥാന സൗകര്യ-സാങ്കേതിക സഹായം നല്‍കും. പട്ടിണിമുക്ത സംസ്ഥാനമാക്കും, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വീട്ടിലത്തെിക്കും, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും, തൊഴിലാളികളുടെ അവകാശം അവഗണിക്കാതെയും പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കാതെയും സ്വകാര്യ നിക്ഷേപം നടത്തും.

സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിന് പുതിയ വകുപ്പുണ്ടാക്കും. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളം അടക്കം അടിസ്ഥാന സൗകര്യ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇക്കൊല്ലം മുതല്‍ ജെന്‍ഡര്‍ ബജറ്റിങ്, ജെന്‍ഡര്‍ ഓഡിറ്റിങ് നടത്തും. ആധുനിക റോഡ് , വേഗത്തിലുള്ള റെയില്‍പാത, കാര്യക്ഷമമായ ഉള്‍നാടന്‍ ജലഗതാഗതം, വിമാനത്താവളങ്ങളും തുറമുഖങ്ങളും, വ്യവസായ പാര്‍ക്കുകള്‍, നിലവാരമുള്ള വൈദ്യുതി വിതരണം എന്നിവ ബജറ്റ് വിഹിതത്തിനു പുറമെ ഫണ്ട് സ്വരൂപിച്ച് നടപ്പാക്കും

ജില്ലാതലത്തിലും ഉപജില്ലാതലത്തിലും ജനസമ്പര്‍ക്ക പരിപാടികള്‍ സ്ഥിരമായി നടത്തും. പരാതിയുടെ പുരോഗതി അറിയാന്‍ സംവിധാനം ഏര്‍പ്പെടുത്തും. വന്‍കിട അടിസ്ഥാന സൗകര്യപദ്ധതികള്‍ പൂര്‍ത്തിയാക്കും. പുതിയവ ഏറ്റെടുക്കും. ഐ.ടി-ജൈവ കാര്‍ഷികനയങ്ങള്‍ ഉടന്‍. നെല്ല്, പച്ചക്കറി കൃഷി വ്യാപിപ്പിക്കും. സബ്സിഡി നിരക്കില്‍ റേഷന്‍ ലഭ്യത ഉറപ്പാക്കും. റോഡ് വികസനം അടക്കം വന്‍കിട പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്തും. ന്യായമായ നഷ്ടപരിഹാരം നല്‍കും, ഭൂമി ഉപജീവനത്തിന് ആശ്രയിക്കുന്നവരെ പുനരധിവസിപ്പിക്കും.

പുതിയ മെഡിക്കല്‍ കോളജുകളെ കുറിച്ച് പരാമര്‍ശമില്ല, രണ്ട് കോളജുകള്‍ എയിംസ് നിലവാരത്തിലേക്കുയര്‍ത്തും. സ്കൂള്‍ വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിലാക്കും. സര്‍വകലാശാലകളെ മികവിന്‍െറ കേന്ദ്രങ്ങളാക്കും. വളരുന്ന വളര്‍ച്ച മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും കേന്ദ്രീകരിച്ച് സമ്പദ്വ്യവസ്ഥ പുന$ക്രമീകരിക്കും. സമ്പൂര്‍ണ സാമൂഹിക സുരക്ഷ ഉറപ്പാക്കും. പരിസ്ഥിതി സന്തുലനവും ലിംഗസമത്വവും ഉറപ്പാക്കാന്‍ വ്യക്തമായ നിയന്ത്രണം.

ആരോഗ്യം, നിയമം, പൊലീസ്ഏജന്‍സികളെ ഏകോപിപ്പിച്ച് സ്ത്രീ സുരക്ഷക്ക് 24 മണിക്കൂര്‍ വണ്‍ സ്റ്റോപ് ക്രൈസിസ് സെന്‍ററുകള്‍ തുടങ്ങും. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കായുള്ള നിര്‍ഭയ ഷെല്‍റ്റര്‍ ഹോമുകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേകം പദ്ധതി രൂപവത്കരിക്കും.

കുട്ടികളുടെ സുരക്ഷക്കും അവകാശ സംരക്ഷണത്തിനുമായി ബാലസുരക്ഷാ പദ്ധതി നടപ്പാക്കും. ഗോത്ര മേഖലയിലെ ശിശുമരണങ്ങള്‍ തടയുന്നതിന് ഇടപെടല്‍, ദ്രുതകര്‍മ സേന കൊണ്ടുവരും. തെരുവുകുട്ടികള്‍ക്ക് പ്രത്യേക പദ്ധതി, സര്‍ക്കാറിന്‍െറ എല്ലാ സാമൂഹികക്ഷേമ പദ്ധതികളും ഇരട്ടിപ്പിക്കും. സാമൂഹികനീതിവകുപ്പിലെ നിലവിലെ നയങ്ങള്‍ പുനരവലോകനം ചെയ്യും.

വിവിധ സുരക്ഷാ പദ്ധതികള്‍ നിരീക്ഷിക്കുന്നതിന് ‘ഇ-ക്ഷേമ’ സോഫ്റ്റ്വെയറിലൂടെ ഡാറ്റബേസ് കൊണ്ടുവരും. സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍, വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍ വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ ദേശീയതല ഇന്‍സ്റ്റിറ്റ്യൂട്ട് ആയി ഉയര്‍ത്തും.
കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കും. സാമൂഹിക സുരക്ഷാ മിഷന്‍െറ കീഴില്‍ സാമൂഹിക സുരക്ഷാസേന രൂപവത്കരിക്കും. മറവിരോഗമുള്ളവരുടെ സംരക്ഷണത്തിന് ഡിമന്‍ഷ്യകെയര്‍ സെന്‍ററുകള്‍ ആരംഭിക്കും. പകല്‍വീടുകളെ നവീകരിക്കും

യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം ഉദ്ദേശിച്ച ഫലം കാണാത്ത സാഹചര്യത്തില്‍ ജനഹിതം തേടി പുതിയ നയം നടപ്പാക്കും. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്നാണ് ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാട്. സംസ്ഥാനത്ത് പഞ്ചനക്ഷത്രബാറുകള്‍ ഒഴികെ എല്ലാം പൂട്ടിക്കിടക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top