Flash News

ആദിവാസി ഗര്‍ഭിണികള്‍ക്കായി ജനനി ജന്മരക്ഷാ പദ്ധതി അനുവദിച്ച ഒരു കോടിയിലധികം രൂപ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു

June 28, 2016

19smattapadi3_jpg_2474991gആദിവാസകളുടെ ആനുകൂല്യങ്ങളില്‍ നിന്നുവരെ കൈയിട്ടുവാരി ഉദ്യോഗസ്ഥ വൃന്ദം. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തില്‍പെട്ട ഗര്‍ഭിണികള്‍ക്കായി ജനനി ജന്മരക്ഷ പദ്ധതിപ്രകാരം അനുവദിച്ച ഒരുകോടിയിലധികം രൂപ പട്ടികവര്‍ഗ വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മണി ഓര്‍ഡറായി നല്‍കിയ പണം അതിന്റെ ഗുണഭോക്താക്കള്‍ക്ക് എത്താതെ ഉദ്യോഗസ്ഥര്‍ സ്വന്തമാക്കുകയായിരുന്നു. പണം ഗുണഭോക്താക്കള്‍ കൈപ്പറ്റിയെന്നു വ്യാജരേഖയുണ്ടാക്കിയായിരുന്നു ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയത്.

പ്രസ്തുത സംഭവം പുറത്തുവന്നതിനെ തുടര്‍ന്ന് മന്ത്രി എകെ ബാലന്‍ അടിയന്തര വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആദിവാസകളുടെ ഇടയില്‍ കണ്ടുവരുന്ന മാസം തികയാതെയുള്ള പ്രസവം, പ്രസവാനന്തര പരിചരണം പോഷകാഹാരവുമില്ലാതെയുള്ള ശിശുക്കളുടെ മരണം എന്നിവ തടയാന്‍ പട്ടികവര്‍ഗ വികസനവകുപ്പ് തുടങ്ങിയതാണ് ജനനി ജന്മരക്ഷ പദ്ധതി. ഗര്‍ഭാവസ്ഥയുടെ മൂന്നാം മാസം മുതല്‍ 18 മാസം വരെ പ്രതിമാസം 1000 രൂപ നിരക്കിലായിരുന്നു സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ 2013 ഓഗസ്റ്റ് 11-ന് ആരംഭിച്ച പദ്ധതി തുടക്കത്തിലേ താളം തെറ്റുകയായിരുന്നു.

അര്‍ഹരായവരുടെ അപേക്ഷകള്‍ ട്രൈബല്‍ ഓഫീസുകള്‍ മുഖേന സ്വീകരിച്ച് അവര്‍ക്ക് മണി ഓര്‍ഡറായാണു സഹായധനം നലകിയിരുന്നത്. എന്നാല്‍ വനത്തിലുള്ളിലെ ഊരുകളില്‍ മണി ഓര്‍ഡര്‍ എത്തുന്നില്ലെന്ന പരാതിയേത്തുടര്‍ന്നു ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാര്‍ വഴി നേരിട്ടു സഹായമെത്തിക്കാന്‍ ഇടയ്ക്ക് തീരുമാനിച്ചിരുന്നു. എന്നാല്‍ ആ നീക്കവും ഫലവത്തായില്ല. വിലാസത്തിലെ തെറ്റുകളും തപാല്‍ വകുപ്പിന്റെ അനാസ്ഥയും മൂലം അയയ്ക്കുന്ന തുക തിരിച്ചെത്തുകയായിരുന്നു പതിവ്.

ഈ തുക കൈപ്പറ്റിയതായി വ്യാജരേഖയുണ്ടാക്കിയാണു വകുപ്പ് ഡയറക്ടറേറ്റിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുകോടിയിലധികം രൂപയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രസ്തുത സംഭവം വകുപ്പിലെതന്നെ ചില ഉദ്യോഗസ്ഥര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണു ഈ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് അടിയന്തരവകുപ്പുതല അന്വേഷണത്തിനു മന്ത്രി ബാലന്‍ ഉത്തരവിടുകയായിരുന്നു.

ഇതുവരെ 12.20 കോടി രൂപ സഹായം അനുവദിച്ചതായി സര്‍ക്കാര്‍രേഖകളിലുണ്ട്. എന്നാല്‍ 2013ല്‍ പദ്ധതിയാരംഭിച്ച് കാലയളവായ 18 മാസം കഴിഞ്ഞിട്ടും സഹായധനം ഒരുരൂപപോലും ലഭിക്കാത്തവര്‍ നിരവധിയുണ്ടെന്നുള്ളതാണ് വാസ്തവം. പദ്ധതിയാരംഭിച്ച 2013- 2014 വര്‍ഷം 4.15 കോടി രൂപയാണ് അനുവദിച്ചത്. 2014-2015ല്‍ 1.5 കോടിയും 2015- 2016ല്‍ 6.55 കോടിയും അനുവദിച്ചു. അനുവദിച്ച തുകയുടെ പകുതിപോലും ഗുണഭോക്താക്കള്‍ക്കു ലഭിച്ചിട്ടില്ല. ജനനി അന്മരക്ഷ പദ്ധതി താളം തെറ്റുകയാണെന്നും വേണ്ട നടപടി കൈക്കൊള്ളുമെന്നും അന്നത്തെ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്മി നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അതു സംബന്ധിച്ചും ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. വകുപ്പുതല അന്വേഷണത്തിനുശേഷം വിഷയം വിജിലന്‍സിനു കൈമാറാനും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നീക്കമുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top