Flash News

Cruelty compassion and ruling philosophy – certain thoughts ക്രൗര്യവും കനിവും ഓര്‍മ്മപ്പെടുത്തലും

July 3, 2016

ameer reduced

മാധ്യമങ്ങളില്‍നിന്നുള്ള പ്രഭാതക്കാഴ്ചകള്‍ മനസില്‍ വലിയ ഇരമ്പമാവുകയാണ്. കനത്ത മഴത്തുള്ളികളും മഴയിരമ്പവും ചേര്‍ന്നു സൃഷ്ടിക്കുന്ന തണുപ്പും മരവിപ്പുംപോലെ.

ameer

ക്രൂരതയ്‌ക്കൊരു പര്യായം : അമീറുല്‍ ഇസ്ലാം

കൊടുക്രൂരതയുടെ മുഖമെന്താണെന്ന് ജിഷാവധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ മുഖം വ്യക്തമാക്കി. ആദ്യന്തം നിലനിര്‍ത്തുന്ന നിര്‍വ്വികാരതയാണ് അതെന്ന്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം തല്ലിക്കൊന്ന പതിനാലുകാരന്‍ മലയാളി വിദ്യാര്‍ത്ഥിയുടേതാണ് സ്‌നേഹവും സ്വപ്നങ്ങളും പ്രസരിപ്പിക്കുന്ന കണ്ണുകളും ഓമനത്തമുളള മുഖവും. ജീവനറ്റ അവന്റെ ശരീരത്തിനുള്ളില്‍ ആ യാഥാര്‍ത്ഥ്യത്തെ കാണാനാവാതെ കണ്ണടച്ച് കരയുന്ന അവന്റെ അമ്മയുടെ മെഴുകുപ്രതിമപോലെ മറ്റൊരു ദൃശ്യം.

ആറുവര്‍ഷത്തെ വേര്‍പാടിനുശേഷം വിദൂരമായ ബംഗ്ലാദേശില്‍നിന്ന് വീണ്ടെടുക്കാന്‍കഴിഞ്ഞ പതിമൂന്നുകാരന്‍ സോനുവിനെ മാറോടുചേര്‍ത്തുപിടിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റേതാണ് മറ്റൊരു ചിത്രം. അതോടുചേര്‍ത്ത് വായിച്ചെടുക്കാന്‍ മനസ്സിലേക്ക് കടന്നുവന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനില്‍നിന്ന് കൗതുകത്തോടെ ഏറ്റുവാങ്ങുന്ന പ്രകൃതി സൗഹാര്‍ദ്ദ തുണിസഞ്ചി.

എല്ലാ പ്രത്യയശാസ്ത്രങ്ങളും മതബോധനങ്ങളും ഭരണ പാഠാവലികളും വാരിക്കോരിയൊഴിച്ച് അത്യന്തം മലിനമാക്കിയ സമൂഹ പരിസ്ഥിതിയുടെ നടുവില്‍ കഴിയുന്നതിനിടെ മഹാകവി ഉള്ളൂരിന്റെ ആ വരികളാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്: ‘ സ്‌നേഹത്തില്‍നിന്നുദിക്കുന്നു ലോകം, സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു…’ അതിന്റെ ഏറ്റവും വലിയ വൈകാരിക യാഥാര്‍ത്ഥ്യമാകേണ്ട മാനവികത ഇവിടെ വെട്ടും പ്രഹരങ്ങളുമേറ്റ് മുറിഞ്ഞും ചതഞ്ഞും ചോരവാര്‍ന്നും കിടക്കുന്നു. അതിനിടെ അപ്രാപ്യമായിത്തീരുന്ന ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ നേരിയ സ്ഫുരണം ആഗോളസമൂഹത്തിന്റെ ജീവിതമര്‍മ്മവും അടിസ്ഥാനവുമായ സ്‌നേഹത്തെ ഓര്‍മ്മിപ്പിക്കുന്നു. അത്രയും സംഭവിക്കുന്നില്ലെങ്കില്‍ നമ്മളെല്ലാം ചലിക്കുന്ന, ചരിക്കുന്ന, ശ്വസിക്കുന്ന, സംസാരിക്കുന്ന അസാധാരണ മൃതദേഹങ്ങളായിത്തീരുമല്ലോ.

എന്തുകൊണ്ട് ഈ പംക്തി ഇത്തവണ ഈയൊരു ചിന്ത പകര്‍ത്താന്‍ ഉപയോഗപ്പെടുത്തി എന്ന ചോദ്യത്തിന് ഇന്നത്തെ പത്രമാധ്യമങ്ങളിലെ ചിത്രങ്ങളെ ഓരോന്നും തൊട്ട് ന്യായങ്ങള്‍ പറയാം.
മഹാബലിയെപ്പോലെ വ്യവസ്ഥിതിയുടെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട സമൂഹത്തിലെ ഒരു വിഭാഗത്തില്‍നിന്ന് മുഖ്യധാരയില്‍ തലയുയര്‍ത്തിനില്‍ക്കാന്‍ അസാമാന്യമായി പൊരുതിയ പെണ്‍കുട്ടിയായിരുന്നു നിയമവിദ്യാര്‍ത്ഥിനിയായ ജിഷ. മാന്യമായും സുരക്ഷിതമായും കുടുംബത്തോടൊപ്പം ജീവിക്കാന്‍ കൊതിച്ച ജിഷയെ അവിശ്വസനീയമാംവിധം അതിക്രൂരമായി കൊലചെയ്ത പ്രതിയാണ് കേരളസമൂഹത്തിനുമുമ്പില്‍ നിസ്‌തോഭനായി കൈവിലങ്ങുകളണിഞ്ഞ് നില്‍ക്കുന്നത്. ‘മനുഷ്യന്‍’ എത്ര മനോഹരമായ പദം എന്നാണ് വിശ്വസാഹിത്യകാരന്‍ ടോള്‍സ്റ്റോയി പറഞ്ഞത്. ആ മനോഹര സങ്കല്‍പ്പം എന്തെല്ലാം വൈകൃതങ്ങളും പൈശാചികതയും നിഗൂഢതയും താന്‍പ്രമാണിത്തവും കാപട്യവും സമ്മിശ്രമായി സമ്മേളിച്ച അസാധാരണ ജന്മമാണ്! ആ സത്യംകൂടി നാം തിരിച്ചറിയുന്നു. മനോരോഗ വിദഗ്ധരും മനോരോഗ ചികിത്സകരും ഏറ്റെടുക്കേണ്ട എത്ര വലിയ ദൗത്യമാണ് യഥാര്‍ത്ഥത്തില്‍ അത്തരക്കാരുമായി ബന്ധപ്പെട്ട് നമ്മുടെ സമൂഹം ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

southlive%2F2016-07%2F848fdbd2-d7f0-4343-9e9d-a766b22430fc%2Fdelhi

ദു:ഖപുത്രി: ഡല്‍ഹിയില്‍ കൊല്ലപ്പെട്ട രജത് മേനോന്‍ എന്ന 14കാരന്റെ അമ്മ കൃഷ്ണകുമാരി

ഇതിന്റെ മറ്റൊരു പതിപ്പാണ് ദേശീയ തലസ്ഥാനനഗരിയിലെ മയൂര്‍വിഹാറില്‍നിന്ന് കണ്ടത്. ഒരു മുറുക്കാന്‍കടയുടെ ഉടമയും മക്കളുംചേര്‍ന്ന് അവിടെ പബ്ലിക് സ്‌ക്കൂളില്‍ പഠിക്കുന്ന മലയാളിയായ പതിനാലുകാരനെ ആക്രമിച്ച് തല്ലിക്കൊന്നത്. (മയക്കുമരുന്നുകളുടെ മറയാണ് ഡല്‍ഹിയിലെയും മറ്റും പാന്‍മസാല വില്പനക്കടകള്‍) കുട്ടിയുടെ മരണത്തിലേക്കെത്തിച്ച അതിക്രൂരവും ദുരൂഹവുമായ കാര്യങ്ങളെ ഇങ്ങനെ വായിച്ചെടുക്കാം.

വര്‍ഷങ്ങളായി ഡല്‍ഹി സമൂഹത്തിന്റെ ഭാഗമാണ് അവന്റെ കുടുംബം. ഈ കൊലപാതകത്തെതുടര്‍ന്ന് പൊലീസിനും അധികാരികള്‍ക്കുമെതിരെ പ്രതിഷേധവുമായി ഇരമ്പേണ്ടിവന്നു ഡല്‍ഹിയിലെ മലയാളികള്‍ക്ക്. വാര്‍ത്തകേട്ട് ഞെട്ടിയത് കുട്ടിയുടെ കേരളത്തിലെ വീട്ടുകാരും ബന്ധുജനങ്ങളും മാത്രമല്ല പൊതുസമൂഹമാകെയാണ്. എവിടേക്കാണ് നാം വികസിക്കുന്നത്. വിദ്യാഭ്യാസവും വികസനവും രാഷ്ട്രീയവും നമ്മെ എവിടേക്കാണ് വളര്‍ത്തിക്കൊണ്ടുപോകുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

എക്കാലത്തേയും സാമൂഹിക ഘടനയും സംസ്‌ക്കാരവും തകര്‍ക്കുന്നതിന് അടിസ്ഥാനപരമായ ഘടകമായി വര്‍ത്തിച്ചത് സാമ്പത്തിക ഘടനയുമായി ബന്ധപ്പെട്ട ഭരണകാര്യങ്ങളാണ്. അത് പൊതുനിയമവും ചരിത്രവുമാണ്. നാം കൊട്ടിഘോഷിക്കുകയും തരാതരം അഭിമാനിക്കാന്‍ വകകാണുകയും ചെയ്യുന്ന നമ്മുടെ ജനാധിപത്യം. കാലാകാലങ്ങളില്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ ആവിഷ്‌ക്കരിക്കുന്ന വികസന പദ്ധതികള്‍. ഭരണത്തുടര്‍ച്ചാ നയങ്ങള്‍. ഇതെല്ലാം ഒടുവില്‍ നമ്മെ എവിടെയാണ് എത്തിച്ചിരിക്കുന്നത്.

മേല്പറഞ്ഞ ചിത്രങ്ങളോടൊപ്പം ഇന്നത്തെ ദിനപത്രങ്ങളിലെ വാര്‍ത്തകളില്‍ അതിന്റേയും സൂചനകളുണ്ട്. ആറുപതിറ്റാണ്ടു വളര്‍ച്ചയുള്ള നമ്മുടെ ജനാധിപത്യ ഗവണ്മെന്റാണ് സംസ്ഥാനത്തെ ഏറ്റവും ഏറെ കടംവാങ്ങുന്നവന്‍. അഥവാ അധമര്‍ണ്ണന്‍. ഈ അധമര്‍ണ്ണന്റെ പൊതുകടം 1.55ലക്ഷംകോടി രൂപ. കേരളത്തിന്റെ ധനമന്ത്രി വ്യാഴാഴ്ച നിയമസഭയില്‍വെച്ച ധവളപത്രത്തിലെ നീണ്ട കടപ്പട്ടികയിലേക്ക് കടക്കാതെ ചിലത് ചൂണ്ടിക്കാട്ടട്ടെ:

ബജറ്റില്‍ പറയാത്ത പദ്ധതികള്‍ക്ക് ഗവണ്മെന്റ് അടിയന്തരമായി കൊടുക്കേണ്ട കടം 1620 കോടി. ബജറ്റ് വിഹിതത്തിനു പുറമെ ഭരണാനുമതി നല്‍കിയ വകയില്‍ 1199 കോടി. വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലിന് കൊടുക്കാതിരുന്ന ബാധ്യത 536 കോടി. കൃഷിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കേണ്ട പെന്‍ഷനുകളുടെ കുടിശ്ശിക 268 കോടി. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വകയില്‍ 806 കോടി. നിത്യനിദാനച്ചെലവിന്റേയും ട്രഷറി ചെക്കുകളുടേയും വകയില്‍ 550 കോടി.

രൂക്ഷമാകുന്ന ഈ സാമ്പത്തിക പ്രതിസന്ധിക്കുമേലുള്ള തുരുമ്പിച്ച ഭരണക്കസേരകളില്‍ മാറിമാറി ഇരിക്കുന്നവരുടെ ഭരണചംക്രമണം ജനങ്ങളുടെ ജീവിതാവസ്ഥയെ എവിടേക്കെത്തിക്കുമെന്ന് ഉപന്യസിക്കേണ്ട കാര്യമില്ല.

ഈ ധവളപത്രമിറക്കിയ ഗവണ്മെന്റിന്റെ ഉദ്ദേശ്യശുദ്ധി പ്രതിപക്ഷത്തെപ്പോലെ ചോദ്യംചെയ്യുന്നില്ല. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വബോധം ഈ ഗവണ്മെന്റ് ഉള്‍ക്കൊണ്ടിട്ടുണ്ടോയെന്ന് ചോദിക്കാതെവയ്യ. ധവളപത്രമിറക്കാന്‍ തീരുമാനിച്ച ഗവണ്മെന്റുതന്നെയാണ് ഭരണപരിഷ്‌ക്കാരകമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചില അടിയന്തരകാര്യങ്ങള്‍ തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയേയും നിയമസെക്രട്ടറിയേയും ചുമതലപ്പെടുത്തിയത്. അത്തരമൊരു തീരുമാനമെടുത്താല്‍ അത് ഇരട്ടപ്പദവിയായി നിയമക്കുരുക്കില്‍ പെടുമോയെന്നറിയാനാണ് ആവശ്യപ്പെട്ടത്.

കേരളം സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യത്തിനുവേണ്ടിയല്ല ഈ കമ്മീഷനെ രൂപീകരിക്കുന്നത് എന്നര്‍ത്ഥം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എ ആയ പ്രതിപക്ഷനേതാവ് വി.എസിന് എം.എല്‍.എ പദവിക്കൊപ്പം ഭരണവുമായി ബന്ധപ്പെട്ട് മാന്യമായ ഒരു പദവി നല്‍കി പാര്‍ട്ടിയുടെ മുഖംരക്ഷിക്കാനാണ്. മുഖ്യമന്ത്രിമാരായിരിക്കെ ഇ.എം.എസും ഇ.കെ നായനാരും ഇത്തരമൊരു സമിതിയുടെ അധ്യക്ഷന്മാരായി ഇരുന്നതുകൊണ്ടുള്ള പദവിപ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് ഇതിനെ ന്യായീകരിക്കുന്നത്.

അന്നത്തേതില്‍നിന്ന് ഭിന്നമായ അവസ്ഥയാണ് ഇപ്പോഴത്തേത്. വി.എസിന്റേത് തീര്‍ത്തും സംഘടനാപ്രശ്‌നമാണ്. യഥാര്‍ത്ഥത്തില്‍ ഈ ഗവണ്മെന്റിനെ നയിക്കുന്ന സി.പി.എമ്മിന്റെ സംഘടനാതലമായ സെക്രട്ടേറിയറ്റിലാണ് വി.എസിന് പഴയ പദവി തിരിച്ചുനല്‍കേണ്ടത്. ഈ ഗവണ്മെന്റിന്റെ നയരൂപീകരണത്തില്‍ ഇടപെടാന്‍ അതുകൊണ്ടേ അദ്ദേഹത്തിനു കഴിയൂ.
അതിനുപകരം കേന്ദ്രനേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും വി.എസിനെ സംബന്ധിച്ച നിലപാടുകള്‍ വിരുദ്ധമാണ്. ആ സമാന്തര നിലപാടുകള്‍ക്ക് സര്‍ക്കാര്‍ പദവികൊണ്ട് പാലംപണിയുന്ന രാഷ്ട്രീയ കുറുക്കുവിദ്യയാണ് നടക്കുന്നത്. അധമര്‍ണ്ണന്‍ എന്നതിന് അധമമായ ഋണത്തോടുകൂടിയവന്‍ എന്ന് ശബ്ദതാരാവലിക്കാരന്‍ അര്‍ത്ഥം പറയുന്നുണ്ട്. എല്‍.ഡി.എഫ് ഗവണ്മെന്റും ആ പേരിനുള്ള യോഗ്യത തെളിയിക്കുകയാണ് ഈ തീരുമാനത്തിലൂടെ.

ഡല്‍ഹിയിലെ വല്ല്യേട്ടന്‍ ഭരണത്തിന്റെ അവസ്ഥ കേരളത്തിലേതിലും കഷ്ടമാണ്. ഇന്നത്തെ വാര്‍ത്തതന്നെ നോക്കുക. ഇന്ത്യയുടെ വിദേശകടം 48,560 കോടി ഡോളറായി കുതിച്ചുയര്‍ന്നിരിക്കുന്നു. വിദേശ കരുതല്‍ ധനാനുപാതത്തിന്റെ 42.6 ശതമാനത്തിലേക്ക്. അതേസമയം സുപ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച കുത്തനെ ഇടിയുന്നു. ധനക്കമ്മികഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് 43 ശതമാനം ഉയര്‍ന്ന് 3392 കോടി ഡോളറായി. രാജ്യത്തിന്റെ വികസനം വീണ്ടുംവീണ്ടും വളരുന്ന വിദേശ കടത്തിന്റേയും ധനക്കമ്മിയുടേയും പരിധിയിലെ തടങ്കല്‍ പാളയത്തിലാണ്. ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ദുഷ്പ്രവണതകളാണ് സമൂഹം അതിന്റെ ആറന്മുളകണ്ണാടിയിലൂടെ കാണിക്കുന്നത്.

sonu

മാതൃസ്‌നേഹത്തിന്റെ ആലിംഗനം:സോനു വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനൊപ്പം

പറഞ്ഞുവന്നത് ചില മുഖങ്ങളെക്കുറിച്ചും അതുല്പാദിപ്പിക്കുന്ന ഭാവപ്രകടന ങ്ങളെക്കുറിച്ചുമാണ്. ഡല്‍ഹിയിലെ സീമാപുരിയിലെ ഒരു മുസ്ലിംകുടുംബത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി ബംഗ്ലാദേശില്‍ എത്തിച്ച സോനു മടങ്ങിയെത്തി. ധാക്കയിലെ ഒരു മെക്കാനിക്കായ ജമാല്‍ മൂസ എന്നൊരാളുടെ നിരന്തരമായ ഇടപെടലിലൂടെയാണ് മോചിപ്പിക്കപ്പെട്ടത്. നയതന്ത്രതലത്തില്‍ വിദേശകാര്യമന്ത്രി സുഷമ നടത്തിയ നിരന്തരമായ പരിശ്രമംകൊണ്ടാണ് അത് സാധ്യമായത്.

ഇതില്‍ കൃതജ്ഞത അറിയിക്കാന്‍ മാതാപിതാക്കള്‍ കുട്ടിയെയുമായി എത്തിയപ്പോള്‍ സോനുവിനെ സുഷമാ സ്വരാജ് മാറോടണക്കുന്ന വികാരഭരിതമായ ചിത്രമാണ് മാധ്യമങ്ങളില്‍ വന്നത്. ഒരമ്മയുടെ വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും ഹൃദയത്തില്‍നിന്നുള്ള ഉറവയാണ് പ്രകടമായത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും അസഹിഷ്ണുതയും എന്തുതന്നെയായാലും.
ഇതേദിവസംതന്നെയാണ് നിയമസഭയില്‍ പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നയം വ്യക്തമാക്കിയത്. ഗവണ്മെന്റിന്റെ പി.ആര്‍.ഒ അല്ല മുഖ്യമന്ത്രിയെന്ന്. പി.ആര്‍.ഒയുടെ ജോലി മുഖംമിനുക്കലോ പരസ്യപ്രചാരണമോ ആണ്. ഗവണ്മെന്റിന് കൃത്യമായ വ്യക്തിത്വവും പ്രതിച്ഛായയും ഉണ്ടാക്കുന്ന നയങ്ങള്‍ ആവിഷ്‌ക്കരിക്കലും തീരുമാനമെടുക്കലും നടപ്പാക്കുന്നതിന് നേതൃത്വം നല്‍കലുമാണ് മുഖ്യമന്ത്രിയുടെ ജോലി.

പ്രധാനമന്ത്രിയും അങ്ങനെതന്നെ. അതുകൊണ്ടാണ് യു.പിയിലെ സംസ്ഥാന ഭരണത്തിന്‍കീഴില്‍ ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരെ ബീഫ് കഴിച്ചെന്നാരോപിച്ച് മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍മൗനംപാലിച്ച പ്രധാനമന്ത്രിയോട് നിലപാട് വ്യക്തമാക്കാന്‍ പല ഭാഗത്തുനിന്നും ആവശ്യമുയര്‍ന്നത്. പ്രധാനമന്ത്രിയെ ന്യായീകരിച്ച് അന്നൊരു കേന്ദ്രമന്ത്രി പറഞ്ഞത് പട്ടിയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ പ്രതികരിക്കേണ്ട ചുമതല പ്രധാനമന്ത്രിയുടേതല്ല എന്നാണ്.

eccofriendly

പ്ലാസ്റ്റിക് രാഷ്ട്രീയം : പ്രകൃതി സൗഹാര്‍ദ്ദ സഞ്ചികള്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനില്‍നിന്ന് ഏറ്റുവാങ്ങുന്ന പിണറായി വിജയന്‍

ദളിത് വിഭാഗത്തില്‍പെട്ട രണ്ട് യുവതികളെയും ഒരു പിഞ്ചുകുഞ്ഞിനേയും സി.പി.എം ഓഫീസ് ആക്രമിച്ചെന്ന് ആരോപിച്ച് ജയിലിലടച്ച വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടിയത്. അത് പൊലീസിനോട് ചോദിക്കണമെന്നും മുമ്പും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടില്ലേയെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുഖ്യമന്ത്രിയില്‍നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ തന്റെ മന്ത്രിസഭ പരിഗണിക്കുന്ന ഭരണഘടനാ പരിഷ്‌ക്കരണകമ്മീഷനെ സംബന്ധിച്ച് ചോദിച്ചപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോട് ചോദിക്കാനാണ്.

അതേസമയം ഇന്നത്തെ പത്രങ്ങളില്‍ സ്പീക്കറില്‍നിന്ന് കുടുംബശ്രീ മുഖേന വിതരണംചെയ്യുന്ന പ്രകൃതി സൗഹാര്‍ദ്ദസഞ്ചി മുഖ്യമന്ത്രി ഏറ്റുവാങ്ങുന്നതുകണ്ടു. ഈ ഉദ്ഘാടനപരിപാടി യഥാര്‍ത്ഥത്തില്‍ ഒരു പി.ആര്‍.ഒ പരിപാടിയാണ്. ചുറ്റുംകൂടിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശും കുഞ്ഞാലിക്കുട്ടിയുമൊക്കെ നടത്തിപ്പോന്നതുപോലുള്ള പി.ആര്‍.ഒ പരിപാടി. അതിലും എത്രയോ പ്രധാനമല്ലേ മന്ത്രിസഭാ തീരുമാനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കുന്നത്. എപ്പോഴുമത് ചെയ്യണമെന്നല്ല. അതൊരു പി.ആര്‍.ഒ പണിയാണെന്ന് പറയുന്നതാണ് തെറ്റ്.

ഇത്തിരി സ്‌നേഹവും മര്യാദയുമൊക്കെ പ്രകടിപ്പിക്കുകയും മര്‍ക്കടമുഷ്ടി ഉപേക്ഷിക്കുകയും ചെയ്താല്‍ മുഖ്യമന്ത്രി കരുത്തനല്ലാതാകില്ല. മഹാസാധുവും. പുറത്തേക്കുവരുന്ന വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുടെ ആര്‍ദ്രത നിലനിര്‍ത്താനാണ് പുഞ്ചിരിവിരിയിക്കുന്നതിനേക്കാള്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top