ജിഷ കൊലക്കേസ്; രഹസ്യങ്ങള്‍ ഒളിച്ചുവെച്ച് പ്രതിയുടെ നാടകം, പോലീസ് ഇരുട്ടില്‍ തപ്പുന്നു

dc-Cover-jmoi78f0uhfgsmfb3q6v0invp5-20160701014009.Medi_ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ മുഖം കേരളീയര്‍ കണ്ടെങ്കിലും അയാളുടെ മനസില്‍ ഒളിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങളുടെ ചെപ്പ് തുറന്നു കാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. അന്വേഷണത്തില്‍ എല്ലാം ശരിയായെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും അതപ്പടി വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് ആവുന്നില്ല. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്.

ഓരോദിവസവും പ്രതി മാറ്റിപ്പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എങ്ങിനെയാണ് അന്വേഷണ സംഘത്തിന് ഒരു അന്തിമ തീരുമാനത്തില്‍ എത്താനാവുക? കൃത്യം നടത്തുന്ന സമയത്ത് പ്രതി ധരിച്ചിരുന്ന മഞ്ഞ ടീ ഷര്‍ട്ട് ഇനിയും കണ്ടെത്തിയിട്ടില്ല. കേസിന്റെ തെളിവുകളില്‍ നിര്‍ണ്ണായകമെന്ന് പറയപ്പെടുന്ന ഈ ഷര്‍ട്ട് താന്‍ താമസിച്ച സ്ഥലത്തുണ്ടെന്നാണ് പ്രതി ആദ്യം പറഞ്ഞത്. ആസാമില്‍ പോയപ്പോള്‍ അവിടെ ഉപേക്ഷിച്ചുവെന്ന് പിന്നീട് പറഞ്ഞു. അവിടെ പരിശോധന നടത്തിയ കേരളാ പൊലീസിന് അത് കണ്ടു കിട്ടിയില്ല. പോകുന്ന വഴിക്ക് വണ്ടിയില്‍ നിന്നും അത് പുറത്തേക്ക് എറിഞ്ഞുവെന്നായി പിന്നീടുള്ള മൊഴി. ദീര്‍ഘയാത്രയില്‍ വണ്ടിയില്‍ നിന്നും പുറത്തേക്ക് എറിഞ്ഞ ഷര്‍ട്ട് വീണ്ടെടുക്കാനാവില്ലല്ലൊ. പക്ഷെ വീണ്ടും പ്രതി വാക്കു മാറ്റി. തഞ്ചാവൂരില്‍ താമസിച്ച സ്ഥലത്തുണ്ടെന്നായിരുന്നു ഒടുവിലത്തെ വെളിപ്പെടുത്തല്‍. അവിടെയും ഷര്‍ട്ട് കണ്ടില്ല.

jishaജിഷയെ കൊല്ലാന്‍ തക്ക വണ്ണം അമര്‍ഷം തോന്നാനുള്ള കാരണവും അപ്പടി വിശ്വസനീയമല്ല. കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയപ്പോള്‍ ജിഷയുടെ അമ്മ ചെരിപ്പൂരി തല്ലിയെന്നും അത് കണ്ട് ജിഷ കൈകൊട്ടി ചിരിച്ചതിലുള്ള ദേഷ്യമാണെന്നും ആദ്യം പറഞ്ഞു. ജിഷയുടെ വീട്ടിന് മുമ്പിലൂടെ പോകുമ്പോള്‍ ജിഷയുടെ നേരെ താന്‍ ലൈംഗിക താല്‍പ്പര്യത്തോടെ ആംഗ്യം കാണിച്ചുവെന്നും അപ്പോള്‍ യുവതി ചെരിപ്പ് ഊരി തല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രണ്ടാമത് പറഞ്ഞു. കുളിക്കടവില്‍ ജിഷ വരാറുണ്ടെങ്കിലും പ്രതിപറയുന്നത് പോലെ ഒരു സംഭവമില്ലെന്ന് പരിസരത്തെ ചില സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവിടെ ഉണ്ടായിരുന്ന സ്ത്രികളില്‍ ഒരാള്‍ സംഭവം ശരിയാണെന്ന് പൊലീസിനോട് സമ്മതിച്ചതായും കോടതിയില്‍ വന്ന് തെളിവു നല്‍കിയാല്‍ മതിയെന്ന് പൊലീസ് ഉപദേശിച്ചതായും അവര്‍ പിന്നീട് പൊല്ലാപ്പ് ഭയന്ന് മാറ്റി പറഞ്ഞതായും ശ്രുതിയുണ്ട്.

അന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കി പുറത്തു വിട്ട പ്രതിയുടെ രേഖാ ചിത്രം പ്രതിയുമായി സാമ്യമില്ലാതെ പോയതാണ് മറ്റൊരു പ്രശ്‌നം. ആര് പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിലാവും ഈ ചിത്രം തയ്യാറാക്കിയിട്ടുണ്ടാവുക. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറാക്കിയ ചിത്രത്തിന് യാതൊരു സാമ്യവുമില്ല. അതിനുമുമ്പുള്ളവര്‍ തയ്യാറാക്കിയ ചിത്രത്തിനാവട്ടെ പ്രതിയുടെ കണ്ണുമായി നേരിയ സാമ്യമുണ്ടെന്ന് വേണമെങ്കില്‍ അനുമാനിക്കാം.

അമീറുലിന്റെ സുഹൃത്ത് അനാറുലിനെ കണ്ടെത്താനാവാത്തതും തെളിവുകളുടെ പൂര്‍ണ്ണതയ്ക്ക് തടസമാണ്. കേരളത്തില്‍ നിന്നും പോയ പൊലീസ് സംഘത്തിന് ജൂണ്‍ 17 ന് ഈ യുവാവിനെ കണ്ടെത്താനായെന്നും പിറ്റെ ദിവസം അവിടുത്തെ പൊലീസ് സ്റ്റേഷില്‍ ഹാജരാവണമെന്ന നിര്‍ദ്ദേശത്തോടെ വിട്ടയച്ചുവെന്നും പൊലീസ് എത്തും മുമ്പേ സ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ച മലയാള മനോരമയുടെ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് അപ്രത്യക്ഷനായ അനാറുലിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജിഷയെ കുത്താന്‍ ഉപയോഗിച്ച കത്തി അനാറുല്‍ തന്നതാണെന്നും തന്നെ പരിഹസിച്ചതിനെ ചോദ്യം ചെയ്യാന്‍ ഈ സുഹൃത്താണ് പ്രേരിപ്പിച്ചതെന്നും പ്രതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴി ശരിയാണോ എന്നറിയാന്‍ അനാറുലിനെ കണ്ടെത്തി ചോദ്യം ചെയ്യാതെ പറ്റില്ലല്ലോ.

ജിഷയുടെ വീട്ടില്‍ മത്സ്യം വളര്‍ത്തുന്ന ജാറിന് മുകളിലെ വിവരലടയാളം ആരുടേതെന്നും വ്യക്തമായിട്ടില്ല. രണ്ടു മാസത്തോളം വിദഗ്ദ്ധര്‍ അരിച്ചു പെറുക്കിയിട്ടും കാണാത്ത ഈ വിരലയാളം അവസാന നിമിഷത്തിലാണ് ശ്രദ്ധയില്‍ പെട്ടതത്രെ.

പ്രതി താമസിച്ച ലോഡ്ജിന് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്നും ഒരു കത്തി ലഭിച്ചുവെന്നും അത് ഉപയോഗിച്ചാണ് കൃത്യം നടത്തിയെതെന്നും നേരത്തെ പറഞ്ഞു കേട്ടു. ആ കത്തി കൊണ്ട് ജിഷയുടെ ദേഹത്ത് കണ്ടെത്തിയ തരത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കാനാവില്ലെന്നും അത് അടക്കമുറിക്കാന്‍ പോലും പറ്റില്ലെന്നും പരിഹാസമുയര്‍ന്നു. കുറേ കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥ കത്തി ജിഷയുടെ വീട്ടിന്റെ പുറകില്‍ നിന്നും ലഭിച്ചുവെന്നും വാര്‍ത്തവന്നു. എങ്കില്‍ പൊലീസ് ഈ വീട്ടിലും പരിസരത്തും എന്തു തരത്തിലുള്ള അരിച്ചു പെറുക്കലാണ് നടത്തിയത്?

ചുരുക്കത്തില്‍ ഈ സംശങ്ങള്‍ക്ക് പൊലീസ് വ്യക്തമായ മറുപടി കണ്ടെത്തേണ്ടിവരും. ഇല്ലെങ്കില്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ പ്രതിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകന്‍ മിടുക്കനെങ്കില്‍ പൊലീസിനെ വെള്ളം കുടിപ്പിക്കാന്‍ ഇതൊക്കെ മതിയാവും. ഡി.എന്‍എ പരിശോധനയില്‍ കൃത്യം ചെയ്തതില്‍ അമീറുല്‍ ഇസ്ലാമിന്റെ കയ്യുണ്ടെന്ന് തെളിഞ്ഞേക്കാം. പക്ഷെ കേസ് തെളിയിക്കാന്‍ പ്രതിയേയും ജിഷയുടെ മാതാവിനേയും സഹോദരിയേയും നുണ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് അത്യാവശ്യമാണെന്ന് കുറ്റാന്വേഷത്തില്‍ വിദഗ്ദ്ധരായ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പറയുന്നു.

അമ്മയും സഹോദരിയും പ്രതിയെ മുമ്പ് കണ്ടിട്ടില്ലെന്ന് പറയുന്നുവെങ്കിലും അത് അപ്പടി വിശ്വസിക്കാമോ എന്നാണ് ചോദ്യം. അമ്മയ്ക്കും സഹോദരിക്കും വേണ്ടി തിരിച്ചറിയല്‍ പരേഡ് നടത്താതിരുന്നതെന്താണ്? പ്രതിയെ കാണണമെന്ന് അമ്മ രാജേശ്വരി പറഞ്ഞപ്പോള്‍ പൊലീസ് അവരുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തുവെന്നൊക്കെ പറയുന്നത് എത്ര ബാലിശമായ വിശദീകരണമാണെന്ന് ഓര്‍ക്കണം.

Print Friendly, PDF & Email

Leave a Comment