Flash News

ഐസിസില്‍ ചേരാന്‍ പുറപ്പെട്ട മലയാളികളില്‍ ഒരാളെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പിടികൂടി; ചിലര്‍ ഇറാനിലേക്ക് കടന്നതായി സൂചന

July 11, 2016

kasarkodu-missing_0

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാണാതായവര്‍ ഇറാനിലേക്ക് കടന്നതായി സൂചന. കാസര്‍ഗോഡ് നിന്ന് കാണാതായവരില്‍ ഒരാള്‍ ഇന്നലെ മുംബൈയില്‍ നിന്ന് പിടിയിലായിരുന്നു. തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസ് ഖാനാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാണാതായ മറ്റുള്ളവര്‍ ഇറാനിലേക്ക് കടന്നു എന്ന സൂചന ലഭിച്ചത്. ഫിറോസിനെ ചോദ്യം ചെയ്യാനായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

അപ്രത്യക്ഷരായ 21 പേരില്‍ കാസര്‍കോട് ജില്ലക്കാരായ 11 പേര്‍ക്കാണ് ഐഎസ് ബന്ധം. ഇവരില്‍ അഞ്ചുപേര്‍ക്ക് ഐഎസുമായി നേരിട്ടു ബന്ധമുണ്ടെന്നാണു കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പ്രാഥമിക നിഗമനം. ബന്ധുക്കള്‍ക്ക് ഇവര്‍ അവസാനമായി അയച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങളിലാണ് ഇതു തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്. ഇവര്‍ക്കൊപ്പം കാണാതായ ആറുപേര്‍ക്കുകൂടി സംഘവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകളും ഈ സന്ദേശങ്ങളിലുണ്ട്. അതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളൊന്നും ലഭിച്ചിട്ടില്ല.

കഴിഞ്ഞ മാസം 22നു കോഴിക്കോട്ടേക്കെന്നു പറഞ്ഞാണ് ഫിറോസ് വീട്ടില്‍നിന്നു പുറപ്പെട്ടത്.കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ ഫോണിലേക്കു വിളിച്ച് തൃക്കരിപ്പൂരില്‍നിന്നു ചിലര്‍ സിറിയയില്‍ എത്തിയിട്ടുണ്ടെന്നും ഐഎസ് ക്യാംപിലാണ് ഇവരെന്നും പറഞ്ഞിരുന്നു. ഈ വിവരം രഹസ്യമായി സൂക്ഷിക്കണം എന്നും ഇയാള്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. മലയാളികളെ കാണാതായി എന്ന വാര്‍ത്ത വരുന്നതിന് മുമ്പാണ് ഇയാള്‍ ഫോണ്‍ ചെയ്തത്. എല്ലാവരും സുരക്ഷിതരാണെന്നും താന്‍ മുംബൈയില്‍ ഉണ്ടെന്നും ഇക്കാര്യം ആരെയും അറിയിക്കരുതെന്നും ഫിറോസ് പറഞ്ഞതായാണു പൊലീസ് നല്‍കുന്ന വിവരം. ഫിറോസ് വിളിച്ച ഫോണ്‍ നമ്പരിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണു പിടികൂടിയത്.

കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇയാളുടെ വീട്ടുകാരില്‍ നിന്ന് മൊഴി എടുത്തിരുന്നു. ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മുംബൈയില്‍ നിന്ന് പിടികൂടിയത്. ഫിറോസ് ഖാനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കും.

കാസര്‍ഗോഡ്-പാലക്കാട് ജില്ലകളില്‍ നിന്നായി 19 മലയാളികളെയാണ് കാണാതായത്. കാണാതായവര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായും സൂചനയുണ്ട്. മലയാളികളെ കാണാതായ കേസ് എന്‍ഐഎ ഏറ്റെടുത്ത് അന്വേഷിക്കും. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സി സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top