Flash News

എല്ലാം ശരിയാക്കുമോ ഈ വിജയഭരണം ?

July 5, 2016

ellam sariyakumo sized

എല്ലാം ശരിയാക്കാന്‍ എല്‍.ഡി.എഫിനെ ജനം അധികാരത്തിലെത്തിച്ചിരിക്കുകയാണ്. പിണറായി വിജയനില്‍ കൂടി എല്ലാം ശരിയാക്കുമെന്ന പ്രതീക്ഷയിലാണ് ജനമിപ്പോള്‍. വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കി അധികാരത്തിന്‍റെ അകത്തളത്തില്‍ കയറിയ പിണറായിയും കൂട്ടരും ഇനിയെന്തൊക്കെയാണ് ശരിയാക്കുന്നതും ശരിപ്പെടുത്തുന്നതുമെന്നാണ് ജനം ചിന്തിക്കുന്നത്. ആനയേക്കാളും വലിയ ആശകൊടുത്ത് അധികാരത്തിലേറിയവര്‍ ആടിത്തിമിര്‍ക്കുന്നത് എന്തായിരിക്കുമെന്ന് പ്രവചനാതീതമാണ്. കേരളം മുഴുവന്‍ മാറ്റി മറിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ഇടതു മുന്നണി സര്‍ക്കാര്‍ എത്രമാത്രം മാറ്റി മറിക്കുമെന്നതിന് അഞ്ച് വര്‍ഷം കാലാവധിയുണ്ട്. ഈ അഞ്ച് വര്‍ഷംകൊണ്ട് കേരളം ഭൂമിയിലെ സ്വര്‍ഗ്ഗമാക്കുമെന്നാണ് ഇടതുപക്ഷ ചിന്താഗതിക്കാരുടെ സ്വപ്നം. കേരളം മാറിയില്ലെങ്കിലും അവരുടെ വീരനായകനും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ മാറും. അതിനുള്ള ലക്ഷണം കാണുന്നുയെന്നു തന്നെ പറയാം. ചാര്‍ലി ചാപ്ലിന്‍റെയോ നമ്മുടെ സ്വന്തം ജഗതിയുടെയോ ചിരിച്ചു ചിരിച്ച് മണ്ണു കപ്പുന്ന രംഗങ്ങള്‍പോലും കണ്ടാല്‍ ചിരിക്കാത്ത പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ ചിരിക്കാന്‍ തുടങ്ങിയെന്നതാണ് ആ മാറ്റം. ഈ ചിരി കണ്ടപ്പോള്‍ അച്യുതാനന്ദന്‍ പൊട്ടിക്കരഞ്ഞെങ്കിലും അത് ഒരു വലിയ മാറ്റം തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.

അധികാരത്തില്‍ കയറിയപ്പോള്‍ തന്നെ അറിയാതെ മാറിപ്പോയ പിണറായി അതിനു മുന്‍പ് തന്നെ മറ്റൊരാളെക്കൂടി മാറ്റിയെടുത്തു. സാക്ഷാല്‍ അച്യുതാനന്ദനെ. മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അച്യുതാനന്ദന്‍ ഒരു പുലിയായിരുന്നുവെന്ന് കേരളം കണ്ടതാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് അച്യുതാനന്ദന്‍ ഒരു ചീറ്റപ്പുലിയായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. പിണറായി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ അച്യുതാനന്ദനും മാറി. പുലിയായിരുന്ന അച്യുതാനന്ദന്‍ ഇപ്പോള്‍ എലിയായിക്കൊണ്ടിരിക്കുകയാണത്രെ. ഇനിയും പണ്ടത്തെ വീര്യം കാണിച്ചാല്‍ പിണറായി പിടിച്ച് വീട്ടിലിരുത്തുമെന്ന് അച്യുതാനന്ദനറിയാം. അത് അച്യുതാനന്ദനെ മറ്റൊരു മാറ്റത്തിലെത്തിക്കുമെന്ന് മാലോകര്‍ക്കൊപ്പം അദ്ദേഹത്തിനുമറിയാം. അതുകൊണ്ടു തന്നെ എലിയായി അടുക്കളയില്‍ത്തന്നെ കഴിഞ്ഞുകൂടുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതുന്നുണ്ടിപ്പോള്‍. അവിടെയാണെങ്കില്‍ കഷണം കിട്ടിയില്ലെങ്കിലും മുള്ളെങ്കിലും കിട്ടും. ശിഷ്ടകാലം അതുകൊണ്ടെങ്കിലും തൃപ്തിപ്പെടാമെന്നാണ് അദ്ദേഹമിപ്പോള്‍ കരുതുന്നത്.

മോദി അധികാരത്തിലേറിയപ്പോള്‍ എല്‍.കെ. അഡ്വാനിക്കു വന്ന അവസ്ഥയാണ് അച്യുതാനന്ദനിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇല്ലാത്ത മതസ്പര്‍ദ്ദ മനുഷ്യരുടെ ഇടയില്‍ അടിച്ചുകയറ്റി മനുഷ്യരുടെ ഉള്ളില്‍ കുത്തിനിറച്ച് രണ്ട് അംഗങ്ങളായ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതിന്‍റെ തന്ത്രത്തിനു പിന്നില്‍ അഡ്വാനിയുടെ കുരുട്ടുബുദ്ധിയോ കുബുദ്ധിയോ ആണെന്ന് പരസ്യമായ രഹസ്യമാണ്.

അതില്‍കൂടി ഇന്ത്യയുടെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ രാമക്ഷേത്രവും ബാബറി മസ്ജിദുമൊക്കെയായി ഇന്ത്യയുടനീളം കറങ്ങി ബി.ജെ.പി.യെ അധികാരത്തിലെത്തിച്ച അഡ്വാനി പ്രധാനമന്ത്രി കുപ്പായവുമായി കസേരയില്‍ ചെന്നപ്പോഴാണ് വാജ്പേയ് അതിനു മുന്‍പെ അതിലെത്തി ഇരുപ്പുറപ്പിച്ചത്. വാജ്പേയ്ക്കുശേഷം താന്‍ തന്നെയെന്ന് വലിയ കലത്തില്‍ വെള്ളം നിറച്ച് തീ കത്തിച്ചപ്പോഴാണ് മോദി ആ തീ കെടുത്തി വെള്ളം വാങ്ങിവച്ചത്. അച്യുതാനന്ദന് വാഗ്ദാനം ചെയ്തപോലെ ഉമ്മറത്തിരിക്കുന്ന കാരണവരുടെ സ്ഥാനം നല്‍കികൊണ്ട് അഡ്വാനിയെ ഒരു മൂലക്കിരുത്തി മോദി ചുളുവില്‍ അധികാരത്തിലെത്തിയത് മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഡ്വാനി വിയര്‍പ്പൊഴുക്കി നട്ട മരത്തില്‍ നിന്ന് യാതൊരു വിയര്‍പ്പൊഴുക്കാതെ പഴം പറിച്ച് സ്വാദോടെ കഴിച്ച തന്ത്രശാലിയാണ് മോദി.

അഡ്വാനിയുടെ അതേ അവസ്ഥ തന്നെയാണ് അച്യുതാനന്ദനുമിപ്പോള്‍. നീട്ടിയും കുറുക്കിയും സരിത വിപ്ലവം നടത്തിയതും മിച്ചം. ഹരിത കേരളത്തിന്‍റെ കടിഞ്ഞാണിപ്പോള്‍ പിണറായിയുടെ കൈകളിലായി. ഉമ്മറത്ത് വെറുതെയിരിക്കുന്ന കാരണവരുടെ സ്ഥാനം നല്‍കുമോയെന്ന് കണ്ടറിയാം. പണ്ട് സി.ഐ.റ്റി.യു. നേതാവായിരുന്ന ഒ. ഭരതന്‍ തനിക്കു മുകളില്‍ വളരാന്‍ തുടങ്ങിയപ്പോള്‍ അന്ന് ഇ.കെ. നയനാരോടൊപ്പം നിന്നുകൊണ്ട് ഭരതനെ ഒതുക്കാന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പിണറായി വിജയന്‍ തന്നെ ഇത്രയും ഒതുക്കുമെന്ന് അച്യുതാനന്ദന്‍ സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല. ഇന്ന് ഉമ്മറത്തിരിക്കുന്ന കാരണവരെപ്പോലെ പിണറായിയുടെ അടുക്കളയില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുകയാണ് അച്യുതാനന്ദന്‍ എന്നാണ് പറയപ്പെടുന്നത്.

