കൊല്ലപ്പെട്ട അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ ഗോഹത്യക്ക് കേസെടുക്കാന്‍ ഉത്തരവ്

imagesന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കൈവശം വച്ചുവെന്നാരോപിച്ച് അടിച്ചുകൊന്ന മുഹമ്മദ് അഖലാഖിന്‍െറ കുടുംബത്തിനെതിരെ ഗോഹത്യക്ക് കേസെടുക്കാന്‍ ചെയ്യാന്‍ സുരജ്പൂര്‍ കോടതി ഉത്തരവിട്ടു. അഖ്ലാഖിനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

അഖ്ലാഖ്, ഭാര്യ ഇക്റമന്‍, ഉമ്മ അസ്ഗരി, സഹോദരന്‍ ജാന്‍ മുഹമ്മദ്, മകള്‍ ശായിസ്ത, മകന്‍ ദാനിഷ് എന്നിവരെ പ്രതി ചേര്‍ത്ത് നല്‍കിയ പരാതിയിലാണ് നടപടി. പുതിയ ലാബ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു പ്രതികളുടെ പരാതി.

അഖ്ലാഖിന്‍െറ വീട്ടില്‍ നിന്ന് കണ്ടെടുത്തത് പശുവിന്‍െറയോ പശുക്കിടാവിന്‍െറയോ മാംസമാണെന്ന് മഥുരയിലെ ഉത്തര്‍പ്രദേശ് യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി സയന്‍സ് ആന്‍റ് ആനിമല്‍ ഹസ്ബന്‍ഡറി ലാബില്‍നടന്ന പരിശോധനയില്‍ തെളിഞ്ഞിരുന്നു. അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംഘ് പരിവാര്‍ സംഘടനകള്‍ ദാദ്രിയില്‍ മഹാപഞ്ചായത്ത് വിളക്കുകയും ചെയ്തു. അഖ്ലാഖിന്‍െറ കുടംബത്തിനെതിരെ ഗോഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പിയും മറ്റ് സംഘ് പരിവാര്‍ സംഘടനകളും ആവശ്യപ്പെട്ടുവരുന്നതിനിടയിലാണ് കോടതി ഉത്തരവ്.

അതേസമയം, പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് അഖ്ലാഖിന്‍െറ കുടുംബം തള്ളിക്കളഞ്ഞിരുന്നു. ആക്രമണം നടന്ന ദിവസം വീട്ടില്‍ ബീഫ് സൂക്ഷിക്കുകയോ ഭക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും കുടംബം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ ആഹ്വാനപ്രകാരം മുഹമ്മദ് അഖ്ലാഖിനെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഇടിച്ചും അടിച്ചും കൊലപ്പെടുത്തിയത്്.

Print Friendly, PDF & Email

Leave a Comment