കോട്ടയം: കേരള കോണ്‍ഗ്രസിനെ വഞ്ചിച്ച യു.ഡി.എഫില്‍ തുടരുന്നത് ആത്മഹത്യാപരമാണെന്നും ഉടന്‍ മുന്നണി വിടണമെന്നും കേരള കോണ്‍ഗ്രസ് സിറ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും ആവശ്യപ്പെട്ടു. പതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും മുന്‍മന്ത്രി അടൂര്‍ പ്രകാശിനുമെതിരെ അതിരൂക്ഷമായി വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. എന്നാല്‍, മുന്നണി മാറണമെന്ന ആവശ്യം പാര്‍ട്ടി ചെയര്മാന് കെ.എം. മാണിയും വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫും തള്ളിക്കളഞ്ഞു. ഇപ്പോള്‍ മുന്നണി വിട്ടാല്‍ പാര്‍ട്ടി നടുക്കടലിലാകുമെന്നും ഇടതുമുന്നണി സ്വീകരിക്കാന്‍ വഴിയില്ളെന്നും മാണി ബോധ്യപ്പെടുത്തി. മാത്രമല്ല, എന്‍.ഡി.എയിലേക്ക് പോകുന്നതിനെയും മാണിയും ജോസഫും അനുകൂലിച്ചില്ല.
കെ.എം. മാണിയെ കാലുവാരുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മുന്നണി വിടുന്നില്ളെങ്കില് പ്രത്യേക ബ്ളോക്കായി ഇരിക്കണമെന്നും തോമസ് ചാഴികാടന് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച സീറ്റുകളില്‍ കോണ്‍ഗ്രസിന്‍െറ മുഴുവന്‍ വോട്ടും ലഭിച്ചില്ല. യു.ഡി.എഫിന് ദയനീയ പരാജയം ഉണ്ടായപ്പോഴും പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനായി.
അതിന്‍െറയൊരു പരിഗണന കോണ്‍ഗ്രസ് നേതൃത്വം കാട്ടുന്നില്ല. ബാര്‍ കോഴക്കേസ് ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജുരമേശിന്‍െറ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയായിരുന്നു.
മുന്നണി വിടാന്‍ അനുയോജ്യമായ സാഹചര്യം ഒത്തുവന്നപ്പോള്‍ അത് ചെയ്യാതിരുന്നതിന്‍െറ വിലയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയുടെ കീഴില്‍നിന്ന് പ്രവര്‍ത്തിക്കണമോയെന്ന് എം.എല്‍.എമാര്‍ മന$സാക്ഷിയോട് ചോദിക്കണം. ഉമ്മന്‍ ചാണ്ടി നല്ല പിള്ള ചമയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‍െറ നിലപാടുകളെയും സൂക്ഷമായി നിരീക്ഷിക്കണം.
എന്നാല്‍, ഇപ്പോള്‍ മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് മാണി പറഞ്ഞു. പാര്‍ട്ടി നേതൃത്വം എന്തുതീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്ന് എം.എല്‍.എമാരും പറഞ്ഞു.
ബാര്‍ കോഴക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത് മുന്നണിക്ക് വിഷമമുണ്ടാക്കുമെന്നതിനാല്‍ അത് പുറത്തുവിടേണ്ടെന്ന് യോഗത്തിനുമുമ്പ് ധാരണയായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply