ആവേശം വാനോളമുയര്‍ന്നു; ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി

getPhotoചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആറാമത് ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് കിരീടം ക്‌നാനായ ചര്‍ച്ച് സ്വന്തമാക്കി. അവസാന നിമിഷം വരെ അത്യന്തം വാശിയേറിയ മത്സരം കാഴ്ച വെച്ച കളിയില്‍ ചിക്കാഗോ മാര്‍ത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് ക്‌നാനായ ടീം ഈ നേട്ടം കൈവരിച്ചത്. ജൂലൈ 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലെ ഫെല്‍ഡ്മാന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ വിവിധ എക്യൂമെനിക്കല്‍ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് ഒമ്പത് ടീമുകള്‍ മത്സരിച്ചു. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഉദ്ഘാടന ചടങ്ങില്‍, വോളിബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാന്‍ റവ. സോനു വര്‍ഗീസ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റവ. ജോണ്‍ മത്തായി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ വിജയികളായ ചിക്കാഗോ മാര്‍ത്തോമാ ടീം, ക്‌നാനായ ടീം, സി.എസ്.ഐ ടീം, ബഥേല്‍ മാര്‍ത്തോമാ ടീം എന്നിവര്‍ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടി. ചിക്കാഗോ മാര്‍ത്തോമാ ടീം ബഥേല്‍ മാര്‍ത്തോമാ ടീമിനേയും, ക്‌നാനായ ടീം, സി.എസ്.ഐ ടീമിനേയും ടീമിനേയും തോല്‍പിച്ച് ഫൈനല്‍ മത്സരങ്ങള്‍ക്ക് അര്‍ഹരായി.

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഈവര്‍ഷം ആദ്യമായി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ ക്‌നാനായ ജൂണിയര്‍ ടീം ചിക്കാഗോ മാര്‍ത്തോമാ ജൂണിയര്‍ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി.

ചിക്കാഗോയിലെ മുഴുവന്‍ കായിക പ്രേമികളേയും കൊണ്ട് തിങ്ങിനിറഞ്ഞ ഗ്യാലറികളും, ആര്‍പ്പുവിളികളും, ചെണ്ടമേളവും മത്സരത്തിന്റെ ആവേശം വാനോളമുയര്‍ത്തുകയും ഇരു ടീമുകളുടേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകരും, അംഗങ്ങളും മത്സരത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ചിട്ടയായ നേതൃത്വം കൊടുക്കാന്‍ മുമ്പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ചിക്കാഗോയിലെ കായിക മാമാങ്കത്തിനു ഉത്സവാന്തരീക്ഷം പകര്‍ന്ന് നടത്തപ്പെട്ട ആറാമത് വോളിബോള്‍ ടൂടര്‍ണമെന്റിന് കാണികളുടെ നിലയ്ക്കാത്ത ആവേശം ഗ്യാലറികളില്‍ ഉത്സവാന്തരീക്ഷം പകര്‍ന്നു. പങ്കെടുത്ത ഓരോ ടീമും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ അത് കാണികള്‍ക്ക് മറക്കാനാവാത്ത സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു. ആവേശം അണപൊട്ടിയൊഴുകിയ ഫൈനല്‍ മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഫെല്‍ഡ്മാന്‍ സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ചു.

ടൂര്‍ണമെന്റിലെ മുഴുവന്‍ കളികളുടെ പ്രകടനത്തില്‍ നിന്നും മോസ്റ്റ് വാല്യവബിള്‍ പ്ലെയറായി ഷോണ്‍ കദളിമറ്റം, മികച്ച ഡിഫന്‍സീവ് പ്ലെയറായി ജോസ് മണക്കാട്ട്, മികച്ച ഒഫന്‍സീവ് പ്ലെയറായി ലെറിന്‍, ബെസ്റ്റ് സെറ്റെര്‍ ആയി പ്രിന്‍സ് മല്ലപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു.

ജൂണിയര്‍ വിഭാഗത്തില്‍ മോസ്റ്റ് വാല്യുവബിള്‍ പ്ലെയറായി മാക്‌സ് തച്ചയില്‍, മികച്ച ഡിഫന്‍സീവ് പ്ലെയറായി ഉദയ് ഏബ്രഹാം, ബെസ്റ്റ് സെറ്റര്‍ ആയി ഷെയിന്‍ അമ്മായിക്കുന്നേല്‍, മികച്ച ഒഫന്‍സീവ് പ്ലെയറായി ഗില്‍ബിന്‍ പൂത്രയില്‍ എന്നിവരെ തെരഞ്ഞെടുത്തു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഈ ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.

വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് റവ. സോനു വര്‍ഗീസ് (ചെയര്‍മാന്‍), പ്രവീണ്‍ തോമസ് (കണ്‍വീനര്‍), മാത്യു കരോട്ട്, പ്രേംജിത്ത് വില്യംസ്, ജോര്‍ജ് പി. മാത്യു, ജെയിംസ് പുത്തന്‍പുരയില്‍, ജേക്കബ് ചാക്കോ, ജോര്‍ജ് പി. മാത്യു എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റിയാണ്.

ആറാമത് എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേഴ്‌സ് ആയി ജോയ് നെടിയകാല (ഗ്യാസ് ഡിപ്പോ), മഹാരാജ ഫുഡ്‌സ്, അനാന്റ എനര്‍ജി സോര്‍സ്, ഡോ. ഏബ്രഹാം മാത്യു & ഫാമിലി, ബെഞ്ചമിന്‍ തോമസ് & ഫാമിലി, ജേക്കബ് ചാക്കോ & ഫാമിലി, എലൈറ്റ് കേറ്ററിംഗ് എന്നിവര്‍ അകമഴിഞ്ഞ സഹായങ്ങള്‍ നല്‍കി.

വിജയികള്‍ക്കുള്ള സമ്മാനദാനം കേരള സെറിഫെഡ് ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസും, എക്യൂമെനിക്കല്‍ ദേവാലയങ്ങളിലെ വൈദീകരും ചേര്‍ന്ന് നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ക്ക് മുമ്പന്തിയില്‍ നിന്ന് നേതൃത്വം നല്‍കി. കൗണ്‍സില്‍ സെക്രട്ടറി ബെഞ്ചമിന്‍ തോമസ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

പതിനാറ് വിവിധ സഭാ വിഭാഗങ്ങളിലെ ദേവാലയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, ഫാ.ഡാനിയേല്‍, റവ.ഫാ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തില്‍പറമ്പില്‍ (വൈ. പ്രസിഡന്റ്), ബഞ്ചമിന്‍ തോമസ് (സെക്രട്ടറി) ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യൂ മാപ്ലേട്ട് (ട്രഷറര്‍) എന്നിവരും നേതൃത്വം നല്‍കുന്നു.

getNewsImages (1) getNewsImages (2) getNewsImages (3) getNewsImages (4) getNewsImages (5) getNewsImages (6) getNewsImages (7) getNewsImages (8) getNewsImages

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment