Flash News

ബീഫ് കടത്തിയെന്നാരോപിച്ച് മധ്യപ്രദേശില്‍ മുസ്ലിം യുവതികള്‍ക്ക് ക്രൂരമര്‍ദനം; വിഷയം സഭയെ പ്രക്ഷുബ്ധമാക്കി

July 27, 2016

Attackമധ്യപ്രദേശ്: ബീഫ് കടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ മംദ്സൗറില്‍ രണ്ട് മുസ്ലിം യുവതികള്‍ക്ക് മര്‍ദനം. ബീഫ് കടത്തിയ രണ്ട് സ്ത്രീകളെ പിടികൂടിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും ഇരുവരെയും ജനക്കൂട്ടം മര്‍ദിച്ച് അവശരാക്കിയിരുന്നു. പൊലീസിന്‍െറ മുന്നില്‍വെച്ചും ആക്രമണം തുടര്‍ന്നു. അരമണിക്കൂറോളം മര്‍ദിച്ചശേഷം ഒരാള്‍ നിലത്ത് വീണതിനെ തുടര്‍ന്നാണ് മര്‍ദനം അവസാനിപ്പിച്ചത്.

30 കിലോ മാംസം ഇവരില്‍നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്ത് സംഭവ സ്ഥലത്തുനിന്ന് നീക്കിയ പൊലീസ് മാംസം പരിശോധിച്ചെങ്കിലും പോത്തിറച്ചിയാണെന്ന് വ്യക്തമായി. മാംസവില്‍പനക്ക് അനുമതി ലഭിക്കാത്ത യുവതികള്‍ അനധികൃത വില്‍പനക്ക് ശ്രമിച്ചതിനെതിരെ കേസെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം, യുവതികളെ മര്‍ദിച്ച സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സംഭവത്തില്‍ ബി.എസ്.പി നേതാവ് മായാവതി രാജ്യസഭയില്‍ പൊട്ടിത്തെറിച്ചു. സ്വസമുദായത്തിലെ സ്ത്രീകള്‍ സ്വന്തം ഭരണത്തില്‍ ആക്രമിക്കപ്പെടുന്നതിന് ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി ഉത്തരം പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മുസ്ലിംകള്‍ക്കും ദലിതുകള്‍ക്കും പിറകെ സ്ത്രീകള്‍ക്കു നേരെയും ആക്രമണം നടന്നിരിക്കുകയാണെന്ന് മായാവതി പറഞ്ഞു. തമാശ കാണുന്നതുപോലെ രണ്ട് മുസ്ലിം സ്ത്രീകളെ ജനം ആക്രമിക്കുന്നത് പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു.

ഒരു ഭാഗത്ത് പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയും മറുഭാഗത്ത് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ആക്രമിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നത്. തുടര്‍ന്ന് ബി.എസ്.പി അംഗങ്ങള്‍ ഗോരക്ഷ സംഘങ്ങള്‍ നിര്‍ത്തലാക്കണം, അക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി.

പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് മായാവതിയെ പിന്തുണച്ചു. ഗോരക്ഷ നിര്‍ത്തണമെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും ഗോസംരക്ഷണം വേണമെന്നാണ് തങ്ങളുടെയും നിലപാടെന്നും എന്നാല്‍ ഗോരക്ഷയുടെ പേരില്‍ ദലിത്, മുസ്ലിം വിഭാഗങ്ങളെ ലക്ഷ്യമിടുന്നതിനെതിരാണെന്നും ഗുലാം നബി പറഞ്ഞു.

മറുപടി പറഞ്ഞ ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും വിശ്വാസത്തിനും ബി.ജെ.പി സര്‍ക്കാര്‍ പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങള്‍ അപലപനീയവും നീതീകരിക്കാനാകാത്തതുമാണ്. മധ്യപ്രദേശ് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

മറുപടിയില്‍ തൃപ്തരാകാതിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ അറസ്റ്റ് ചെയ്തത് അക്രമികളെയല്ലെന്നും ആക്രമിക്കപ്പെട്ട മുസ്ലിം സ്ത്രീകളെയാണെന്നും പറഞ്ഞ് വീണ്ടും ബഹളം വെച്ചു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ഗോരക്ഷയുടെ പേരില്‍ മുസ്ലിംകള്‍ നിരന്തരം ആക്രമണത്തിനിരയായതായി മായാവതി ചൂണ്ടിക്കാട്ടി. പിന്നീടവര്‍ ദലിതുകളെയും ആക്രമിച്ചു തുടങ്ങി. ഇപ്പോള്‍ മുസ്ലിം സ്ത്രീകളെയും ആക്രമിക്കുമെന്ന സാഹചര്യമാണെന്നും മായാവതി കുറ്റപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top