തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനവും വൈഡ് റിലീസിങ്ങും വരുന്നു

e-ticktet-booking-250x250കൊച്ചി: സിനിമാ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനവും വൈഡ് റിലീസിങ്ങും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കഴിഞ്ഞമാസം 23ന് തിരുവനന്തപുരത്ത് സിനിമാ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇ-ടിക്കറ്റിങ് ആഗസ്റ്റ് 31നു ശേഷമാണ് നടപ്പാക്കുക. വിനോദ നികുതിയും മൂന്ന് രൂപ സിനിമാ തൊഴിലാളി ക്ഷേമനിധി സെസും കുറ്റമറ്റരീതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി പിരിക്കാനുള്ള സംവിധാനമൊരുക്കിയശേഷം ഇ-ടിക്കറ്റിങ് നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കുമെന്ന് സര്‍ക്കാര്‍ സിനിമാ സംഘടനാ ഭാരവാഹികളെ അറിയിച്ചു.

ഓരോ സിനിമക്കും തിയറ്റുകളില്‍ നിത്യവുമുണ്ടാകുന്ന കലക്ഷന്‍െറയും തങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതത്തിന്‍െറയും വ്യക്തമായ കണക്ക് അന്നന്നുതന്നെ നിര്‍മാതാക്കള്‍ക്ക് ലഭിക്കുമെന്നതാണ് ഇ-ടിക്കറ്റിങ് സംവിധാനത്തിന്‍െറ പ്രത്യേകത. വിനോദ നികുതി വെട്ടിപ്പും ഇനി നടക്കില്ല. പ്രേക്ഷകര്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി സിനിമാ ടിക്കറ്റെടുക്കാനാവും. ഗ്രാമങ്ങളിലെ മികച്ച തിയറ്ററുകളില്‍വരെ പുതിയ സിനിമ വൈഡ് റിലീസിങ്ങിലൂടെ റിലീസാകും. നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക ഗുണമുണ്ടാവുകയും ചെയ്യും.

സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍, തദ്ദേശ മന്ത്രി കെ.ടി. ജലീല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് 23ന് ചര്‍ച്ചാ യോഗം നടന്നത്. ‘ഫെഫ്ക’ ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണന്‍, കമല്‍, അരോമ മോഹന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹി എം. രഞ്ജിത്ത്, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹി എന്‍. കൃഷ്ണകുമാര്‍, എസ്.എസ്.ടി. സുബ്രഹ്മണ്യന്‍, ജി.എസ്. വിജയന്‍, സുരേഷ് ഉണ്ണിത്താന്‍ (മാക്ട), ലിബര്‍ട്ടി ബഷീര്‍, ഷാജു അക്കര (ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment