Flash News

യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയും സ്വജനപക്ഷപാതവും കേരളത്തെ പാപ്പരാക്കിയെന്ന് ധവളപത്രം

June 30, 2016

Thomas-Issac1

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിയും സ്വജനപക്ഷപാതവും സംസ്ഥാനത്തെ പാപ്പരാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം.

വരുമാന വര്‍ധനക്കാവശ്യമായ അച്ചടക്കം ഇല്ലാതായതും ഭരണനിര്‍വഹണത്തില്‍ വേണ്ടത്ര ഊര്‍ജസ്വലത ഇല്ലാഞ്ഞതും വരുമാന ഇടിവിന് വഴിയൊരുക്കി. അച്ചടക്കരാഹിത്യം വിവിധ വകുപ്പുകളിലെ നികുതി ഭരണ സംവിധാനത്തെ സാരമായി ബാധിച്ചു. 2009 മുതല്‍ 11 വരെ ബജറ്റ് നിര്‍ദേശത്തിന്‍െറ 109 ശതമാനം വരെ നികുതിപിരിച്ചപ്പോള്‍ 2014 മുതല്‍ 16 വരെ അത് 87 മുതല്‍ 90 ശതമാനം വരെയായി ചുരുങ്ങി. നികുതി കുടിശ്ശികക്ക് 2013ല്‍ നല്‍കിയ സ്റ്റേ 53 കോടിയില്‍നിന്ന് 250 കോടിയായി ഉയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ഇത് പിരിച്ചെടുക്കാന്‍ നടപടി ആലോചിച്ചത്.

2015 മാര്‍ച്ച് 31വരെ നികുതിക്ക് നല്‍കിയ സ്റ്റേ 1290.61 കോടിക്കാണ്. ഈ സമയത്താണ് കഴിഞ്ഞ ദശകത്തില്‍ സര്‍ക്കാര്‍ ആദ്യമായി ഓവര്‍ഡ്രാഫ്റ്റിലേക്ക് പോയത്. എന്നിട്ടുപോലും സ്റ്റേകള്‍ നിയന്ത്രിച്ചില്ല. 2016 മാര്‍ച്ച് ആയപ്പോള്‍ ഇത് 1667.38 കോടിയായി ഉയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തമില്ലായ്മയാണ് ഇത് വെളിവാക്കുന്നത്. സ്റ്റേകള്‍ക്ക് നിയന്ത്രണം വേണമെന്ന ധനവകുപ്പിന്‍െറ നിര്‍ദേശം പാലിച്ചില്ല. 2014-15ല്‍ ആകെയുണ്ടായിരുന്ന നികുതി കുടിശ്ശിക 13,019.81 കോടിയായിരുന്നു. ഇതില്‍ 60 ശതമാനവും അധികം തര്‍ക്കങ്ങള്‍ ഇല്ലാത്തവയായിരുന്നു. സര്‍ക്കാര്‍ മനസ്സ് വെച്ചിരുന്നെങ്കില്‍ ഇവയില്‍ പലതും പിരിച്ചെടുക്കാമായിരുന്നു.

നികുതിപിരിവ് സംവിധാനം കുഴഞ്ഞുമറിഞ്ഞു. ട്രഷറി ഫണ്ടില്ലാതെ കൂപ്പുകുത്തുകയും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയും ചെയ്തപ്പോള്‍ പോലും ബജറ്റ് പ്രഖ്യാപനങ്ങളിലൂടെപോലും നികുതിയിളവ് പലര്‍ക്കും നല്‍കി.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കേന്ദ്രത്തില്‍നിന്ന് നികുതിയിനത്തിലും ഗ്രാന്‍റായും ലഭിച്ചിരുന്ന തുകയില്‍ വന്‍ വര്‍ധനയുണ്ടായെങ്കിലും സംസ്ഥാന വരുമാനം കുറഞ്ഞു. വാണിജ്യ നികുതി പിരിച്ചെടുക്കുന്നതിലെ വീഴ്ചയാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയത്.

പത്തുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം നാലരയിരട്ടി വര്‍ധിച്ചു; വരുമാനമെല്ലാം ശമ്പളത്തിനും പെന്‍ഷനും ചെലവാകുന്നു

തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ജീവനക്കാരുടെ ശമ്പളം നാലരയിരട്ടി വര്‍ധിച്ചു. 2006 മുതല്‍ 2016 വരെ പരിശോധിച്ചാല്‍ റവന്യൂ ചെലവില്‍ 306 ശതമാനത്തിന്‍െറ വളര്‍ച്ചയുണ്ടായതായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം പറയുന്നു.

2006ല്‍ 18,424 കോടിയായിരുന്ന റവന്യൂ ചെലവ് 2016 ആകുമ്പോള്‍ 75,249 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. ഈ കാലയളവില്‍ റവന്യൂ ചെലവിന്‍െറ സിംഹഭാഗവും കവരുന്ന ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയിലും ഗണ്യമായ വര്‍ധനയാണുണ്ടായത്. 2005ല്‍ ശമ്പളത്തിനായി മൊത്തം വിനിയോഗിച്ചിരുന്നത് 5345.58 കോടിയായിരുന്നു. എന്നാല്‍ 2016ല്‍ അത് 23,506.42 കോടിയായി ഉയര്‍ന്നു. 309 ശതമാനമായിരുന്നു വര്‍ധന. 2005ല്‍ 2600.77 കോടിയായിരുന്ന പെന്‍ഷന്‍ 13,062.62 കോടിയായാണ് വര്‍ധിച്ചത്. 357 ശതമാനം വര്‍ധന. പലിശയിലും വര്‍ധനയുണ്ടായിട്ടുണ്ട്. 2005ല്‍ 3,612.54 കോടിയായിരുന്നത് 2016ല്‍ 9,114.38 കോടിയായാണ് വര്‍ധിച്ചത്; 239 ശതമാനം. 2005ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കെല്ലാം ചേര്‍ന്ന് ചെലവിട്ടിരുന്നത് 11,558.88 കോടിയാണ്. മൊത്തം റവന്യൂ ചെലവ് 17,169.41 കോടിയായിരുന്നു. എന്നാല്‍ 2016ല്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കുള്ള ചെലവ് 45,683.42 കോടിയായി. മൊത്തം റവന്യൂ ചെലവ് 75,349.05 കോടിയായി വളര്‍ന്നു.

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നിര്‍ബന്ധിത ചെലവുകള്‍ കഴിഞ്ഞുള്ള പദ്ധതിയേതര ചെലവ് ഉയര്‍ന്നു. 2011ല്‍ 27 ശതമാനം ആയിരുന്നത് ഈ കാലയളവില്‍ 30 ആയി. 2015ല്‍ അത് 32 ശതമാനം വരെ ഉയര്‍ന്നു. കാഷ് ബാലന്‍സിന്‍െറ കുറവും കടങ്ങളൊക്കെ ഒന്നിച്ചുകൂട്ടുകയും ചെയ്തതുകൊണ്ട് 2015-16ല്‍ ഇതിന് ചെറിയ കുറവുണ്ടായി. ഇതില്‍നിന്ന് വ്യക്തമാകുന്നത് നിയന്ത്രണം ആവശ്യമായ മേഖലകളില്‍പോലും സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യം കാട്ടിയിട്ടില്ളെന്നാണ്. 2013-16 കാലത്ത് ഒഴിവാക്കാമായിരുന്ന ചെലവുകളില്‍പോലും നിയന്ത്രണം കൊണ്ടുവന്നില്ളെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top