Flash News

ജനാധിപത്യത്തില്‍ ജനാഭിപ്രായത്തിന് മുന്‍‌തൂക്കം കൊടുക്കണം (എഡിറ്റോറിയല്‍)

July 20, 2016

mkഎല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി രണ്ടുമാസം പിന്നിടുമ്പോള്‍ സര്‍ക്കാരിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വ്യക്തിയാണ് എംകെ ദാമോദരന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കേ സര്‍ക്കാരിന് എതിരായ കേസുകളില്‍ എംകെ ദാമോദരന്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഹാജരായത് സര്‍ക്കാരിനെ വിഷമിപ്പിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരെ കുറച്ചാന്നുമല്ല വിഷമിപ്പിച്ചത്. എംകെ ദാമോദരന്റെ നിയമനത്തിന് എതിരെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും അതൃപ്തിയുടെ അപസ്വരം കേള്‍ക്കാന്‍ തുടങ്ങിയത് പിണറായി വിജയനെ ശരിക്കും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. തുടക്കത്തില്‍ വെറും നിയമോപദേഷ്ടാവാണെന്നും ഫ്രീ സര്‍‌വ്വീസാണെന്നുമൊക്കെ പറഞ്ഞിരുന്നെങ്കിലും, ദാമോദരന് ഔദ്യോഗിക പദവി കൊടുത്തതുമുതലാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍ വന്നു തുടങ്ങിയത്. എല്‍.ഡി.എഫിന്‍െറ പ്രതിച്ഛായക്ക് കളങ്കം സൃഷ്ടിക്കുകയാണ് എം.കെ. ദാമോദരന്‍ എന്ന് സി.പി.ഐ. ആരോപിച്ചതോടെ മുഖ്യമന്ത്രിക്ക് പിടിച്ചു നില്‍ക്കാനായില്ല. മുഖ്യ നിയമോപദേഷ്ടാവായി നിയമിച്ചശേഷം ദാമോദരന്‍ അന്യസംസ്ഥാന ലോട്ടറി തട്ടിപ്പില്‍ ആരോപണവിധേയനായ സാന്‍റിയാഗോ മാര്‍ട്ടിനും ക്വാറി ഉടമകള്‍ക്കും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനും വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായതുതന്നെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു.

നേരത്തേ ഐസ്‌ക്രീം കേസ് അട്ടിമറി ആരോപിച്ച് ദാമോദരനെതിരെ ഉള്‍പ്പെടെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാനം എതിര്‍നിലപാട് സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ ഉണ്ടായ ഈ സംഭവങ്ങള്‍ മൂലം സമൂഹത്തില്‍ മോശം പ്രതിച്ഛായ ഉണ്ടായെന്ന് സി.പി.ഐ സി.പി.എമ്മിനെ അറിയിച്ചിരുന്നു. മുഖ്യ നിയമോപദേശകന്‍ എന്ന പദവിയില്‍ സര്‍ക്കാറിന്‍െറ ഭാഗമായ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിന്‍െറയും മുന്നണിയുടെയും താല്‍പര്യത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ലെന്ന് സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്‍ നയം വ്യക്തമാക്കിയ ഒരു വിഷയത്തില്‍ സി.പി.ഐ പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കരുതുന്നു. സര്‍ക്കാറിന്‍െറ ശമ്പളം പറ്റാതെയാണ് ദാമോദരന്‍ ജോലി ചെയ്യുന്നതെന്നും ഏത് കേസും ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, പിണറായി വിജയന്‍െറ ഈ നിലപാടിനോട് എതിര്‍പ്പുള്ളവര്‍ സി.പി.എമ്മില്‍ തന്നെയുണ്ടായിരുന്നു. പിണറായിയുടെ അപ്രീതി ഭയന്ന് ആരും മിണ്ടിയില്ലെന്നേ ഉള്ളൂ.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ച ദാമോദരനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ സാമ്പത്തിക ആരോപണം വരെ ഉന്നയിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്‍െറ പദവിയിലിരിക്കെ സര്‍ക്കാറിനെതിരായ കേസുകള്‍ ദാമോദരന്‍െറ നിയമ കമ്പനി ഏറ്റെടുക്കുകയും ദാമോദരന്‍ തന്നെ ചില കേസുകളില്‍ ഹാജരാകുകയും ചെയ്യുന്നുണ്ട്.

ലോട്ടറി മാഫിയ രാജാവായി അറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്‍െറ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ നടപടിയില്‍ മാര്‍ട്ടിന് വേണ്ടി ഒന്നിലധികം തവണ ദാമോദരന്‍ കോടതിയില്‍ ഹാജരായി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കശുവണ്ടി അഴിമതിക്കേസിലെ പ്രതി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍െറ വക്കാലത്തും ദാമോദരന്‍െറ നിയമ കമ്പനിക്കാണ്. പാറമട ഉടമകളുടെ കേസും ദാമോദരനെയാണ് ഏല്‍പിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരായത് ദാമോദരനാണ്.

എന്നാല്‍, ഇത്രയധികം കോലാഹലങ്ങളുണ്ടായിട്ടും തന്റെ തീരുമാനത്തില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ല എന്ന് ശഠിച്ച മുഖ്യമന്ത്രിക്ക് അടി തെറ്റിയത് സോഷ്യല്‍ മീഡിയ രംഗത്തുവന്നതോടെയാണ്.
കൂടാതെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കോടതിയില്‍ കേസും ഫയല്‍ ചെയ്തു. അധികാരത്തിലെത്തി രണ്ടു മാസം തികയുന്നതിനു മുന്‍പു തന്നെ വളരെ പ്രാധാന്യത്തോടെ എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോക്കം പോകേണ്ടി വന്നത് ഇടതു സര്‍ക്കാരിന് ഒരേ സമയം ആശ്വാസവും ആഘാതവുമാണ്. ക്യാബിനറ്റ് തീരുമാനങ്ങള്‍ വിവരാവകാശത്തില്‍ ഉള്‍പ്പെടുത്തുകയില്ല എന്നു പറഞ്ഞ സര്‍ക്കാര്‍ പിന്നീട് എല്ലാ തീരുമാനങ്ങളും 48 മണിക്കൂറിനകം ഉത്തരവാകുമെന്നും ഉത്തരവായാലുടനെ അതു പബ്ലിക് ഡൊമൈനിലെത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതും ഇടതു സര്‍ക്കാരിനേറ്റ ആഘാതം തന്നെ. ജനാധിപത്യത്തില്‍ ജനാഭിപ്രായത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് തെളിയിക്കുന്നതാണ് ഈ തിരുത്തല്‍ നടപടികള്‍.

ചീഫ് എഡിറ്റര്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top