സരിതയെയും ബിജുവിനെയും കണ്ടിട്ടില്ല; പേഴ്സനല്‍ സ്റ്റാഫിലുള്ളവരെയെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് ഉമ്മന്‍ ചാണ്ടിയെന്ന് തിരുവഞ്ചൂര്‍

THIRUVANCHOOR_1087989eകൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും തന്നെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

സരിത ഒരുതവണ തന്‍െറ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, ഫോണെടുത്ത ഗണ്‍മാന്‍ അത് തനിക്ക് തരുന്നതിനുമുമ്പ് കോള്‍ മുറിഞ്ഞതായി അദ്ദേഹം കമീഷനില്‍ മൊഴി നല്‍കി. തന്‍െറ ഫോണില്‍നിന്ന് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ സരിതയുടെ ഫോണിലേക്ക് പോയിരുന്നതായി സംശയിക്കുന്നതായും തിരുവഞ്ചൂര്‍ കമീഷന് മൊഴിനല്‍കി.

പേഴ്സനല്‍ സ്റ്റാഫിലുള്ളവരെയെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2004ല്‍ മുഖ്യമന്ത്രിയായതുമുതല്‍ 2013 ജൂണില്‍ ഒഴിവാക്കുന്നതുവരെ ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫില്‍ അംഗങ്ങളായിരുന്ന ടെനി ജോപ്പനെയും ജിക്കുമോനെയും അദ്ദേഹത്തിന് നല്ല വിശ്വാസമുള്ളതിനാലാണോ നിലനിര്‍ത്തിയിരുന്നത്. സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന നടി ശാലു മേനോന്‍െറ മുത്തച്ഛന്‍ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനെ മുമ്പ് പരിചയമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്‍െറ മകളുടെ മകളെന്ന നിലയിലാണ് ശാലു മേനോനെ അറിയുന്നതെന്നും അദ്ദേഹം മൊഴി നല്‍കി.

ശാലു മേനോന്‍െറ ഗൃഹപ്രവേശം പൊതുസദസ്സായിരുന്നു. ഈ സമയത്ത് അവര്‍ കേസില്‍ പ്രതിയായിരുന്നുമില്ല. മുഖ്യമന്ത്രി പങ്കെടുത്ത പാലാ കടപ്ളാമറ്റത്ത് നടന്ന ജലനിധിയുടെ സംസ്ഥാനതല ഉദ്ഘാടനചടങ്ങ് തന്‍െറ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും താന്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, പരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ ചെവിയില്‍ സംസാരിക്കുന്ന രീതിയില്‍ സരിത നായര്‍ നില്‍ക്കുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തലശേരി എസ്.ഐ ബിജു ജോണ്‍ ലൂക്കോസ് സരിതയെ അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് പെരുമ്പാവൂര്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്തത് മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നോ എന്ന് അറിയില്ല. താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും തിരുവഞ്ചൂര്‍ കമീഷനില്‍ മൊഴിനല്‍കി.

Print Friendly, PDF & Email

Leave a Comment