ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് രേഖാചിത്രവുമായി ഒരു ബന്ധവുമില്ല

Ameerul islamകൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ മുഖം മറക്കാതെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മലയാളികള്‍ ഒന്നടങ്കം ഞെട്ടി. പൊലീസ് ഇതുവരെ കാണിച്ചിരുന്ന രേഖാചിത്രവുമായി ഇയാള്‍ക്ക് ഒരു ബന്ധവുമില്ല. ഒരു മലയാളി ലുക്കുള്ള ചെറുപ്പക്കാരനാണ് അമീറുല്‍.

ഒരു കൊടും കുറ്റവാളിയുടെ ഒരുവിധ ഭാവവും ഇയാള്‍ക്കുണ്ടായിരുന്നില്ല. നിസ്സംഗതയോടെയുള്ള പ്രതിയുടെ നില്‍പും പ്രതികരണവും ഏവരിലും അദ്ഭുതമുളവാക്കി. റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും ഭാവഭേദമില്ലാതെ പൊലീസിന്‍െറ നിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിച്ചു. മഞ്ഞയും നീലയും വെള്ളയും വരയുള്ള ടീ ഷര്‍ട്ടും പാന്‍റ്സും ധരിച്ചെത്തിയ പ്രതിയുടെ മുഖം നേരത്തേ പ്രചരിപ്പിച്ചതില്‍നിന്നും പുറത്തിറക്കിയ രേഖാചിത്രത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പ്രതിക്കൂട്ടില്‍ എല്ലാവരെയും വീക്ഷിച്ച് നിന്ന അമീറുല്‍ ഇസ്ലാമിനോട് പൊലീസിനെതിരെ പരാതിയുണ്ടോ എന്ന് കോടതി ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. ജൂണ്‍ 17ന് ആദ്യം റിമാന്‍ഡ് ചെയ്യുമ്പോള്‍ കോടതിയുടെ ചോദ്യത്തിന് തന്‍െറ ഗ്രാമത്തിലേക്ക് പോകണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. ജൂലൈ 13വരെ റിമാന്‍ഡ് ചെയ്യുന്നുവെന്ന് കോടതി അറിയിച്ചപ്പോഴും ഭാവമാറ്റമുണ്ടായില്ല. തുടര്‍ന്ന് പൊലീസ് വലയം തീര്‍ത്ത് പ്രതിയെ വാഹനത്തില്‍ കയറ്റി. ‘അമീര്‍ ഇങ്ങോട്ടുനോക്കൂ’വെന്ന് ചിലര്‍ ഹിന്ദിയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിസ്സംഗനായി പ്രതി അതും അനുസരിച്ചു.

ദൃശ്യമാധ്യമ കാമറകള്‍ തന്നെ വട്ടംചുറ്റുന്നത് തുടര്‍ന്നപ്പോള്‍ തലകുനിച്ചിരുന്നു. എന്നാല്‍, ‘നേരെയിരിക്ക്’ എന്നും ‘വേണമെങ്കില്‍ പിന്നിലെ സീറ്റില്‍ ഇരുന്നോളൂ’ എന്നും പൊലീസ് പറഞ്ഞപ്പോള്‍ ചിരിയായിരുന്നു പ്രതികരണം.

പെരുമ്പാവൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് വി. മഞ്ജു ജൂലൈ 13 വരെ പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് ജില്ലാ ജയിലില്‍ അടച്ചു. പ്രതിയെ മുഖം മറക്കാതെ വേണം ഹാജരാക്കാനെന്ന് കോടതി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. തിരിച്ചറിയല്‍ പരേഡിന് വേണ്ടി മുഖം മറക്കണമെന്ന പൊലീസിന്‍െറ ആവശ്യം പരിഗണിച്ചാണ് ആദ്യം ഇതിന് അനുവദിച്ചത്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കുകയും ആലുവ പൊലീസ് ക്ളബില്‍ അമ്മ രാജേശ്വരി അടക്കമുള്ളവരെ പ്രതിയെ കാണിക്കുകയും ചെയ്തു. ജിഷയുടെ വീട്ടില്‍ അടക്കം പലയിടത്തും പ്രതിയെ മുഖം മറച്ച് കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്. ഇനി ഇത് അനുവദിക്കാനാവില്ലെന്ന് കോടതി പൊലീസിനെ അറിയിച്ചു.

ഈ മാസം 16നാണ് അമീറുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തത്. 17ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 21ന് വീണ്ടും കോടതിയില്‍ ഹാജരാക്കി 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി പൊലീസ് സംഘം എത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും കോടതി ജീവനക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, അല്‍പസമയത്തിനകം വന്‍ജനാവലി കോടതിക്ക് പുറത്ത് തടിച്ചുകൂടി. ഇവര്‍ക്കിടയിലൂടെ പ്രയാസപ്പെട്ടാണ് പ്രതിയെയും കൊണ്ടുള്ള വാഹനം കാക്കനാട് ജയിലിലേക്ക് പോയത്.

അമീറുല്‍ ഇസ്ലാമിന്‍െറ രണ്ടു സുഹൃത്തുക്കള്‍ പൊലീസ് വലയത്തില്‍നിന്ന് രക്ഷപ്പെട്ടു

കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ രണ്ടു സുഹൃത്തുക്കള്‍ പൊലീസ് വലയത്തില്‍നിന്ന് രക്ഷപ്പെട്ടു. കൊലപാതകത്തിനുശേഷം അസമിലേക്ക് മുങ്ങിയ ഇവര്‍ തിരിച്ച് കേരളത്തിലേക്ക് വരുകയായിരുന്നു. പൊലീസ് തേടുന്നുവെന്നറിഞ്ഞതോടെയാണ് ഇവര്‍ മുങ്ങിയത്.

മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ച് ഇവരുടെ നീക്കം പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. കേസില്‍ സുഹൃത്തുക്കളുടെ പങ്ക് എത്രയുണ്ടെന്നാണ് പൊലീസിന് വ്യക്തമാകാനുള്ളത്. അമീറുല്‍ ഇസ്ലാം നല്‍കിയ മൊഴി പ്രകാരം അനാറാണോ അയാളെ പ്രേരിപ്പിച്ചതെന്നും അനാറിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നോ എന്നും അറിയാനുണ്ട്. സുഹൃത്തുക്കളുമായി മദ്യപിച്ചഘട്ടത്തിലാണ് അനാര്‍ തന്‍െറ പക ആളിക്കത്തിച്ചതെന്നുമുള്ള പ്രതിയുടെ മൊഴിയും പരിശോധിക്കാനുണ്ട്. പ്രതിയുടെ പിന്നില്‍ ബാഹ്യശക്തികളില്ളെന്ന് പൊലീസ് വ്യക്തമാക്കി. അമീറുല്‍ ഇസ്ലാം ഒറ്റക്കാണ് കൊല ചെയ്തതെന്നാണ് വ്യക്തമായത്. ജിഷയും പ്രതിയും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നില്ളെന്നും പൊലീസ് പറഞ്ഞു.

കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെടുത്തിട്ടില്ല. വസ്ത്രം ഉപേക്ഷിച്ചതെന്ന് പ്രതി മൊഴി നല്‍കിയ മൂന്ന് നാല് സ്ഥലത്ത് അന്വേഷിക്കാനുണ്ട്. ഇതടക്കം ചില അന്വേഷണങ്ങള്‍ കൂടി പൂര്‍ത്തീകരിക്കാനുണ്ട്. അനാറുല്‍ ഇസ്ലാം അടക്കമുള്ള പ്രതിയുടെ രണ്ട് സുഹൃത്തുക്കള്‍ക്കായി അസമില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ജിഷവധക്കേസില്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

Print Friendly, PDF & Email

Related News

Leave a Comment