Flash News

അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ?; ദാമോദരനോട് അച്യുതാനന്ദന്‍

July 20, 2016

achutanandanകൊച്ചി: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും തന്നെ നീക്കാന്‍ ഗൂഢാലോചന നടത്തിയത് വിഎസ് അച്യുതാനന്ദനാണെന്ന് പരോക്ഷമായി പറഞ്ഞ അഡ്വ. എംകെ ദാമോദരനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയിലാണ് ദാമോദരന്റെ പ്രസ്താവനയെന്നാണ് വിഎസ് പ്രതികരിച്ചത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേസ് കൊടുത്തതുകൊണ്ടാണ് ദാമോദരന് സ്ഥാനം ഒഴിയേണ്ടി വന്നതെന്നും വിഎസ് പറഞ്ഞു. ഇതോടെ എംകെ ദാമോദരനും വിഎസും തമ്മിലുള്ള പരസ്യപ്പോരിന് വഴിതുറന്നിരിക്കുകയാണ്.

തനിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നതായി നേരത്തെ അഡ്വ.എം.കെ ദാമോദരന്‍ തുറന്നടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി തന്നെ നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ഇക്കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. തനിക്കെതിരെ പ്രചാരണം ആരംഭിച്ചത് ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതിന് ശേഷം ഹിന്ദു ദിനപത്രത്തോടാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. വി.എസ് അച്യുതാനന്ദനാണ് തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പരോക്ഷമായി പറയുകയായിരുന്നു എംകെ ദാമോദരന്‍.

സുപ്രീംകോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും കൂട്ടമായി തനിക്കെതിരെയുളള പ്രചാരണങ്ങള്‍ ആരംഭിക്കുകയായിരുന്നുവെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നതിനാല്‍ പേര് വ്യക്തമാക്കുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ കേസുകളില്‍ നിരന്തരമായി ഹാജരായി വിവാദങ്ങളിലകപ്പെട്ട എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കുമ്മനം രാജശേഖരന്റെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ദാമോദരന്‍ സ്ഥാനം ഒഴിയുകയാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നത്. ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ലെന്നും അതിനാല്‍ വിവാദങ്ങളില്‍ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറല്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിക്കായി പ്രത്യേകം നിയമോപദേശകനെ നിയമിച്ചതിനെതിരെയാണ് കുമ്മനം ഹര്‍ജി സമര്‍പ്പിച്ചത്.

തൊട്ട് പിന്നാലെ കോടതിയില്‍ ഇതേ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ രംഗത്തെത്തി. എം.കെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. 2016 ജൂണ്‍ ഒമ്പതിനാണ് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം.കെ ദാമോദരനെ നിയമിച്ച് ഉത്തരവിറക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top