ഗര്‍ഭിണി ചമഞ്ഞ് ബസുകളില്‍ മോഷണം നടത്തുന്ന തമിഴ് യുവതിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി

NIDK0043356ഇടുക്കി: ഗര്‍ഭിണി ചമഞ്ഞ് ബസുകളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ ബാഗില്‍നിന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുന്ന യുവതി പിടിയില്‍. തമിഴ്നാട് സ്വദേശി മുത്തുമാരിയാണ് (25) പിടിയിലായത്.

തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ റിനി ജോഷിയുടെ ബാഗ് തൊടുപുഴയില്‍നിന്ന് മുതലക്കോടത്തേക്കുള്ള യാത്രക്കിടെ മോഷ്ടിക്കാന്‍ ശ്രമിക്കവെ പിടികൂടുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസില്‍ ഏല്‍പിച്ചത്. ചോദ്യംചെയ്യുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച സോപാനം ബസില്‍ സഞ്ചരിച്ച കാരിക്കോട് സ്വദേശി ദീപയുടെ ബാഗില്‍നിന്ന് 12,000 രൂപയും കഴിഞ്ഞ ചൊവ്വാഴ്ച മേഴ്സി ജോസഫിന്‍െറ ബാഗില്‍നിന്ന് 15,500 രൂപയും മോഷ്ടിച്ചതായി സമ്മതിച്ചു.

ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. മുനിസിപ്പാലിറ്റിയിലെ ജോലി കഴിഞ്ഞ് ബസില്‍ മുതലക്കോടത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം. ബാഗ് തുറന്ന് പേഴ്സ് എടുക്കുന്നത് പിന്നിലിരുന്ന വിദ്യാര്‍ത്ഥികള്‍ കണ്ടു. ഇവര്‍ പോട്ടറെ വിവരമറിയിച്ചു. പോട്ടര്‍ ബാഗില്‍ നിന്ന് പണം നഷ്ടപ്പെട്ടോയെന്ന് ചോദിച്ചപ്പോഴാണ് പേഴ്സ് നഷ്ടപെട്ടതായി കണ്ടത്. ഈ സമയത്ത് യുവതി ബസില്‍ പേഴ്സ് ഉപേക്ഷിച്ചതിനുശേഷം പുറത്തിറങ്ങി പോകാന്‍ തുടങ്ങുന്നതിനിടെ ബസ് യാത്രക്കാര്‍ ചേര്‍ന്ന് യുവതിയെ തടഞ്ഞുവെച്ചു. പ്രതിയില്‍നിന്ന് 2200 രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. പരിശോധനയില്‍ ഇവര്‍ ഗര്‍ഭിണിയല്ലെന്ന് വ്യക്തമായി.

ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്താന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിരവധി സംഘങ്ങള്‍ എത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment