കൊച്ചി: കാര്‍ തട്ടിയെടുക്കാന്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പെരുമ്പാവൂര്‍ എഴിപ്രം മുള്ളന്‍കുന്ന് തച്ചരുകുടി ഹൈദരലിയെ (46) കൊലപ്പെടുത്തിയ കേസില്‍ ശെല്വിന് (29), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സെബാസ്റ്റ്യന്‍ (49), ഈറോഡ് സ്വദേശി ശരവണന് (29), തേനി കമ്പംപാളയത്തില് പാണ്ടി (41) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ശിക്ഷ ഈ മാസം 26ന് പ്രഖ്യാപിക്കും. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈല്‍ കോടതിയില്‍ പിന്നീട് നടക്കും.
2012 ആഗസ്റ്റ് 15ന് ഉച്ചക്ക് രണ്ടിനാണ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിലെത്തിയ ഒന്നാം പ്രതി കാര്‍ ഓട്ടം വിളിച്ചത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്കു മുന്നിലെത്തിയപ്പോള്‍ മറ്റ് മൂന്നുപേര്‍കൂടി വണ്ടിയില്‍ കയറി. യാത്രക്കിടെ വണ്ടിയുടെ ഡിക്കിയില്‍ എന്തെങ്കിലുമുണ്ടോയെന്ന് നോക്കണമെന്ന് പ്രതികള്‍ ഹൈദരാലിയോട് പറഞ്ഞു. വണ്ടി നിര്‍ത്തി ഡിക്കി തുറക്കുന്നതിനിടെ പ്രതികളിലൊരാള്‍ ചുറ്റികകൊണ്ട് ഹൈദരാലിയുടെ പിന്നില്‍നിന്ന് തലക്ക് അടിക്കുകയായിരുന്നു. മറ്റ് പ്രതികള്‍ കമ്പികൊണ്ട് അടിക്കുകയും കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കി. കാറിന്‍െറ സീറ്റിലിട്ടിരുന്ന ടര്‍ക്കി മൃതദേഹത്തെ പുതപ്പിക്കുകയും വഴിയരികയില്വെച്ച് കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തു. പിന്നീട് മണി കാറുമായി പൂപ്പാറയിലേക്കും മറ്റ് മൂന്നുപേര്‍ പെരുമ്പാവൂരിലേക്കും പോയി. 16ന് രാവിലെയാണ് തായ്ക്കരച്ചിറങ്ങര-പഞ്ചായത്ത് ഓഫിസ് റോഡില്‍ ഹൈദരാലിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.
കേരളത്തിലെ ടാക്സി രജിസ്ട്രേഷന് നമ്പര്‍ ചുരണ്ടിമാറ്റി ടി.എന്‍ 57 എച്ച് 6112 എന്ന നമ്പറും പതിപ്പിച്ചാണ് കോയമ്പത്തൂര്‍ക്ക് കൊണ്ടുപോയത്. കാര്‍ പൊളിച്ചുവില്‍ക്കാനായിരുന്നു പദ്ധതി.
എന്നാല്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാമിന്റെ നേതൃത്വത്തിലുള്ള അതിവേഗതയാര്‍ന്ന നേരന്വേഷണത്തില്‍ കൊലയാളികള്‍ക്ക് രക്ഷപ്പെടാനോ വാഹനം മറിച്ചുവില്‍ക്കാനോ പഴുതു കിട്ടിയില്ല. ആദ്യ സൂചനകള്‍ പ്രകാരം തമിഴ് ചുവയുള്ള മലയാളത്തില്‍ സംസാരിയ്ക്കുന്ന സൂര്യ എന്നയാള്‍ക്ക് വേണ്ടിയാണ് പോലീസ് വല വിരിച്ചത്. സൂര്യ എന്നൊരാളില്ലെന്നും പ്രതി മണിയാണെന്നും വ്യക്തമായത് പിന്നീടായിരുന്നു.
വായ്ക്കരയില്‍ വാടകക്കു താമസിച്ചിരുന്ന ആളാണ് കാര്‍ വിളിക്കാന്‍ വന്നതെന്ന ടാക്സി ഡ്രൈവര്‍മാരുടെ മൊഴിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മണി കുടുങ്ങിയത്. കാടുവെട്ട് ജോലികളുമായി വായ്ക്കരയില്‍ വാടകയ്ക്ക് താമസിയ്ക്കാനെത്തിയ മണി മോഷണം തൊഴിലാക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ച കേസില്‍ ഇയാള്‍ മുമ്പു പിടിയിലായിട്ടുണ്ട്. മൂവാറ്റുപുഴ സബ് ജയിലില്‍ കഴിയുമ്പോഴാണ് സെബാസ്റ്റ്യനേയും ചിന്നരാജിനേയും പരിചയപ്പെട്ടത്. പുറത്തുവന്ന സെബാസ്റ്റ്യന്‍ ആക്രി കച്ചവടവും ചിന്നരാജ് ഹോട്ടല്‍ ജോലിയുമായി കഴിയുകയായിരുന്നു. ഇതിനിടയിലാണ് കാര്‍ തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.
സി.ഐ ക്രിസ്പിന് സാമിനു പുറമെ എസ്.ഐമാരായ എം.എ മുഹമ്മദ്, രാജു മാധവന്, വേണുഗോപാല്‍, പരീത് കെ.കെ, സീനിയര്‍ സി.പി.ഒ മാരായ നന്ദകുമാര്‍, സാബു.എം പീറ്റര്‍, രാജേഷ്, രഞ്ചന്‍, കാസിം, ജോയ് മത്തായി, എ.എസ്.ഐ മാരായ ജോസഫ്, ബേബി, സി.പി.ഒ മാരായ മുഹമ്മദ് ഇക്ബാല്‍, അനസ്, റെക്സ്, അനില്‍, വിനോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply