സുധീരനെതിരെ പരാതി പറയാനെത്തിയ എ-ഐ ഗ്രൂപ്പുകാര്‍ രാഹുലിന്‍െറ താക്കീത്; ഗ്രൂപ്പവേണമെന്നുള്ളവര്‍ക്ക് പാര്‍ട്ടിക്കുപുറത്തുപോകാം… കേരളത്തില്‍ പോര് മൂര്‍ച്ഛിക്കും

rahul-gandhi-churuന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍െറ മേല്‍ കെട്ടിവച്ച് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മറിച്ചിടുകയെന്ന ലക്ഷ്യത്തോടെ ദല്‍ഹിയിലെത്തിയ എ-ഐ ഗ്രൂപ്പുനേതാക്കള്‍ക്ക് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുടെ താക്കീത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഉത്തരവാദി ഒരാള്‍ മാത്രമല്ലെന്നും ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്നും രാഹുല്‍ വ്യക്തമാക്കി. ഗ്രൂപ്പ് മേലില്‍ അനുവദിക്കാനാകില്ലെന്നും ഗ്രൂപ്പ് വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിക്കുപുറത്തുപോകാമെന്നും രാഹുല്‍ നേതാക്കളുടെ മുഖത്തുനോക്കി പറഞ്ഞു.
60ഓളം മുതിര്‍ന്ന നേതാക്കളാണ് യോഗത്തിലുണ്ടായിരുന്നത്. രാഹുലിന്‍െറ താക്കീതും വാങ്ങി നിരാശരായാണ് നേതാക്കള്‍ കേരളത്തിലേക്ക് മടങ്ങിയത്.

കേരളത്തിലെ സംഘടനാപ്രവര്‍ത്തനം അടുത്തകാലം വരെ മാതൃകാപരമായിരുന്നെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിന് പ്രാധാന്യം നല്‍കുന്ന സ്ഥിതിയാണിപ്പോള്‍. ഇത് വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. ആരുടെയെങ്കിലും ഒരാളുടെമേല്‍ അത് കെട്ടിവെക്കാന്‍ പറ്റില്ല. തോല്‍വിയുടെ കാരണങ്ങളെക്കുറിച്ചുള്ള പോസ്റ്റ്മോര്‍ട്ടമല്ല ഹൈകമാന്‍ഡ് ഉദ്ദേശിക്കുന്നത്. പാര്‍ട്ടിക്ക് നല്ല സ്വാധീനമുള്ള സംസ്ഥാനത്ത് ശക്തി വീണ്ടെടുക്കാനുള്ള വഴിയാണ് തേടുന്നത്. ഇതിന് ഗ്രൂപ്പിസം ഒഴിവാക്കുകയും യുവാക്കളെയും വനിതകളെയും കൂടുതല്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയും വേണം. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഊര്‍ജസ്വലമായ സമിതികള്‍ അടിമുടി ഉണ്ടാക്കണം. കേരളത്തില്‍ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക പ്രായോഗികമല്ല. ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ വീതം വെക്കാനും പറ്റില്ലെന്നും രാഹുല്‍ പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങി മുതിര്‍ന്ന നേതാക്കളോടാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയാണ് കേരളത്തിലേതെന്നും ബി.ജെ.പി വെല്ലുവിളികൂടി മുന്നില്‍ക്കണ്ട് ഐക്യത്തോടെ മുന്നോട്ടുപോകേണ്ട ഘട്ടമാണെന്നും എ.കെ. ആന്‍റണി പറഞ്ഞു.
കൂടിയാലോചനക്ക് രാഹുല്‍ ഗാന്ധി വിളിപ്പിച്ചത് നൂറിലേറെ സംസ്ഥാന നേതാക്കളെയാണ്. കെ.പി.സി.സി മുന്‍ പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, പാര്‍ട്ടി വക്താക്കള്‍, മുന്‍ ഗവര്‍ണര്‍മാര്‍, എം.പി-എം.എല്‍.എമാര്‍ തുടങ്ങിയവരാണ് ഡല്‍ഹിയിലെത്തിയത്. വിളിച്ചവരില്‍ കെ. ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍ തുടങ്ങി 10 പേര്‍ എത്തിയില്ല.

60ഓളം നേതാക്കളാണ് വ്യാഴാഴ്ച രാഹുലിനെ കണ്ടത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുള്‍പ്പെട്ട 50ഓളം പേരെ രാഹുല്‍ വെള്ളിയാഴ്ച കാണുന്നുണ്ട്. സമയം തികയാത്തതിനാല്‍ എം.പിമാരെ പാര്‍ലമെന്‍റ് സമ്മേളനത്തിനിടയിലാണ് കാണുക. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ജേക്കബ് തുടങ്ങി ഡസനോളം നേതാക്കളുമായി അവര്‍ താല്‍പര്യപ്പെട്ട പ്രകാരം രാഹുല്‍ ഒറ്റക്കൊറ്റക്ക് സംഭാഷണം നടത്തി.

Print Friendly, PDF & Email

Leave a Comment