Flash News

ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി പെണ്‍‌കുട്ടി ഡോണിയ സെബാസ്റ്റ്യന്‍ (18) ബന്ധുവീട്ടില്‍ ആത്മഹത്യ ചെയ്തു

July 28, 2016

doniaകോഴിക്കോട്: ബ്രിട്ടീഷ് പൗരത്വമുള്ള മലയാളി പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ലങ്കാഷെയറിലെ ബ്ലാക്ക്ബോണില്‍ താമസിക്കുന്ന ബിനു സെബാസ്റ്റ്യന്റെ മകള്‍ ഡോണിയ സെബാസ്റ്റ്യന്‍ (18) ആണ് കോഴിക്കോട്ടെ ബന്ധുവീട്ടില്‍ ആത്മഹത്യചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിനു സമീപമുള്ള പിതൃസഹോദരന്‍ കോതമ്പനാനി ഹൗസില്‍ പൂന്തുരുത്തിപറമ്പില്‍ ജോസ് സെബാസ്റ്റ്യന്റെ വീട്ടിലെ ഫാനിലാണ് ഡോണിയ തൂങ്ങിമരിച്ചത്. ജോസിന്റെ മകള്‍ അമിതയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നുമാസം മുമ്പാണ് കുടുംബസമേതം ഡോണിയ നാട്ടിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് കരിപ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. മുകള്‍നിലയിലെ മുറിയില്‍ താമസിച്ചിരുന്ന ഡോണിയ മടക്കയാത്രയ്ക്കുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്ത് താഴെ എത്തിച്ചിരുന്നു. വിമാനത്താവളത്തിലേക്ക് പോകാനായി ടാക്‌സിയെത്തുകയും ചെയ്തു.

എന്നാല്‍ സമയമായിട്ടും ഡോണിയയെ കാണാത്തതിനാല്‍ വീട്ടുകാര്‍ ആവര്‍ത്തിച്ചു വിളിച്ചപ്പോള്‍ വരുന്നുവെന്നു മറുപടി പറഞ്ഞ ഡോണിയയുടെ മുറിയില്‍ നിന്നു പിന്നീട് ശബ്ദം കേള്‍ക്കാതായതോടെ വീട്ടുകാര്‍ മുകളിലെ മുറിയില്‍ ചെന്നു നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ ഡോണിയയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. താന്‍ മരിച്ചാല്‍ മൊബൈല്‍ഫോണ്‍ തുറന്നുനോക്കണമെന്നും അതില്‍ എല്ലാം എഴുതിയിട്ടുണ്ടെന്നുമുള്ള കുറിപ്പും കണ്ടെത്തി.

രാവിലെ എണീറ്റ ശേഷമാണ് മനസുമാറിയതെന്നും ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നുമാണ് ഇതു വ്യക്തമാക്കുന്നത്. ഡോണിക്കു മടങ്ങി പോകാന്‍ കഴിയാത്ത വിധം എന്താണ് പ്രശ്നമെന്ന് ഇപ്പോഴും വ്യക്തമല്ല. മാതാപിതാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മയാണ് മരണകാരണം എന്നാണ് ഇതുസംബന്ധിച്ച്‌ പുറത്തുവന്ന പത്രറിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പൊലീസും ആവര്‍ത്തിക്കുന്നുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ യുകെയില്‍ എത്തിയ ഡോണി യു.കെ പൗരത്വമുളള മാതാപിതാക്കള്‍ക്കൊപ്പം ഇംഗ്ലണ്ടിലായിരുന്നു താമസം. ബ്ലാക്ക്ബോണില്‍ തന്നെയാണ് പഠിച്ചുവളര്‍ന്നത്. ഡോണിയും മാതാപിതാക്കളും മറ്റു സഹോദരങ്ങളും ഒരുമിച്ചാണ് ഏപ്രിലില്‍ നാട്ടില്‍ എത്തിയത്. എന്നാല്‍ ബന്ധുവിന്റെ കല്യാണത്തിനുശേഷം ഡോണിയെ മാത്രം തിരിച്ചുകൊണ്ടുപോയില്ല. റിസ്നി സെബാസ്റ്റ്യനാണ് ഡോണിയുടെ അമ്മ. മകളുടെ മരണമറിഞ്ഞ് യുകെയില്‍ നിന്ന് മാതാപിതാക്കള്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

പിതൃസഹോദരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഏപ്രിലിലാണ് ഡോണി കുടുംബത്തോടൊപ്പം കോഴിക്കോട്ടെത്തിയത്. വിവാഹ ചടങ്ങിനു ശേഷം ഡോണിയുടെ അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും യുകെയിലേയ്ക്കു മടങ്ങിയെങ്കിലും ഡോണി ബന്ധുവീട്ടില്‍ തങ്ങുകയായിരുന്നു. എന്നാല്‍ ഇന്നലെ ബ്ലാക്ക്ബോണില്‍ വീട്ടുകാരോടൊപ്പം താമസിക്കുന്നതിനായി പോകാന്‍ തീരുമാനിച്ചു ടിക്കറ്റെടുത്തിരുന്നു. മടങ്ങി പോകുന്നതിനെ കുറിച്ച്‌ യാതൊരു അതൃപ്തിയും സൂചിപ്പിച്ചിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കുടുംബവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മരണ കാരണം എന്താണെന്ന് മൊബൈല്‍ ഫോണില്‍ എഴുതി വച്ചിട്ടുണ്ട് എന്നുള്ള ഒരു കുറിപ്പും പൊലീസ് കണ്ടെത്തി. ഡോണി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത ഫോണ്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധനയ്ക്കായി ഏറ്റുവാങ്ങി.

ദുരൂഹ മരണത്തന് കേസ് രജിസ്റ്റര്‍ ചെയത് അന്വേഷിക്കുകയാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും പൊലീസ് വ്യക്തമാക്കി. ദുരൂഹമായ സംഭവം അന്വേഷിച്ചുവരികയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും മെഡിക്കല്‍ കോളെജ് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടോടെ യുകെയില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ എത്തുമെന്നും അതിനു ശേഷമേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top