കൊച്ചി: ഷുക്കൂര്‍ വധം സിബിഐക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. അന്വേഷണ നടപടികള്‍ നിര്‍ത്തിവെക്കാനും സിബിഐക്ക് കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ വിശദമായ വാദം നാളെ കേള്‍ക്കും. പി ജയരാജന്, ടിവി രാജേഷ് എന്നിവര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. സിബിഐ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാണിച്ചായിരുന്നു പി ജയരാജനും ടിവി രാജേഷും ഹര്‍ജി നല്‍കിയത്.
പി ജയരാജന്, ടിവി രാജേഷ് എന്നിവരെ പ്രതിചേര്‍ത്ത് സിബിഐ അന്വേഷണം തുടങ്ങുകയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
2012 ഫെബ്രുവരി 20നാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷൂക്കൂര്‍ കൊല്ലപ്പെടുന്നത്. ഇതേ ദിവസം പട്ടുവം അരിയിലില്‍ പി ജയരാജനും ടിവി രാജേഷും ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് കണ്ടെത്തല്‍.
കണ്ണപുരം കീഴറയിലെ വള്ളുവന് കടവിനടുത്ത് വെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കി വെച്ച ശേഷമായിരുന്നു കൊലപ്പെടുത്തിയത്. ഷുക്കൂറിന്റെ സുഹൃത്ത് സക്കരിയക്കും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റി അംഗം കിഴക്കേവീട്ടില്‍ കെവി സുമേഷാണ് കേസിലെ ഒന്നാം പ്രതി. ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി ബ്ലോക് വൈസ് പ്രസിഡന്റ് പാറയില്‍ ഗണേശന്, ഡിവൈഎഫ്ഐ കണ്ണപുരം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം പി അനൂപ്, മൊറാഴ തയ്യല്‍ ഹൗസില്‍ വിജേഷ് എന്ന ബാബൂട്ടി, മൊറാഴ പാന്തോട്ടം കെ പ്രകാശന്, അരിയില്‍ ധര്‍മ്മക്കിണറിന് സമീപത്തെ ഉമേശന് എന്നിവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍. കേസില്‍ പി ജയരാജ് 32ാം പ്രതിയും ടി.വി. രാജേഷ 33ാം പ്രതിയുമാണ്.
ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്ജിയിന്മേലാണ് സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ജയരാജനും രാജേഷിനുമെതിരെ തെളിവ് ശേഖരണം പോലും നടത്താനാകാത്ത വിധം പാര്‍ട്ടിയില്‍നിന്ന് അന്വേഷണ സംഘത്തിന് നേരെ ഭീഷണിയും എതിര്‍പ്പും നേരിടേണ്ടിവന്നുവെന്നായിരുന്നു ഹര്‍ജിയില്‍ ആത്തിക്ക വ്യക്തമാക്കിയത്.
ഭരണഘടനാപരമായും ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുമുള്ള കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് കേസ് സിബിഐക്ക് വിട്ടത്.
എന്നാല്‍, അന്വേഷണം അട്ടിമറിക്കാനും, വഴിതിരിച്ചു വിടാനും യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കാനാണുമാണ് എല്‍.ഡി.എഫ്. ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply