ധാക്ക ഭീകരാക്രമണം; ഭീകരരില്‍ ഭരണകക്ഷിയായ അവാമി ലീഗ് നേതാവിന്റെ മകനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്

dhaka-isis-attackers

ധാക്ക: ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നയതന്ത്ര കാര്യാലയമേഖലയായ ഗുല്‍ഷാനിലെ ആര്‍ട്ടിസാന്‍ റസ്‌റ്റോറന്റില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനി രാജ്യത്തെ ഭരണപക്ഷമായ അവാമി ലീഗ് നേതാവിന്റെ മകനാണെന്ന് റിപ്പോര്‍ട്ട്. സംഘത്തില്‍ ഏഴു അക്രമികളാണുണ്ടായിരുന്നത്.

പ്രമുഖ നേതാവും ബംഗ്ലാദേശ് ഒളിമ്പിക് അസോസിയേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ ഇംത്യാസ് ഖാന്‍ ബാബുളിന്റെ മകനായ രോഹന്‍ ഇബ്‌നേ ഇംത്യാസ് ആണ് ആ ഭീകരനെന്ന് മറ്റൊരു അവാമി നേതാവാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഇക്കഴിഞ്ഞ ജനുവരി നാലിന് ബാബുള്‍ പോലീസിനു പരാതി നല്‍കിയിരുന്നു.

ഫേസ്ബുക്കിലും മാധ്യമങ്ങളിലും പ്രചരിച്ച ചിത്രങ്ങളില്‍ നിന്നാണ് രോഹനെ തിരിച്ചറിഞ്ഞതെന്ന് അവാമി നേതാവ് മുകുള്‍ ചൗധരി വ്യക്തമാക്കി. സഹപാഠികള്‍ രോഹന്‍ മാതാവിനും പിതാവിനുമൊപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കഫേയിലുണ്ടായ ആക്രമണത്തില്‍ ആറു ഭീകരന്മാര്‍ കൊല്ലപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. കൂടാതെ വിദേശികള്‍ ഉള്‍പ്പെടെ ബന്ധികളാക്കിയ ഇരുപതു പേരെ ഭീകരര്‍ കൂട്ടക്കൊല ചെയ്തിരുന്നു. ഇതില്‍ ഒരു ഇന്ത്യാക്കാരിയും ഉള്‍പ്പെടുന്നു.

മുംബൈ താജ് ഹോട്ടലിലെ ഭീകരാക്രമണത്തിന് സമാനമായ രീതിയിലാണ് ഇവിടെയും ആക്രമണമുണ്ടായതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ആക്രമണം ഉണ്ടായതിന് പിന്നാലെ പോലീസ് റസ്‌റ്റോറന്റ് വളഞ്ഞ് പ്രത്യാക്രമണം തുടങ്ങി. തുടര്‍ന്ന് രൂക്ഷമായ വെടിവയ്പാണ് നടന്നത്. ഭീകരരോട് കീഴടങ്ങാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും അത് ചെവികൊള്ളാന്‍ തയ്യാറായില്ല. ഇതോടെയാണ് സൈന്യം കമാന്‍ഡോകളുമായി രംഗത്തെത്തിയത്.

Bangladesh's-Ruling-Awami-Lആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു ഭീകരരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ രോഹന്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. പോലീസോ എസ്.ഐ.ടി.ഇയോ പുറത്തുവിട്ട ചിത്രങ്ങളിലും അയാളുടെ പേര് പരാമര്‍ശിച്ചിട്ടില്ല. കൊല്ലപ്പെട്ടവരെല്ലാം ബംഗ്ലാദേശ് ജമാത്തുള്‍ മുജാഹ്ദ്ദീന്‍ ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാബുള്‍ പോലീസു നല്‍കിയ പരാതിയില്‍ 20കാരനായ രോഹന്‍ ബിസിനസ് വിദ്യാര്‍ത്ഥിയാണെന്നാണ് പറയുന്നത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ധാക്കയിലെ ഗുല്‍ഷാനിലുള്ള ഹോളി ആര്‍ടിസാന്‍ ബേക്കറി കഫേയില്‍ പത്തോളം വരുന്ന തീവ്രവാദികള്‍ ആയുധങ്ങളുമായി ഇരച്ചുകയറി ആളുകളെ ബന്ദികളാക്കുകയായിരുന്നു. അള്ളാഹു അക്ബര്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു ഭീകരരുടെ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ദാഇഷ് ഏറ്റെടുത്തിരുന്നുവെങ്കിലും സര്‍ക്കാര്‍ അത് ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. ആക്രമണത്തില്‍ ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടതായും ദാഇഷ് അവകാശപ്പെട്ടിരുന്നു. മാത്രമല്ല കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു.

ബന്ദികളാക്കപ്പെട്ടവരില്‍ ബംഗ്ലാദേശിലെ ഇറ്റാലിയന്‍ അംബാസഡര്‍ മരിയോ പാര്‍മറും ഉള്‍പ്പെടുന്നു. നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖരായ ആളുകള്‍ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഇടമാണ് ഹോളി ആര്‍ട്ടിസാന്‍ ബേക്കറി കഫെ. സംഭവം നടന്ന് അല്‍പ്പ സമയത്തിനകം പോലീസും സുരക്ഷാസേനയും റസ്‌റ്റോറന്റ് വളഞ്ഞു. ഭീകരര്‍ പോലീസിനുനേരെ ഗ്രനേഡുകള്‍ വലിച്ചെറിഞ്ഞു. പോലീസ് തിരികെ നടത്തിയ വെടിവയ്പില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു.

ഇന്ത്യക്കാരിയടക്കം 20 പേര്‍ കൊല്ലപ്പെട്ട ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റല്ലെന്നും, പ്രാദേശിക തീവ്രവാദ സംഘനയായ ജംഇയത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശാണന്നും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശില്‍ നിരോധിച്ച സംഘടനയാണ് ജംഇയത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ്.

രാത്രി ബേക്കറിയില്‍ ഇരച്ചുകയറിയ ഭീകരര്‍ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. പിന്നീട് 20 പേരെ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെടുത്തി. യു.എസില്‍ പഠനം നടത്തുന്ന ഇന്ത്യക്കാരിയായ താരിഷി ജെയ്ന്‍(18) അടക്കം മരിച്ച എല്ലാവരും വിദേശികളാണ്. മരിച്ചവരിലേറെയും ഇറ്റലി, ജപ്പാന്‍ പൗരന്മാരാണ്. ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ സംയുക്ത സൈനിക നടപടിയില്‍ ആറു ഭീകരരെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു. ഭീകരര്‍ ബന്ദികളാക്കിയ 13 പേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Leave a Comment