മണ്ണുംചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയിയെന്നു പറയുംപോലെയായി അച്യുതാനന്ദന്‍ എന്ന കാരണവരുടെ അവസ്ഥ. എന്തായാലും പിണറായി വിജയന്‍ മുഖ്യമന്ത്രിയായതോടെ അച്യുതാനന്ദന്‍ മാറിയെന്നതാണ് സത്യം. പിണറായിയും അച്യുതാനന്ദനും മാറിയതോടൊപ്പം അവരുടെ പാര്‍ട്ടിപോലും മാറിപ്പോയിയെന്നതാണ് മറ്റൊരു വസ്തുത. ദേശീയ പാര്‍ട്ടിയായിരുന്ന സി.പി.എം. ഇന്ന് ചുരുങ്ങി ചുരുങ്ങി ഒരു പ്രാദേശിക പാര്‍ട്ടിയായി മാറിയത് ഒരു മാറ്റം തന്നെയാണ്. ബംഗാളിലും തൃപുരയിലും കേരളത്തിലുമായി വിപ്ലവം നടത്തുന്നവരായി സി.പി.എം. മാറിയതും ഒരു മാറ്റമാണ്. പണ്ട് കെ. കരുണാകരന്‍ പറയുമായിരുന്നു ബംഗാളിലും തൃപുരയിലും കേരളത്തിലും പിന്നെ റെയില്‍വെ ഫ്ളാറ്റ് ഫോമിലുമെ സി.പി.എം. പതാക കാണാന്‍ കഴിയൂയെന്ന്. മംമതാ ബാനര്‍ജി അഞ്ചുവര്‍ഷം കൂടി ഭരിച്ചാല്‍ ബംഗാളിന്‍റെ പേര് വെട്ടേണ്ടിവരും. അങ്ങനെ വന്നാല്‍ അവരുടെ ദേശീയ സമ്മേളനം തൃപുരയിലും കേരളത്തിലുമായി മാത്രം നടത്തേണ്ടിവരും. അങ്ങനെ പാര്‍ട്ടിയും മാറി.

വെട്ടിനിരത്തിയും വെട്ടിയൊരുക്കിയും മുഖ്യമന്ത്രി കസേരയ്ക്ക് വഴിയൊരുക്കിയ വി.എസ്സിനെ ശരിക്കും വെട്ടിലാക്കി പിണറായി വിജയന്‍. പിണറായി വെട്ടിയൊരുക്കിയത് വി.എസ്സിനെ വെട്ടി നിരത്തിയിട്ടാണെന്ന് കേരളക്കരക്കറിയാമെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്കതറിയില്ലായെന്നാണ് സീതാറാം യച്ചൂരിയുടെ വാക്കുകളില്‍ കൂടി വ്യക്തമാക്കുന്നത്. അതായിരിക്കാം ഫിഡല്‍ കാസ്ട്രേയുടെ പരിവേഷം നല്‍കി വി.എസ്സിനെ മൂലക്കിരുത്തിയത്. ഈ ഒരു വെട്ടിനിരത്തല്‍ വി.എസ്സ്. സ്വപ്നത്തില്‍പ്പോലും കണ്ടിരുന്നില്ല. എല്ലാം ശരിയാക്കാമെന്ന് എല്‍.ഡി.എഫ്. ഉദ്ദേശിച്ചത് എല്ലാത്തിനും കാരണമായ വി.എസ്സിനെയായിരുന്നോ.

അധികാരത്തില്‍ കയറാന്‍ വേണ്ടി, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും തിരഞ്ഞെടുപ്പ് കാലത്ത് ചില മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും നല്‍കാറുണ്ട്. അതിന്‍റെ ഭാഗമാണോ ഈ എല്ലാം ശരിയാക്കല്‍ എന്ന മുദ്രാവാക്യമെന്നതറിയാന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കണം. ഒരു മുന്നണിയും അധികാരത്തില്‍ കയറുന്നതിനുവേണ്ടി പറയുന്നതല്ലാതെ അത് നടപ്പാക്കിയ ചരിത്രം ഉണ്ടായിട്ടില്ല. അതു തന്നെയാണ് ഇവിടെയും സംഭവിക്കാന്‍ പോകുന്നതെന്നാണ് ജനം ചിന്തിക്കുന്നത്.

അതിന് ഉദാഹരണങ്ങള്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ കയറി സമയത്തു തന്നെയുള്ളത് ധാരാളമുണ്ട്. 87-ല്‍ നയനാര്‍ സര്‍ക്കാര്‍ അന്ന് പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വീമ്പിളക്കിക്കൊണ്ടാണ് അധികാരത്തിലേറിയത്. പത്തുലക്ഷം പോയിട്ട് പതിനായിരം പേര്‍ക്കുപോലും തൊഴില്‍ നല്‍കാന്‍ കഴിയാതെയാണ് കാലാവധി പൂര്‍ത്തീകരിച്ച് ഇറങ്ങിയത്. അതിനുശേഷം വന്ന മൂന്നാം നയനാര്‍ സര്‍ക്കാരും വലിയ വീരവാദവുമായിട്ടാണ് അധികാരത്തില്‍ കയറിയത്. അഴിമതിരഹിത സര്‍ക്കാരെന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം. ജനകീയാസൂത്രണ ത്തില്‍ വന്‍ അഴിമതി നടന്നത് നയനാരുടെ ആ മന്ത്രിസഭയുടെ കാലത്തായിരുന്നു. അച്യുതാനന്ദ നും വികസന സ്വജനപക്ഷപാദപരമല്ലാത്ത സര്‍ക്കാരെന്നതായിരുന്നെങ്കിലും കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറച്ച് വികസനം നടത്തിയ സര്‍ക്കാരെന്ന നിലയിലായിരുന്നു കാലാവധി പൂര്‍ത്തീകരിച്ച് പടിയിറങ്ങിയത്.

ശാരിയുടെ മരണത്തിനുത്തരവാദിയായ വി.ഐ.പി.യെ നിയമനത്തിനു മുന്നില്‍ താന്‍ മുഖ്യമന്ത്രിയായാല്‍ കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറി വി.എസ്സ്. അതുപോലും ചെയ്തില്ലായെന്നത് ഇന്നും അച്യുതാനന്ദന്‍റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടിരി ക്കുകയാണ്. തനിക്ക് വ്യക്തമായി അറിവും അധികാരവുമുണ്ടായിരുന്നിട്ടുകൂടി ആ വി.ഐ.പി.യെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍പോലും അച്യുതാനന്ദന് കഴിയാതെ പോയിയെന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഇടതു മുന്നണി വരുന്നുയെന്ന രീതിയില്‍ എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകുമെന്ന പരസ്യവാചകം കണ്ടപ്പോള്‍ എല്‍.ഡി.എഫ്. മന്ത്രിസഭകളെക്കുറിച്ച് പരാമര്‍ശിച്ചുയെന്നേയുള്ളു. എല്‍.ഡി.എഫും യു.ഡി.എഫും എന്തിന് ബി.ജെ.പി. പോലും വന്നാലും വാചക കസര്‍ത്തു മാത്രമേ ഉണ്ടാകൂയെന്നതാണ് ഇത്രയും കാലത്തെ അനുഭവം തുറന്നുകാട്ടുന്നത്.

എല്ലാം ശരിയാക്കുമെന്ന് പറയുന്നത് കുളിര്‍മയും പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ്. അത് അതിന്‍റെ അര്‍ത്ഥത്തിലുണ്ടായാല്‍ നാടിനെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കും. ഇവിടെ എല്ലാം ശരിയാക്കാമെന്ന് പറയുമ്പോള്‍ “എല്ലാം” എന്നത് ഇപ്പോഴും ജനത്തിന് പൂര്‍ണ്ണമായി മനസ്സിലാകുന്നില്ലായെന്നതാണ് സത്യം. അതുകൂടി വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇന്നലെവരെയുണ്ടായിരുന്ന തെറ്റായ സംവിധാനങ്ങളും രീതികളും ശരിയാക്കുകയെന്നതാണെങ്കില്‍ അതിനെ പൂര്‍ണ്ണമായി സ്വാഗതം ചെയ്യേണ്ടതാണ്. അതല്ല എതിരാളിയെയാണ് ശരിയാക്കേണ്ടതെന്നതാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മുന്‍ഗാമികളുടെ അനുഭവമായിരിക്കും ഉണ്ടാകൂ.

രാഷ്ട്രീയ ഭരണകൂട്ടുകെട്ടിന്‍റെ ജാരസന്തതിയായ അഴിമതിയും പക്ഷപാദപരവുമായ ഭരണസംവിധാനം ആദ്യം ശരിയാക്കേണ്ടിയിരിക്കുന്നു. കൈമടക്കു കൊടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ലെന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി മാറ്റേണ്ടിയിരിക്കുന്നു. മുഖം നോക്കാതെ അങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചങ്കൂറ്റം ഉണ്ടാകുന്ന ഭരണസംവിധാനം ഉണ്ടായാല്‍ കുറെയൊക്കെ ശരിയാകും. ഭരണരംഗത്തും ഉദ്യോഗസ്ഥ നിരയിലും നടമാടിക്കൊണ്ടിരിക്കുന്ന ധൂര്‍ത്തും കെടുകാര്യസ്ഥതയും മാറേണ്ടിയിരിക്കുന്നു. കോടികള്‍ മുടക്കി സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് എങ്ങനെ അത് സാധിക്കുമെന്നത് പിണറായി വിജയന്‍ മന്ത്രിസഭയുടെ നേരെ വിരല്‍ചൂണ്ടുമ്പോള്‍, സ്വന്തം ഇഷ്ടക്കാരനെ സന്തോഷിപ്പി ക്കാനും സഹായിക്കാനുമായി ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ അധികാരമേറ്റ് ആഴ്ചകള്‍ക്കുള്ളില്‍ ചിലവഴിച്ചവര്‍ക്ക് അതിനു സാധിക്കുമോ എന്നതാണ് മറ്റൊരു സംശയം. അത് മാറ്റിയെടുക്കാന്‍ അഗ്നിശുദ്ധിതന്നെ വേണ്ടിവരും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top