കാശ്മീരിലെ സംഘര്‍ഷത്തില്‍ അമേരിക്കയുടെ ആശങ്ക; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് സമരക്കാര്‍ റോഡിനുകുറുകെ കെട്ടിയ വയറില്‍ തട്ടിവീണ് മരിച്ചു

john-kirbyവാഷിംഗ്ടണ്‍: കാശ്മീരിലെ അക്രമ സംഭവങ്ങളില്‍ അമേരിക്കയുടെ ആശങ്കക്ക. എല്ലാ കക്ഷികളും ചേര്‍ന്ന് പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണണമെന്നും സംഘര്‍ഷാവസ്ഥ ഇല്ലാതാക്കണമെന്നും വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യന്‍ സൈന്യവും പ്രതിഷേധക്കാരും തമ്മിലെ ഏറ്റുമുട്ടല്‍ സംഭവങ്ങള്‍ സ്വാഭാവികമായും അറിയുന്നുണ്ട്. അതില്‍ തങ്ങള്‍ ആശങ്കാകുലരാണ്. ഈ വിഷയത്തില്‍ ഇന്ത്യ ഗവണ്‍മെന്‍റുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വിഘടനവാദികളുടെ സമരാഹ്വാനം മൂലം കശ്മീരില്‍ ജനജീവിതം സ്തംഭിച്ചു. ശ്രീനഗര്‍ നഗരത്തിലെ അഞ്ചുപൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യു തുടരുന്നത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുള്‍ അഹദ് ഗനായ് എന്നയാള്‍ സമരക്കാര്‍ റോഡിനുകുറുകെ കെട്ടിയ വയറില്‍ തട്ടിവീണ് മരിച്ചു. വയര്‍ കഴുത്തില്‍ കൊണ്ട് മുറിവേറ്റ് രക്തംവാര്‍ന്നാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകന് ഗുരുതര പരിക്കേറ്റു. വടക്കന്‍ കാശ്മീരിലെ സെയ്ദ്പൊര ഗ്രാമത്തില്‍ അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റും ഒരാള്‍ കൊല്ലപ്പെട്ടു. കടയുടമയായ ഫയാസ് അഹ്മദ് റാതറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ തോക്ക് ദേഹത്തോട് ചേര്‍ത്ത് വെടിവെക്കുകയായിരുന്നു.

സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗത സംവിധാനവും പുനരാരംഭിച്ചിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍ വളരെ കുറവാണ്. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന്‍െറ പിറ്റേന്നു മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ ശമനമില്ലാതെ തുടരുകയാണ്. 70 ഓളം സ്ഥലങ്ങളിലുണ്ടായ സംഘട്ടനങ്ങളില്‍ 48പേര്‍ മരിക്കുകയും 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment